ആരുമല്ലാത്ത ഒരാള്‍ !


ആരുമല്ലാത്ത ഒരാളുടെ തലയും ഫുള്‍ഫിഗറും ഇന്നും സ്വപ്നത്തിലുടനീളമുണ്ടായിരുന്നു.

ഞങ്ങള്‍ എന്റെ ഫേവറൈറ്റ് ഡ്രീം ലൊക്കേഷനായ ഫസ്റ്റ് എസി കോച്ചില്‍ ആയിരുന്നു. പതുങ്ങി പതുങ്ങി നീങ്ങുന്ന ട്രെയിന്‍. ഒരു സൈഡില്‍ കടല്, മറുവശത്തു മല. അവനു കടലാരുന്നു ഇഷ്ടം എനിക്ക് മലയും, ഞങ്ങള്‍ അതാത് ഇഷ്ടലൊക്കേഷന്‍സ് നോക്കി കുറെ നേരം മിണ്ടാതിരുന്നു.

"മലങ്കാറ്റ്‌, നിന്റെ നിശ്വാസം പോലെ."
ഞാനവന്റെ തോളില്‍ ചാഞ്ഞു.

"തിരനുരയുന്നു , നിന്റെ സ്നേഹം പോലെ "
അവനെന്റെ മുടിയില്‍ തലോടി,  ഇത്തിരി കാര്യവായിട്ടു റൊമാന്റിച്ചു വരുവാരുന്നു. പക്ഷെ സ്റ്റണ്ട്സീന്‍ അപ്പഴേക്കും ഇടിച്ചുകേറി. തലേലെ സ്ലൈഡ് താടീല് കൊണ്ടെന്നു പറഞ്ഞു അവനെന്നെ കിഴുക്കി.
എനിക്ക് ദേഷ്യം വന്നു. ഞാന്‍ ബ്രൂസിലീടെ പോലെ അഞ്ചാറിടി അവന്റെ വയറിനു കൊടുത്തു. അപ്പൊ എന്നെ പിശാചെന്നു വിളിച്ചു, ഞാന്‍ മരപ്പട്ടീന്നും.
പിന്നെ മനസ്സ് കനപ്പിച്ച് ഞങ്ങള്‍ വീണ്ടും അതാത് ലൊക്കേഷന്‍സ് നോക്കി മിണ്ടാതിരുന്നു.

"പോയി മിണ്ടൂ"
എന്റെ കാറ്റെന്നെ നിര്‍ബന്ധിച്ചു. ഞാന്‍ സോറി പറഞ്ഞു. തിരകള്‍ അവനെ കൂടുതല്‍ ആര്‍ദ്രനാക്കിയിരുന്നു. കഴുതെന്നു വിളിച്ചിട്ട് അവനെന്റെ രണ്ടു കവിളും പിടിച്ച് വലിച്ചു. എന്റെ കാറ്റ് എനിക്ക് ഓഷധികളുടെ മണം കൊണ്ടെത്തിച്ചു.

"സ്വസ്ഥമായിട്ട് ഒന്ന് ഉറങ്ങൂ കുട്ടീ"
ഇന്‍സുലിനും ബ്രഹ്മിയും എന്നെ ഓര്‍മ്മിപ്പിച്ചു ഞാന്‍ ഉറങ്ങാന്‍ ഒരിടം നോക്കി. അവന്റെ നെഞ്ച്, തിരവന്നിക്കിളി കൂട്ടുന്ന മണല്‍ത്തട്ട്.

ഞാന്‍ കണ്ണ് പൂട്ടി "ഒരു പാട്ട് പാടൂ ഇക്കാ"
വലിയ കാര്യത്തിലേതോ മദാമ്മ തുള്ളിയ പാട്ടുപാടി. ചിരിച്ച് കിതച്ച് ഞാന്‍ ഉറങ്ങി. ആ മയക്കത്തിലും ഞാന്‍ സ്വപ്നം കണ്ടു.

റെഡ് റോസസ്, മുത്ത് മണികള്‍ , പട്ടുമെത്ത, ബലൂണ്‍, കളര്‍ പെന്‍സില്‍, പോപ്പിന്‍സ്‌ മുട്ടായി, ടെഡി ബിയര്‍, കുടഞ്ഞെറിഞ്ഞ വര്‍ണ്ണപ്പൊട്ടുകള്‍, അങ്ങനെ..
ഞാന്‍ ഉറക്കമുണര്‍ന്നപ്പോ അവന്‍ ചെറുതായി ഉറങ്ങിത്തുടങ്ങിയിരുന്നു. പാവം തോന്നി. ഒരുമ്മ കൊടുക്കണംന്നു മനസ്സില്‍  പറഞ്ഞതെയുള്ളൂ അപ്പഴേക്കും ചാടി  എണീറ്റു.
"എന്റെ സ്റ്റോപ്പെത്തി, എനിക്ക് പോണം"

അവന്‍ തിടുക്കത്തില്‍ മുടി ചീകാന്‍ തുടങ്ങി. എന്റെ മനസ്സ് തൂങ്ങി!.

ദേഷ്യം?
സങ്കടം?
ശബ്ദം തൊണ്ടയിലുടക്കി ചക്രശ്വാസം വലിച്ചു. എന്റെ കാലിനു തീരെ ചേരാത്ത ഒരു ഇഷ്ടികക്കട്ട പൊക്കം തോന്നിക്കാന്‍ ഞാന്‍ ഇട്ടിട്ടുണ്ടായിരുന്നു. അതവന്റെ കാലിനെ ഞെരിച്ചമര്‍ത്തി. നിലവിളി അവന്റെതായിരുന്നു കണ്ണീര്‍ എന്റെയും. ഞാനെന്ന സാഡിസ്റ്റ് ആ കാഴ്ച ആവേശത്തോടെ ആസ്വദിക്കുമ്പോഴാരുന്നു നാലരയ്ക്ക് വിളിച്ചുണര്‍ത്താന്‍ ശട്ടം കെട്ടിയ എന്റെ ജൂനിയര്‍ വന്നെന്നെ വിളിച്ചുണര്‍ത്തിയത്.

മുഖത്തെ ഈര്‍ഷ്യയുടെ ആഴം മനസ്സിലാക്കിയ അവള്‍ കുറ്റബോധത്തോടും ജിജ്ഞാസയോടും  ചോദിച്ചു.
"ആരാരുന്നു ചേച്ചീ?"

ഒന്ന് പതറി. പിന്നെ പറഞ്ഞു
"ആരോ ഒരാള്! ആരുമല്ലാത്ത ഒരാള്"

"ആരുമല്ലാത്ത ഒരാള്‍?"
അവള്‍ക്ക് വിശ്വാസമായില്ല.

പുഞ്ചിരിച്ച് കൊണ്ട് ഞാന്‍ ദൃഡമായി പറഞ്ഞു.
"അതെ ആരുമല്ലാത്ത ഒരാള്‍ "

ഞാന്‍ എണീറ്റ് ബെഡ്ഷീറ്റ് മടക്കി. അടുത്ത സ്വപ്നത്തിലെ ലീഡ് റോളിനായി ആരുമല്ലാത്ത അയാള്‍ അതിനുള്ളില്‍ കാത്ത് കെട്ടി കിടന്നു.



പാൻപരാഗിന്റെ മണം

മറ്റൊരറുബോറൻ കല്ല്യാണവീട്.

എനിക്കെണ്ണണമെന്നുണ്ടായിരുന്നു.ഇങ്ങനെ അവനവനെ പ്രാകി സമയം കൊല്ലുന്ന എത്രാമത്തെ കല്ല്യാണമാണിതെന്ന്. അല്ല, കല്ല്യാണത്തെ മാത്രമെന്തിനു പഴിക്കണം ജനനം, മരണം, റസിഡന്റ്സ് അസോസിയേഷൻ വാർഷികം,.. തുടങ്ങി മനുഷ്യരൊത്തു കൂടുന്ന എല്ലാ ചടങ്ങുകൾക്കും സ്ഥിതി ഇതു തന്നാണല്ലോ. പക്ഷെ ഏറ്റവും മാരകം കല്ല്യാണം തന്നാ. എനിക്കിതുവരെ കത്തിയിട്ടില്ല ഒരുത്തനും ഒരുത്തീം കൂടെ കുഴീ ച്ചാടുന്നേന് നാട്ടുകാർക്കും വീട്ടുകാർക്കും എന്താ ഇത്ര ആഘോഷിക്കാനുള്ളേന്ന്!
അപ്പൊ പറഞ്ഞ് വന്നത് കല്ല്യാണവീട്.ജയന്തിക്കുഞ്ഞമേടതാണു കല്ല്യാണം.രണ്ട്  കൈയും കാലുകളും  കൂടി സഹായിച്ചാൽ മാത്രം എണ്ണിത്തീരാനൊക്കുന്ന .അച്ഛമ്മേടെ സഹോദരവൃന്ദത്തിലേതോ ഒന്നിന്റെ മോളാണീ ജയന്തിക്കുഞ്ഞമ്മ. തിരുവനന്തപുരത്തൂന്ന് വിശേഷാവസരങ്ങളില്‍ മാത്രം നാട്ടിലേക്ക് വണ്ടി കേറുന്ന  എനിക്ക് അവരോട് വ്യക്തിപരമായി യാതോരടുപ്പവുമില്ല.കാണുമ്പോഴൊക്കെയും  ഏതു ക്ലാസിലാണെന്നു ചോദിക്കുകയും അതിന്‍റെ  മറുപടി എന്തു തന്നായാലും റെക്കോഡിട്ടപോലെ “യ്യോ ഈ പെണ്ണിതെന്നാ വളർച്ചയാ ചാട്ടാ…” പാടുകയും ചെയ്യുന്നതൊഴിച്ചാൽ സംഭാഷണം ഞങ്ങൾക്ക് കിംകിഡുക്ക് സിനിമയാണ്.അങ്ങനെയുള്ള ഞാനാണിന്ന്‍ Jayanthi weds Vinodkumar എന്ന സ്ത്രീധനക്കാറിലൊട്ടിക്കാനുള്ള തെർമ്മോക്കോൾ ചാരു ശില്പത്തിനടുത്ത് വാറ്റിക്കൊല്ലാൻ പറ്റിയ ചങ്ക് ചെറുക്കമ്മാരെയൊന്നും കാണാൻ കിട്ടാണ്ട് ഖിന്ന ചിത്തയായി ഇരിക്കുന്നെ!

“എല്ലാരും ഇങ്ങനിരിക്കുവാന്നോ ? വാ വാ വന്ന് വണ്ടിയേക്കേറ് രാഹുകാലത്തിനു മുന്നമങ്ങെത്തണം”
ഉത്സാഹികളാരോ വിളിച്ചു പറഞ്ഞു.എല്ലാരും അനങ്ങിത്തുടങ്ങി.

. മാതാശ്രീയെ കാണുന്നില്ലല്ലോ  എന്റെ പ്ലാൻ വർക്കൌട്ടായില്ലേ എന്തോ.

“ഗീതൂ നിനക്ക് ഡൌട്ടല്ലേ ഉള്ളു?”

അമ്മയാണ്.

“അല്ലമ്മ ശെരിക്കും ഉണ്ട് ഞാനിപ്പൊ ബാത്രൂമിൽ പോയി നോക്കി.”

“സാരമില്ല നമ്മളമ്പലത്തിൽ കേറുന്നില്ലല്ലോ നീ വാ“

“അതെങ്ങനാമ്മേ ഹനുമാൻ സാമീടെ നടവരെ എത്തീട്ട് തൊഴാതെ പോകുന്നെ? എനിക്കത് വലിയ വിഷമമാ”

“ഹ്മ്ം ഞാൻ അച്ഛനോടൊന്നാലോചിക്കട്ടെ”

ജിഹ്ഹ! ബുഹഹ! അമ്മ ഫ്ലാറ്റ്! തൊട്ട് കൂടാത്ത പെണ്ണുങ്ങളെ കണ്ട് കുടാത്ത ദൈവങ്ങളെ നിങ്ങക്കു സ്തുതി! വിവാഹം കഴിക്കാൻ പോകുന്ന ഹിന്ദുജനങ്ങളുടെ ശ്രദ്ധയ്ക്ക്;ദയവായി കല്ല്യാണം വല്ല ഉഗ്രകോപികളുടേയും നടേലു വെച്ച് നടത്തുക.കല്ല്യാണത്തിനു കൂടാൻ വിമുഖതയുള്ള പെമ്പിള്ളാർക്ക് രക്ഷപ്പെടാൻ ഇതേയുള്ളു ഒരു മാർഗം


“ടീ അമ്മയ്ക്ക് എന്തായാലും കല്ല്യാണം കാണണം.ഇവിടെ കുഞ്ഞമ്മൂമ്മേം ബിജുക്കൊച്ചച്ചനും മാത്രേ ഉള്ളു. നീ ഇവിടെ നിക്കുവോ?

“ങ്ഹാ”

“സൂക്ഷിച്ച് നിക്കണേ ബിജൂനോടധികം മിണ്ടാനൊന്നും  നിക്കണ്ട”

“ങ്ഹും”

കഷ്ടി ഒരു മണിക്കൂറേ എടുത്തുള്ളൂ കല്ല്യാണവീട് ഉത്സവപ്പിറ്റേന്നായി. തളർന്ന് കിടക്കുന്ന കുഞ്ഞമ്മൂമ്മേം ഭ്രാന്തനായ അവരുടെ മകനും തല്ലുകൊള്ളി ഞാനും മാത്രം മിച്ചം.
വീടിനുള്ളില്‍ കാര്യമായിട്ടൊന്നും ചെയ്യാനില്ല പറമ്പിന്റെ വടക്കേ മൂലയിൽ കുന്നിക്കുരു പടർന്ന് കിടപ്പുണ്ട്.നനഞ്ഞ ഇലമണ്ണില്‍ സസൂഷ്മം കുന്നിക്കുരു പെറുക്കി നടന്ന കുട്ടിക്കാലമാണ് ശാരദക്കുഞ്ഞമ്മേടെ വീടെന്നു കേക്കുമ്പോ ഇപ്പഴും മനസ്സില്‍ തെളിയുന്ന ചിത്രം.പെണ്‍കുട്ടികള്‍ പറമ്പിലിറങ്ങരുതെന്ന്‍  ഓര്‍ഡാര്‍ നിലനില്‍ക്കുന്ന സാഹചര്യമാണെങ്കില്‍ കൂടിയും ഗൂഡനിശബ്ദതയുടെ ഈ പറമ്പ് വല്ലാത്തൊരു പ്രലോഭനം തന്നെയാണ്.കുന്നിക്കുരു പെറുക്കാന്‍ പോവുക തന്നെ!
ഏതോ ലോകത്തിലെന്ന പോലെയാണ് തോന്നിയത്.ചുരിദാറിന്റെ ഷാള്‍ ഇനി ഒരു കുന്നിക്കുരു കൂടി താങ്ങാനാവില്ലെന്നറിയിച്ചപ്പോഴാണ് ബോധം വീണത്.ഇന്നിനി മതി.കുന്നിക്കുരുവിടാന്‍ ഡപ്പി തപ്പി വീണ്ടും വീട്ടിലേക്കു കേറി.

“കുഞ്ഞിതെവ്വുടാർന്നു?”

“ഞാൻ..ഞാൻ വെറുതെ പറമ്പി്ല്…”

“വെറുതേ പറമ്പിലെറങ്ങരുതെന്ന് കണിയാന്‍ പറഞ്ഞതറിയത്തില്ലയോ.അപ്പടി  പാമ്പാ.. ഇതുവരെ ആ സർപ്പദോഷം അങ്ങു പോയിട്ടില്ല.അതെങ്ങനാ കർമ്മം ചെയ്യേണ്ടവന്റെ തല തിരിഞ്ഞിരിക്കുവല്ലേ..”

കുഞ്ഞമ്മൂമ്മ കഥകളുടെ കെട്ടഴിക്കുവാണ്. പാമ്പുകടിച്ച് മരിച്ച സരിഗക്കുഞ്ഞമ്മ, അതിനു ശേഷം വട്ടായിപ്പോയ ബിജുക്കൊച്ചച്ചൻ, തളർന്നുപോയ തന്റെ ശരീരം… കേട്ടു മടുത്തു!സൂത്രത്തിൽ തടിതപ്പി

“കുന്നിക്കുരുവിടാൻ ഈ ഡപ്പി മതിയോ?"

ഞെട്ടിത്തിരിഞ്ഞു പോയി. ബിജുക്കൊച്ചച്ചനാണ്. പതിനെട്ടു കൊല്ലമായി ഈ മനുഷ്യനെക്കാണുന്നു ഇന്നേവരെ ഒരക്ഷരം ഞാനോ ഇങ്ങേരോ പരസ്പരം കൈ മാറിയിട്ടില്ല.പെട്ടെന്നൊന്ന് പകച്ചെങ്കിലും മറുപടി കൊടുത്തു

"വേണന്നില്ല.ഷാള് വെച്ചട്ജെസ്റ്റ് ചെയ്യാം."
"അതിലിനി പറ്റൂല്ലല്ലോ. ഇത് വെച്ചോ. ഇനി പെറുക്കുമ്പൊ ഇടാം."

"അത്...വേണ്ട..ഇനി ഞാന്‍ പോണില്ല"

“ഹഹ അമ്മ പറേന്ന കേട്ട് പേടിച്ചല്ലേ.. പറമ്പിലു പാപ്മുണ്ടെന്നുള്ളത് നേരാ പക്ഷെ പാവങ്ങളാ അങ്ങനേന്നും ഉപദ്രവിക്കത്തില്ല”

“അപ്പൊ സരിഗക്കുഞ്ഞമ്മ?” അറിയാതെ ചോദിച്ച് പോയി. വേണ്ടായിരുന്നെന്ന് അപ്പൊത്തന്നെ തോന്നി


“ങ്ഹാ.. സരിഗ..! അവളു കന്നന്തിരിവു കാണിച്ചിട്ടല്ലിയോ! മുറ്റത്തൊരു പാമ്പിൻ കുഞ്ഞ്. ഞാൻ പണിയാനിരിക്കുമ്പൊ കടിക്കുംന്ന് പേടിച്ച് അപ്പൊത്തന്നെ തച്ച് കൊന്നു. കുഞ്ഞിനെക്കൊന്നാ തള്ള ചോദിക്കാൻ വരുവെന്ന് അവക്കെന്നാ അറിയത്തില്യോ?ഒന്നൂല്ലേലും അവക്കുവപ്പൊ മൂന്നുമാസം പള്ളേലുള്ളതല്ലാരുന്നോ“
വേദന മൌനത്തിന്‍റെ രൂപത്തില്‍ ഞങ്ങളെ പൊതിഞ്ഞു.സരിഗക്കുഞ്ഞമ്മയുടെ  നല്ലോം വെളുത്ത പല്ലും തുടങ്ങിയാല്‍ നിര്‍ത്താനറിയാത്ത ചിരിയും മനസ്സിലേക്കോടി വന്നു, സരിഗക്കുഞ്ഞമ്മ മരിക്കുമ്പോ എനിക്ക് കരയാനുള്ള പ്രായമായിട്ടില്ല. ഇന്നാദ്യമായി എനിക്കാ മരണത്തില്‍ വേദന തോന്നുന്നു. ബിജു കൊച്ചച്ചനോട് അടുപ്പവും.

“എന്തേ കുഞ്ഞ് കല്ല്യാ‍ണത്തിനു പോവാത്തെ?”

കള്ളം പറയാൻ തോന്നിയില്ല ഉള്ളത് പോലെ പറഞ്ഞു

“അത്.. എനിക്ക്… എനിക്ക് ആള് കള്ടെ എടേല്‍' ഇരിക്കുന്നതിഷ്ടവില്ല. ഒരുതരം ജാള്യം!"

“ജാള്യതേ?ഹഹ! സുമേടെ അനന്തരവളായിട്ട് നിനക്ക് നാണവില്ലേ കുഞ്ഞേ ഇങ്ങനെ പറയാൻ!അവടെയാ കണ്ണും നെറ്റീം ചെവീം നെറോം ഒക്കെ അവടെ കൊച്ചിനെക്കാൾ നിനക്കാ കിട്ടിയെ.എന്നിട്ടും ആ തന്റേടം മാത്രം കിട്ടീല്ല കഷ്ടം!“

എനിക്ക് നല്ല ദേഷ്യം വന്നു.പക്ഷെ പന്തിപ്പൊ വീണിരിക്കുന്നത് എന്റെ കോർട്ടിലാണ്. പണ്ട് സുമേപ്പച്ചിയെ ഉമ്മവെച്ചതിനു അപ്പൂപ്പനും പോറ്റിമാമനും ഒക്കെ ചേർന്ന് കൊച്ചച്ചനെ കെട്ടിയിട്ട് തല്ലിയത് ഓർമ്മ വന്നു. ധൈര്യശാലിയെ ഒന്ന് ‘ജാള്യപ്പെടുത്തണം’

“സുമേപ്പച്ചി കൊച്ചച്ചന്റെ പെങ്ങളല്ലാരുന്നോ എന്നിട്ടും എന്തേ അന്നങ്ങനെ തോന്നീത്?

ഒരു മൌനമാണു പ്രതീക്ഷിച്ചത്. പക്ഷെ മറുപടി ഉടൻ വന്നു

“ആങ്ങളേന്നും പെങ്ങളേന്നുമൊക്കെ പറേണേന്റപ്പറത്ത് ആണെന്നും പെണ്ണന്നും രണ്ട് കാറ്റഗരി ഇല്ലിയോ കുഞ്ഞെ. അത്രേ അന്ന് ചിന്തിച്ചിരുന്നുള്ളു”.

ഒരു ദീർഘനിശ്വാസത്തിന്‍റെ സമയമെടുത്തിട്ട് കൊച്ചച്ചൻ തുടർന്നു

“ഇന്നും”

ഇങ്ങേരെ പ്രാന്താന്നു വിളിക്കുന്നേന്‍റെ കാരണം എനിക്കിപ്പൊ ഏതാണ്ടൊക്കെ  കത്തിത്തൊടങ്ങി. എന്നാലും എന്തോ, അയാൾ കുറച്ചു കൂടിയൊക്കെ സംസാരിച്ചിരുന്നെങ്കിൽ എന്ന് തോന്നി.

“നീ കോളേജിലല്ലിയോ? ലൈൻ വല്ലോം ഒത്തോ?

“ഞാൻ കോളേജിൽ പോണത് പഠിക്കാനാ ലൈൻ ഒപ്പിക്കാനല്ല”

“ഹഹ! ആ പറഞ്ഞേന്റെ ദേഷ്യത്തിലുണ്ടല്ലോ നിന്റെ നിരാശ! പ്രേമിക്കാൻ തുടങ്ങിയാപ്പിന്നെ പഠിത്തതിനൊക്കെ രണ്ടാം സ്ഥാനേ പിന്നെ വരൂ ഒരു കണക്കിനു പ്രേമിക്കാതിരിക്കുന്നതാ നല്ലത്”

ഒരു കോളേജിന്റെ  റാങ്ക് പ്രതീക്ഷ അപ്പാടെ തച്ചുടച്ചിട്ട് ഫൈനലിയർ പരീക്ഷയ്ക്ക് രണ്ട് മാസം മുമ്പ് പ്രേമിച്ച പെണ്ണിനേം കെട്ടി കുലത്തൊഴിലുമായി ജീവിക്കാനിറങ്ങിയ മൊതലാണ് ഇന്ന് നിന്നീ ഫിലോസഫിയൊക്കെ അടിക്കുന്നെ. ഒന്നൂടെ ചൊറിയാൻ തീരുമാനിച്ചു.

“ആ ഡിഗ്രി എഴുതിയെടുക്കാൻ പിന്നെ തോന്നീല്ലേ?”

“ഓ..എന്നാത്തിനാ? അതിലൊക്കെ എന്നാതാ ഒള്ളെ? ജോലി വല്ലോം കിട്ടുമാരിക്കും. എനിക്ക് ജോലി ഉണ്ടല്ലോ.അതിനെന്നതാ ഒരു  കൊഴപ്പം?ഇതും ഒരു ബിസിനസല്ലെ?”

സല്ലാപം സിനിമേലെ കുഞ്ഞൂട്ടനാശാരിയെ അനുകരിച്ചുള്ള ആ ആംഗ്യം കാണുച്ചുള്ള പറച്ചിൽ എനിക്ക് നന്നായിട്ട് രസിച്ചു.

“ഹഹ അത് കൊള്ളാരുന്നു. മാള അരവിന്ദനെ കടത്തി വെട്ടി ഹിഹി ”

“അപ്പൊ നിനക്ക് ചിരിക്കാനും അറിയാല്ലേ. ഞാന്‍ വിചാരിച്ചു നീ വെറും മുക്കാമൂളി ആണെന്ന്!  നീയെങ്ങനാ ഈ എഴുതുന്ന കൂട്ടത്തിലാണോ?”

“അതിപ്പൊ ഞാൻ… എനിക്ക്… എന്തോ എനിക്കറിയില്ല”

“നിന്നോട് ചോദിച്ച എന്നെത്തല്ലണം. ഇതിപ്പൊ ഞാൻ നീ കന്യകയാണോന്ന് ചോദിച്ചാലും ഇതന്നെ പറയൂ”

ലോകോത്തര കോമഡി ഒന്നും അല്ലായിരുന്നു. എന്നാലും എനിക്ക് ചിരിക്കാതിരിക്കാന്‍ പറ്റിയില്ല.
“ഹിഹിഹിഹിഹിഹി.. ഹങ്ങനേന്നുവില്ല..ഹിഹിഹിഹിഹിഹി..ഐം സോറി എനിക്ക് ഹിഹിഹി..ചിരി തൊടങ്ങിയാ നിർത്താൻ പറ്റില്ല ഹിഹിഹി..”

“ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനാണോ? ചിരി തൊടങ്ങിയാ നിര്‍ത്താനറിയത്തില്ലേ?ഈ  ഹിഹിഹി. എന്തുവാ  ഡാകിനീടെ ചിരിയാന്നോ?”

“ഹിഹിഹി.. ഹിഹിഹി.. ഞാൻ ഡാകിനി.. ഹിഹിഹി..

ഞാന്‍ ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാത്തവളായിത്തീര്‍ന്നുവോ? ആയിട്ടുണ്ടാവണം.അല്ലാതെ പാന്‍പരാഗിന്‍റെയാ അസ്ഥി തുളയ്ക്കുന്ന ഗന്ധം എന്‍റെ ചുണ്ടുകളിലും പതുക്കെ ശ്വാസത്തിലും കലരുന്നതെങ്ങനെ?"സരീ, നിനക്കിഷ്ടമുള്ളതല്ലേ ഈ മണം" എന്ന ചോദ്യത്തിന് മൂളുക മാത്രം ചെയ്തതിലൂടെ രൂക്ഷമായ ആ ഗന്ധം മറുവീടിനു കഴിച്ച ചിക്കന്‍ കറിയിലും മടക്കയാത്രയില്‍ ട്രൈനിലും വിടാതെ നിന്നു. വീട്ടിലെത്തി ആ മണത്തെ ഉപ്പുരസമുള്ള കോള്‍ഗേറ്റ് പേസ്റ്റ് കൊണ്ട് ഇല്ലായ്മ ചെയ്തു കഴിഞ്ഞപ്പോള്‍ പക്ഷെ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെടുത്തിയവളെപ്പോലെ ഞാന്‍ വിങ്ങി വിങ്ങിക്കരയുന്നുണ്ടായിരുന്നു.



ഒരൈസീയൂ രാത്രിയുടെ ഓർമ്മയ്ക്ക്

ഓപ്പറേഷൻ തിയേറ്ററിലെ പൊടുന്നനേ തെളിഞ്ഞ ലൈറ്റുകളും ഊരിക്കൊണ്ടിരിക്കുന്ന കയ്യുറകളും എന്റെ ഏഴാമത്തെ ഓപ്പറേഷന്റെ അവസാനത്തെ സാക്ഷ്യപ്പെടുത്തി.ഓപ്പറേഷൻ വിജയിച്ചോ അതോ പഴയ പടിയോ? അനസ്തേഷ്യയുടെ ആലസ്യത്തിലും ആ ആകാംഷ എന്നിൽ വന്നു നിറഞ്ഞു.പതിവില്ലാത്തതാണു. പണ്ടൊന്നും ഇങ്ങനല്ലാരുന്നു.ഓപ്പറേഷനു മുമ്പ് സിസ്റ്ററാന്റി വന്ന് പച്ച ഗൌൺ അണിയിക്കുമ്പൊ ഒരുതരം പിക്നിക്കിനു പോകുന്ന ആവേശമായിരുന്നു.വായിച്ചു കൂട്ടിയ മന്ത്രവാദിക്കഥകളിലെ മാന്ത്രിക ദണ്ഡിന്റെ പരിവേഷം മാറി മാറി ചികിത്സിച്ച എല്ലാ ഡോകടർമാരുടേയും സ്കെതസ്കോപ്പിനു ഞാൻ ചുമ്മാ നൽകുമായിരുന്നു.ഓരോ ഓപ്പറേഷൻ കഴിയുമ്പോഴും രാജകുമാരനായി മാറിയ തവളയെപ്പോലെ എന്തെങ്കിലുമൊക്കെ അത്ഭുതങ്ങൾ നടക്കുമെന്ന് വെറുതേ ആശിക്കുമാരുന്നു.ഇപ്പൊ അങ്ങനല്ല ഞാൻ വളർന്നു; ഒരുപാട്. എന്റെ മംഗോളിയനെന്നോ ചൈനീസെന്നോ തിരിച്ചറിയാൻ പറ്റാത്ത മൂക്കിനെ ഭാരതീയവത്കരിക്കാനുള്ള എളിയ ശ്രമമാണീ ഓപ്പറേഷനെന്ന് തിരിച്ചറിയാറൊക്കെയായി...

അപ്പോഴേക്കും എന്റെ രഥം ഐസിയു എന്ന മൂന്നക്ഷരത്തിന്റെ  ഉള്ളിലേക്ക് പ്രവേശിച്ചു.
ഹപ്പൊ ഹിതാണൈസിയു! സിനിമകളിലെല്ലാം സകലമാന ജനങ്ങളും അവരുടെ ജാരസന്തതിയെപ്പറ്റി വെളിപ്പെടുത്തുന്ന പുണ്യസ്ഥലം.മുമ്പും കിടന്നിട്ടുണ്ട്.അന്നൊന്നും പക്ഷെ ബോധമില്ലാരുന്നു.ഇത്തവണ അനസ്തേഷ്യ പണി പറ്റിച്ചു.ഇവിടെ കിടന്നിട്ട് ഞാനെന്ത് ചെയ്യാനാ?ജാരസന്തതികളൊന്നുമില്ലാത്തത് കഷ്ടമായിപ്പോയി.ചിന്തകൾ കാടുകേറും മുമ്പ് രഥം ശയ്യയ്ക്ക് വഴിമാറി.പുതിയ പുതപ്പ്,പഞ്ഞി,ഗ്ലൂക്കോസ് കുപ്പി.പുതിയ നെഴ്സ് നീട്ടിയ കട്ടൻ ചായ ഏച്ചുകെട്ടുകൾക്കിടയിലൂടെങ്ങനോ ഉദരത്തിലേക്കുള്ള വഴി കണ്ടെത്തി.ഉദരത്തിലെത്തിയ കട്ടഞ്ചായയ്ക്ക് പുറത്തോട്ടു പോകാൻ വഴികാണിക്കൂന്നും പറഞ്ഞ് കളിക്കുടുക്കയിലെ ടിങ്കു മുയലിന്റെ ദൈന്യതയോടെ ഞാനിരുന്നപ്പൊ അതിനും നഴ്സാന്റി സൌകര്യമൊരുക്കി.ഇത്രേം ആയപ്പോഴേക്കും അമ്മ വന്നു.അത്രേം നേരോം അഭിനയിച്ച ധൈര്യവും അനുഭവിച്ച പ്രെഷറും അന്നേരമലിഞ്ഞുപോയി.ആ നിർവൃതിയിൽ അമ്മ പറഞ്ഞതൊന്നും കേട്ടില്ല.അനുവദിച്ച ഒരുമിനിട്ട് പൂർണ്ണമായും ഉപയോഗിച്ചിട്ട് മടങ്ങാൻ നേരത്ത് പന്ത്രണ്ട് മണിക്കൂറിവിടെ കിടന്നാ മതി അതു കഴിഞ്ഞാൽ വാർഡിലേക്കു പോകാമെന്നു പറഞ്ഞതൊഴികെ.നെഴ്സാന്റി പിന്നേം വന്ന് മുഖത്തു ചില ടച്ചപ്സൊക്കെ നടത്തി.എന്നിട്ട് റൂമിന്റെ വലത്തേയറ്റത്തെ കസേരയിൽ പോയിരുന്നുറങ്ങാൻ തുടങ്ങി.
ഈ മുറിയിൽ ഇപ്പൊ ബോധമുള്ളവളായിട്ട് ഞാൻ മാത്രമേ ഉള്ളല്ലോ എന്ന ഭയം എന്നെ കീഴ്പ്പെടുത്തുമ്മുമ്പ് എന്റെ ‘ഭാഷാന്തരത്തിലെ’ ദിനേശൻ കേട്ടമാതിരി ഒരു ഞരക്കം ഞാനും കേട്ടു.
“സിസ്റ്ററേ..സിസ്റ്ററേ..”
മൌനം.
ഇപ്പൊ ഞരക്കമില്ല കുറച്ചൂടെ തെളിവോടെ,
“സിസ്റ്ററേ...”
സിസ്റ്ററാന്റി ശബ്ദിച്ചു:
 “എന്താ സതീശേട്ടാ നിങ്ങക്കു വേണ്ടേ?ഇന്ന് രാവിലെ തൊട്ടെനിക്ക് മുടിഞ്ഞ പണിയാ ഇനി അരമണിക്കൂറൂടെ കഴിഞ്ഞാ വാർഡിൽ പോണം.ഒന്നു മയങ്ങിക്കോട്ടെ ഞാൻ”
മൌനം എന്ന ഇടവേളയ്ക്കു മുമ്പേ സതീശേട്ടൻ:
 “അല്ല എന്റെ വീട്ടുകാരൊക്കെ...”
“ഒന്നും അറിഞ്ഞില്ല അറിയുമ്പൊ പറയാം”.
 ആ സംഭാഷണം അവിടെ തീർന്നു. എന്റെ കട്ടിലിന്റെ വലതു ഭാഗത്ത് കർട്ടൻ കൊണ്ട് മറച്ച അതിരിന്റെ അപ്പുറത്ത് നിന്നാണീ അശരീരി വന്നതെന്ന് മനസ്സിലായി.ആരാ ഈ സതീശൻ? എന്താ അയാക്കു പറ്റിയെ തുടങ്ങിയ ചോദ്യങ്ങൾ തിരിച്ചും മറിച്ചും ചോദിച്ച് ഞാൻ അരമണിക്കൂർ തള്ളി നീക്കി.
 “സിസ്റ്ററു പോവാണോ?”
 “അതെ. അടുത്താളിപ്പൊ വരും”.
 “ഇന്നലെ വന്ന പയ്യനാണോ?”
 “ങ്ഹാ ഷാജറു തന്നാ”
 “ങ്ഹാ”.
 ആ “ങ്ഹാ”യിൽ പ്രതീക്ഷയുടെ  ധ്വനിയുണ്ടായിരുന്നു.
അധികം നേരം വേണ്ടി വന്നില്ല വലത്തേയറ്റത്തെ കസേരയ്ക്ക് പുതിയ അവകാശിയെ കിട്ടി. “മോനേ  ഷാജറേ”
 “എന്താ സതീശേട്ടാ”
 “ദെവസം രണ്ടായില്ലേടാ എന്താടാ എന്നെക്കാണാൻ ആരും വരാത്തെ?ഒരു കാലല്ലേ പോയുള്ളു അപ്പഴേക്കും അവർക്കെന്നെ വേണ്ടാതായോ?”

സതീശേട്ടന്റേയും ഷാജറിന്റേയും സമ്മതത്തോടു കൂടിമൌനം ഒരൻഞ്ചു മിനിട്ട് അവിടെ നിന്നു.ഇനിയും ആ മൌനം അവിടെ നിക്കുന്നത് ഷാജറിനും സതീശേട്ടനും എന്തിനു കേൾവിക്കാരിയായ എനിക്കുപോലും അസഹ്യമാണെന്നു മനസ്സിലാക്കിയ നെഴ്സേട്ടൻ ചോദിച്ചു:

“കാലെങ്ങനുണ്ട് വേദനയുണ്ടോ?”
 “ങ്ഹാ സംസാരിക്കുമ്പൊ അറിയത്തില്ല മിണ്ടാതിരിക്കുമ്പഴാ”
അവരുടെ തുടർ സംഭാഷണങ്ങളും കേൾക്കണമെന്നെനിക്കാഗ്രഹമുണ്ടായിരുന്നു പക്ഷെ ചില ശാരീരിക അസ്വാസ്ഥ്യങ്ങൽ അതിനു സമ്മതിച്ചില്ല.മൂക്കീന്നെന്തോ ഒരു ദ്രാവകം പുറത്തേക്കു വരുന്നു.നല്ല ഒഴുക്കിൽ തന്നെ. ആ സിസ്റ്ററാന്റി ഒണ്ടായിരുന്നേ ഒന്നു വിളിക്കാരുന്നു. ഇതിപ്പൊ...ഒരു പച്ച ഗൌൺ മാത്രേ വസ്ത്രമായിട്ടുള്ളൂന്ന സത്യം എന്നെ ആ നെഴ്സേട്ടനെ വിളിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. “ഐസിയുവിൽ പതിനാറുകാരിയെ പീഡിപ്പിച്ചു കൊന്നു” എന്നൊന്നും പറഞ്ഞ് നാളെ പത്രത്തിൽ വാർത്ത വരരുതല്ലോ.
സമയം ഇഴഞ്ഞു നീങ്ങുന്നു.ദ്രാവകത്തിന്റെ ഒഴുക്കൊട്ടു നിക്കുന്നുമില്ല.ഗൌൺ വരെ നനഞ്ഞിരിക്കുന്നു ഇനീം മിണ്ടാതിരിക്കുന്നതു ശെരിയല്ല പീഡിപ്പിക്കുന്നെ പീഡിപ്പിക്കട്ടെ. ഞരങ്ങി ഞരങ്ങി ചില മൂളലുകളൊക്കെ പുറപ്പെടുവിച്ച് ഞാൻ നെഴ്സേട്ടനെ വിളിച്ചു.
“അള്ളോ ഈ കുട്ടി”!
നഴ്സേട്ടൻ കുറച്ച് പഞ്ഞിയെടുത്ത് ആ ദ്രാവകം തുടയ്ക്കാൻ തുടങ്ങി.വേസ്റ്റ് ബാസ്ക്കറ്റിൽ ഏന്തിവലിഞ്ഞു നോക്കിയപ്പൊ ഞെട്ടിപ്പോയി ആ പഞ്ഞികളിൽ ചോര! പേടിച്ച് പണ്ടാരടങ്ങി നെഴ്സേട്ടനെ നോക്കി. നെഴ്സേട്ടൻ പറഞ്ഞു :
 “ഈ സർജറി കഴിയുമ്പൊ മൂക്കീന്ന് ബ്ലഡ് വരുന്നത്  പതിവാ . മോളെന്താ നേരത്തേ വിളിക്കാത്തെ? ഇനി വരുമ്പൊ ഉടനേ പറയണേ”
ദൈവമേ എന്തൊരു വൃത്തികെട്ട ഞാൻ! എന്തല്ലാമാ ഈ മനുഷ്യനെപ്പറ്റി ചിന്തിച്ചു കൂട്ടിയെ! ഛെ!

നെഴ്സേട്ടൻ വീണ്ടും സതീശേട്ടന്റെ അടുത്തേക്കു പോയി. സതീശേട്ടൻ തിരക്കി.
 “ആരാ ഷാജറേ അപ്രത്ത്”?
 “ഒരു പെൺകുട്ടിയാ പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് കെടക്കാ”
“എന്തെങ്കിലുമൊക്കെ മിണ്ടാൻ പറ അതിനോട്”
 “മിണ്ടാൻ പറ്റില്ല നോസ് കറക്ഷനാ”
 “എന്നുവെച്ചാ?”
 “അതിപ്പൊ...മൂക്കൊന്ന് പൊക്കാനായിട്ട് ചെയ്തതാ ഈ ക്ലെഫ്റ്റിന്റെ,നമ്മളു മുച്ചുണ്ടെന്നു പറയില്ലേ അതിന്റെ സർജറീടെ ഭാഗായിട്ട്”
 “മുച്ചുണ്ടോ?ആമ്പിള്ളാരു വല്ലോം ആരുന്നേ മീശ വെച്ച് അഡ്ജസ്റ്റ് ചെയ്യാരുന്നു ഇതിപ്പൊ പെങ്കുട്ടിയാല്ലേ കഷ്ടായിപ്പോയി”

എനിക്കങ്ങേരോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.അന്നു പിന്നെ ഞാ‍ൻ ഒരു സ്ഥിരം ബസ് യാത്രിക ആയിട്ടില്ലാത്തതിനാലും യൂടൂബിൽ സിത്സില അപ്ലോഡ് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാലും എന്റെ തെറി  ശേഖരം  നന്നെ ശുഷ്കമായിരുന്നു. ഞാനയാളെ ‘പൊണ്ണത്തടിയാ’ന്ന് മനസ്സിൽ വിളിച്ച് സമാധാനിച്ചു. ഒന്നമാന്തിച്ചു  നിന്നെങ്കിലും നെഴ്സേട്ടൻ പെട്ടന്നിടപെട്ടു:
 “സതീശേട്ടാ ആ കുട്ടിക്ക് കേക്കാം”
മൌനം പതിവുപോലെ വരവറിയിച്ചു. സതീശേട്ടൻ പിന്നെപ്പറഞ്ഞു, കുറച്ചുച്ചത്തിൽ :

“ഷാജറിനറിയാമോ ഇങ്ങനുള്ളോർക്ക് ഭയങ്കര ബുദ്ദിയാ. ഞങ്ങടെ നാട്ടിലൊരു  വിഷ്ണുദാസുണ്ടാരുന്നു ഇതുപോലെ.എന്നിട്ടെന്താ,നാട്ടിലാദ്യായിട്ട് പി എസ് സി വഴി സെക്രട്ടറിയേറ്റിൽ ജോലി കിട്ടിയതവനാ.ഇങ്ങനുള്ളോർക്ക് ദൈവം അറിഞ്ഞ് ബുദ്ദി കൊടുക്കും”
 കളിയാക്കലും കുറ്റപ്പെടുത്തലും പിന്നേം സഹിക്കാം അതൊക്കെ കേക്കുമ്പൊ ദേഷ്യോം സങ്കടോം മാത്രേ തോന്നൂ.സഹതാപം പക്ഷെ അങ്ങനല്ല മേൽ‌പ്പടി സാധനങ്ങൾക്കു പുറമേ അവനവനോടൊരു പുച്ഛം കൂടി ബോണസായിട്ട് ലഭിക്കും. അവരുടെ സംഭാഷണം പിന്നേം തുടർന്നു.ഷാജറിനു ഗൾഫിലേക്ക് കിട്ടിയ വിസ, സതീശേട്ടന്റെ മൂത്ത മോളെ ആലോചിച്ചു വെച്ചിരിക്കുന്ന ചെക്കൻ,അങ്ങനങ്ങനെ..ഞാൻ മന:പ്പൂർവ്വം എന്റെ കാതുകളെ കൊട്ടിയടച്ച് ഉറങ്ങാൻ കിടന്നു.
നേരം പോയതറിഞ്ഞില്ല ഉണർന്നപ്പൊ കണ്ടത് എന്നെ വൃത്തിയാക്കുന്ന ഇന്നലത്തെ നെഴ്സാന്റിയെയാണു .സംഭാഷണങ്ങളൊന്നുമുണ്ടായില്ല രഥം വന്നു. ഞാൻ വാർഡിൽ തിരിച്ചെത്തി.ഡോക്ടർ മാരുടെ പരിശൊധന,ഭക്ഷണം,ഓപ്പറേഷന്റെ റിസൾട്ടിനെപ്പറ്റിയുള്ള അമ്മേടേം അച്ഛന്റേം ശുഭാപ്തി വിശ്വാസ പ്രവചനങ്ങൾ..എല്ലാം കഴിഞ്ഞ് ‘ഡെത്ത്ലി ഹാലോസും’ കയ്യിലെടുത്ത് ബെഡ്ഡിൽ കിടക്കുമ്പൊ അച്ഛൻ അമ്മയോടൊരു ന്യൂസ് പറയുന്ന കേട്ടു:
 “ എടീ ഞാനിന്നലെ പറഞ്ഞില്ലേ മെനിഞ്ഞാന്ന് വൈറ്റിലേ നടന്ന ആക്സിഡന്റ്,ആ സ്ത്രീയുടേം മക്കടേം പോസ്റ്റ്മാട്ടം കഴിഞ്ഞ് ബോഡി നാട്ടിലു കൊണ്ടുപോയി.തന്ത ഇപ്പഴും ഐസിയൂവിൽ കിടക്കുവാ ആരും ഇതുവരെ അറിയിച്ചിട്ടില്ലാത്രേ”
‘ഡെത്ത്ലി ഹാലോസ്’ നിലം തൊട്ടു.മനസ്സിനാകെയൊരു ഭാരം. ഒരഞ്ചു മിനിട്ട് മുമ്പു വരെയെങ്കിലും ഞാൻ ദേഷ്യത്തോടെ മാത്രം ഓർത്തിരുന്ന ശബ്ദം.ആ ശബ്ദത്തിന്റെ ഉടമയോടിപ്പം ഉൾനിറഞ്ഞ സഹതാപം മാത്രം.അതെ സഹതാപം.ഉപഭോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ കണക്കിലെടുക്കാതെ നമ്മൾ വാരിക്കോരിക്കൊടുക്കുന്ന സാധനം. എന്തു ചെയ്യാം സതീശേട്ടാ നമ്മളൊക്കെ മനുഷ്യരായിപ്പോയില്ലേ,കേവലരായ മനുഷ്യർ!!



ഭാഷാന്തരം

ആറുകൊല്ലത്തെ പ്രവാസസ്ത്തിനിടെ താൻ നന്നാട്ടുമുക്കിനെപ്പറ്റി ആകുലപ്പെട്ടതിന്റെ പകുതിപോലും നന്നാട്ടുമുക്ക് തന്നെപ്പറ്റി ചിന്തിച്ചിരുന്നില്ലല്ലോ എന്ന തിരിച്ചറിവിന്മേൽ കാലടികൾ പതിപ്പിച്ച് ആർക്കോ വേണ്ടിയെന്നപോൽ നടക്കുവാരുന്നു ദിനേശൻ.ഒന്നും മാറിയിട്ടില്ല.ആറുകൊല്ലം മുമ്പ് നന്നാട്ടുമുക്കുകാർ തന്നെക്കണ്ടത് ‘പോക്കണം കെട്ടവ‘നായിട്ടാണെങ്കിൽ ഇന്നത്‘ തലക്കനം പിടിച്ചവ‘നായി.എന്തു വ്യത്യാസം! ആകെ മൊത്തം ഒരസ്സ്വസ്ഥത.ദിനേശനു മുള്ളണം.പണ്ട് സുഭാഷിനും അജീഷിനുമൊപ്പം നീട്ടിവിട്ട പമ്പുസെറ്റിന്റെ ഉപ്പും ചൂടും നീരുപാധികം സഹിച്ച നാറ്റപ്പൂച്ചെടികളെയോർത്ത് ദിനേശൻ അവ്യ്ക്കരികിലേക്കു വെച്ചു പിടിച്ചു.ആകെ മൊത്തം കാടു പിടിച്ച് കിടക്കുന്നു.നാറ്റപ്പൂച്ചെടിക്കു പുറമേ പേരറിയാത്ത ചില മുള്ളു ചെടികളും സ്ഥലം കയ്യേറിക്കഴിഞ്ഞു.ഈ വികസനം വികസനംന്ന് അലമുറയിടുന്നോമാർക്ക് ഒരു തൂമ്പയെടുത്ത് ഈ കാടൊന്നു വെട്ടിത്തളിച്ചൂടെ?ദിനേശൻ ഈർഷ്യയോടെ ചിന്തിച്ചു.പക്ഷെ തന്റെ കാലിൽ പതിഞ്ഞ കുപ്പിച്ചില്ലുകൾ ഈർഷ്യയിൽ നിന്ന് നെടുവീർപ്പിലേക്ക് ആ ചിന്തകളെ കൊണ്ടെത്തിച്ചു; സാമൂഹ്യസേവകരുടെ ആശ്രമമാണിവിടം.ആശ്രമം പൊളിയാതെകാക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണു.മുള്ളാൻ മൂഡുപോയ ദിനേശൻ തിരിച്ചു നടക്കാൻ ഒരുമ്പെട്ടു.
”ങ്ഹാ...ങ്ഹാ..”
ദിനേശൻ ഞെട്ടിത്തരിച്ചു.ഈ സന്ധ്യയ്ക്ക് ആരുടേതാണീ ഞരക്കം?
..”ങ്ഹാ...വെള്ളം..”
ഏതോ മനുഷ്യ ജീവിയാണു.പിന്തിരിഞ്ഞു പോകാൻ ദിനേശനു മനസ്സു വന്നില്ല.കുറ്റിച്ചെടികൾ വകഞ്ഞുമാറ്റി ദിനേശൻ മുന്നോട്ടു നടന്നു.
”വരൂ..മുന്നോട്ടു വരൂ..ഈ ദേഹം ഇനി നിങ്ങൾക്കും സ്വന്തം..പക്ഷെ സ്വല്പം ദാഹജലം തരാൻ നിങ്ങളെന്നോടു സന്മനസ്സു കാട്ടണം”
ദിനേശൻ സ്തബ്ധനായി.നൂൽബന്ധം പോലുമില്ലാതെ ദേഹമാസകലം മുറിപ്പാടുകളും രക്തവുമായി അടയാൻ വെമ്പുന്ന കണ്ണുകളെ പ്രയാസപ്പെട്ടു നിവർത്തി ഒരു പെൺകുട്ടിയാണു തന്നോടിതു പറയുന്നത്...ദിനേശനു നാവു വരണ്ടു.തിരിഞ്ഞോടാൻ അയാളോടു തലച്ചോർ പറഞ്ഞു.പക്ഷെ മനസ്സയാളെ അടുത്ത പൈപ്പിന്റെ ചോട്ടിലേക്കു കൊണ്ടു പോയി.ആരേയെങ്കിലും കൂടെ വിളിക്കണമെന്ന് ദിനേശനു തോന്നി.പരിസരത്തെങ്ങും ആരുമില്ല.മൊബൈലെടുക്കാത്തതിനു തന്നെത്തന്നെ പ്രാകിക്കൊണ്ട് ദിനേശൻ പെൺകുട്ടിക്കരികിലേക്ക് പാഞ്ഞു.ഒരുപാട് പ്രയാസപ്പെട്ട് പെൺകുട്ടി വെള്ളം മുഴുവൻ കുടിച്ചു.അവൾ ദിനേശനോടു ചോദിച്ചു:
“ഞാൻ വെള്ളമാണു ചോദിച്ചതെന്ന് നിങ്ങൾക്കെങ്ങനെ മനസ്സിലായി?നിങ്ങൾക്ക് ബംഗാ‍ളി അറിയാമോ?”
“ബംഗാളിയോ?ഞാൻ മലയാളമാണു കേട്ടത്”
ദിനേശൻ ആശ്ചര്യത്തോറ്റെ മൊഴിഞ്ഞു.പെൺകുട്ടി  ചിരിച്ചു.എന്നിട്ട് പറഞ്ഞു:
“എന്നെ ആദ്യം കണ്ടവർക്ക് ഞാൻ ആരോരുമില്ലാത്തൊരു ഊരുതെണ്ടി മാത്രമായിരുന്നു.എന്റെ കരച്ചിലും അപേക്ഷകളും അവർക്ക് പരിചിതമല്ലാത്ത ബംഗാളിയുമായിരുന്നു.ഹേ പുരുഷാ! നിങ്ങളെന്റെ ഭാഷ മനസ്സിലാക്കി.എനിക്ക് ദാഹജലവും തന്നു.വരൂ എന്റെ ദേഹമെടുത്തോളൂ..ഞാൻ കരയുകയോ ബലം പിടിക്കുകയോ ചെയ്യില്ല”
"മോളേ.ഞാൻ...”ദിനേശനു  കണ്ഠമിടറി.
”മോളോ? അപ്പൊ താങ്കൾക്കെന്റെ ശരീരം വേണ്ടേ? ശെരി എന്നാൽ ഈ പരിസരത്തെവിടെങ്കിലും എന്റെ വസ്ത്രങ്ങൾ കാണും.ഒന്നെന്നെ ഉടുവിക്കൂ”
 ദിനേശൻ ചുറ്റും തിരഞ്ഞു.കുറച്ചകലെയായ് കീറിപ്പറിഞ്ഞ ഒരു ബ്ലൌസും സാരിയും അയാൾക്കു കിട്ടി.അടിവസ്ത്രങ്ങൽ വാങ്ങാൻ പോലും കാശില്ലാത്ത ഒരു  പാവമാണല്ലോ ഈ പെൺകുട്ടി എന്ന ചിന്ത അയാളെ വേദനിപ്പിച്ചു.
”കുഞ്ഞേ ഈ ബ്ലൌസാകെ കീറിപ്പോയി.എന്റെ ഷർട്ടു ഞാൻ നിനക്കു തരാം” ഷർട്ടിടീപ്പിക്കുന്നതിനിടെ അവളുടെ മുലകൾ ദിനേശൻ ശ്രദ്ധിച്ചു.തീരെ ശുഷ്കം.എന്നാലും കൌമാരത്തിന്റെ പ്രസരിപ്പ് അവയ്ക്കുണ്ട്.നഖക്ഷതങ്ങൾ കൊണ്ട് വികൃതമായ അവയെ നോക്കി വേദനയോടെ കുറച്ചുച്ചത്തിൽ ദിനേശൻ ആത്മഗതം ചെയ്തു:
“എന്നാലും കുഞ്ഞേ നിന്റെ സ്വപ്നങ്ങളിൽ ഒരിക്കലെങ്കിലും നീയൊരു പുരുഷനു താടിയുരസാനും തലചായ്ക്കാനും സജ്ജമാക്കിയ നിന്റെ മുലകൾ! അവയ്ക്കു വന്നു പെട്ട ദുർവ്വിധി!"
 പുച്ഛത്തോടെ പെൺകുട്ടി പറഞ്ഞു: “താങ്കളീ പറഞ്ഞതൊക്കെ തന്റെ നാട്ടിലെ ജീവിതഭാരങ്ങളൊന്നും അറിയാൻ  ബാധ്യതയില്ലാത്ത സ്വപ്നജീവികളായ പെൺകുട്ടികളുടെ കേവലമായ ജല്പനങ്ങൽ മാത്രമാണു.ഞാനങ്ങനൊന്നും ചിന്തിച്ചിട്ടില്ല.കണ്ണാടിക്കു മുമ്പിൽ ചെന്നു നിന്നിട്ടില്ല.എന്തിനു! ഒന്നു കുനിഞ്ഞുകൂടി നോക്കീട്ടില്ല.എന്റെ കണ്ണിൽ മുലകളെന്നത് എനിക്കു താഴെയുള്ളേഴിനും എന്റമ്മ നുണയാൻ കൊടുക്കുന്ന ഭക്ഷണ ശ്രോതസ്സു മാത്രമാണു.ഭക്ഷണത്തിനു വേണ്ടിയുള്ള അവരുടെ കരച്ചിലു നിർത്താൻ അമ്മേറ്റെ കയ്യിലെ ഏകമാർഗ്ഗം”!

ഇനിയിവളോടൊന്നും മിണ്ടാൻ തനിക്കു യോഗ്യതയില്ലെന്ന് ദിനേശനു മനസ്സിലായി. എന്നാലും ചോദിച്ചു:
“പേര്?”
 “ദീപാംഗന”
 “ഞാൻ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോട്ടെ?”
 “ങ്ഹാ”
പണിപ്പെട്ട് അവളെയെടുത്ത് ദിനേശൻ തന്റെ തോളത്തു കിടത്തി.നടക്കുന്നതിനിടെ അവൾ പറഞ്ഞു:
“ഇത്ര വാത്സല്യവും സുരക്ഷിതത്വവും ഞാ‍ൻ വേറൊരു തോളിലും അനുഭവിച്ചിട്ടില്ല.എന്റമ്മേടതിൽ നിന്നു പോലും.എനിക്കീ തോളത്ത് ചുമ്മാ വിരലുണ്ട് കിടക്കാൻ തോന്നുന്നു”
നിറഞ്ഞ കണ്ണ് തുടച്ച് ചുറ്റുപാടും നോക്കിയ ദിനേശൻ കണ്ടത് പതിവിലും കവിഞ്ഞ അവജ്ഞയോടെ തന്നെ നോക്കുന്ന നാട്ടുകാരെയാണു.കൂട്ടത്തിൽ നിന്നാരോ മുന്നോട്ടാഞ്ഞു പറഞ്ഞു:
“പ്ഭ നായേ! അറബീനെപ്പറ്റിച്ച് നാലു കായിണ്ടാക്കീന്റെളക്കാ നെനക്ക്! ഇദിന്നാട്ടീപ്പറ്റൂല്ല”!
അപ്പോഴേക്കും ദീപാംഗനേ ആരോ എടുത്ത് നിലത്തിട്ടിരുന്നു.തെറിവിളികൾക്കും മുട്ടുകേറ്റലിനുമിടയ്ക്ക് മുങ്ങിപ്പോയ ദിനേശന്റെ നിലവിളികൾക്കു ബദലായി ദീപാംഗന നടന്നതെല്ലാം  വിളിച്ച് കൂവുന്നുണ്ടായിരുന്നു.പക്ഷെ അവിടെ കൂടിയവർക്കാർക്കും അത് മനസ്സിലായില്ല. കാരണം അവരെല്ലാം ദീപാംഗനേ കേട്ടത് ബംഗാളിയിലായിരുന്നു



മൂന്നു പെണ്ണുങ്ങൾ

ആയ് ചവിട്ടല്ലേ കുഞ്ഞാ!
അമ്പട വികൃതീ നീയും!
നിദ്രയുടെ ഏഴാം യാമത്തിലും ലവ കുശന്മാരെ പൊക്കിളിന്റെ അപ്രത്തും ഇപ്രത്തും വെച്ച്  സീത ഐഡന്റിഫൈ ചെയ്തു.അലസമായൊരു തലോടൽ അവളുടെ ചുണ്ടിൽ പുഞ്ചിരിയായ് വിടർന്നു.ശ്രീരാമദേവന്റെ സിംഹാസനത്തിനു പിന്നിൽ ഒളിച്ചു കളിക്കുന്ന ലവനേയും കുശനേയും ഓർത്തിട്ടാവണം!

വിസ്പർ ചോയ്സിന്റെ പരസ്യത്തിലെ പെണ്ണിനെപോലെ അറ്റൻഷനിൽ കിടക്കുവാരുന്നു യശോദര.
സെക്കന്റ് ഡേ ഓവർഫ്ലോ.
രാഹുലനൊരനിയത്തിയെ കൊടുക്കാൻ സിദ്ദാർത്ഥനുടനേ തന്നെ ആ ചുവന്ന നദിക്കൊരു ഡാം പണിയുമെന്ന് അവളും മോഹിച്ചു.

പകലത്തെ അലച്ചിലിനൊടുവിൽ ആരണ്യകത്തിന്റെ ഉള്ളറകളിലെവിടെയോ പരിക്ഷീണയായ് കിടക്കുവാരുന്നു ദമയന്തി.മാറ്റാൻ മറ്റൊരു തുണിയില്ലെന്നറിഞ്ഞിട്ടും അന്ത:പ്പുരത്തിൽ ഏതോ ദാസിയുടെ കയ്യിലിരുന്നുറങ്ങുന്ന ഇളയ മകനു വേണ്ടി ചുരത്തിയ പാൽ അവളുടെ ബ്രായെ നനയ്ക്കാൻ അവളനുവദിച്ചു.

മൂന്നു പെണ്ണുങ്ങൾ സ്വപ്ന സമ്പന്നമായ സുഷുപ്തിയിൽ സ്വയം മറന്ന ആ രാത്രിയിൽ അവരെ തങ്ങളുടെ ജീവിതയാത്രയിൽ നിന്നൊഴിവാക്കുന്നതോർത്ത് അവരുടെ ഭർത്താക്കന്മാർ ഉറക്കം വരാതെ ഞെരിപിരി കൊള്ളുകയായിരുന്നു!!



രാജീവന്‍ സാര്‍


കോളേജില്‍ ചേര്‍ന്നത് സത്യായിട്ടും പഠിക്കാന്‍ വേണ്ടീട്ട് തന്നാണ്.എന്തിനാ പഠിക്കണേന്ന് ചോദിച്ചാ…..രാജീവന്‍ സാറു പറഞ്ഞു പഠിക്കാന്‍.ഇനി രാജീവന്‍ സാറാരാണെന്നു ചോദിച്ചാ….സാറെന്റെ അച്ച്ഛനാണ്. എന്നെക്കാളും ഏഴു വയസ്സു മൂപ്പുള്ള എന്റെ അച്ഛന!!
നിങ്ങളു ചുമ്മാ ഇതിന്റെ ബയോളജീം കെമിസ്റ്റ്രീം ഒന്നും ആലോചിച്ച് തല പുണ്ണാക്കണ്ട. സംഗതി ഇത്രേ ഉള്ളു. പുള്ളി എന്നെ +2ന്‍ കെമിസ്റ്റ്രി പഠിപ്പിച്ച സാറാണ്. എന്റെ ക്ലാസ് ടീച്ചറുവായിരുന്നു.ഈ ബന്ധമൊക്കെ ക്ലാസിലെ സുനൈനേം നിത്യേം വരദേം ഒക്കെ പറയും.പക്ഷേ ഇവരെക്കാളൊക്കെ എനിക്ക് സാറിനെ അറിയാം.സ്സറെന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണ്.കൂടുതല്‍ വ്യക്തമായിട്ടു പറഞ്ഞാ എന്റമ്മേടെ ഒരു സ്ഥിരം കസ്റ്റമര്‍ !!!!
അതേ. എന്റമ്മ ഒരു വേശ്യയാണ്പുത്തമ്പാട്ടെ ചോരത്തിളപ്പുള്ള ആമ്പിള്ളേരെല്ലാം ദക്ഷിണ വെച്ച് തൊടങ്ങണത് എന്റമ്മേടെ ദേഹത്താണ്. പക്ഷേ ഇപ്പം ഇപ്പം ദക്ഷിണ മാത്രേ ഒള്ളു. ഒരു വിധം പ്രാക്റ്റീസായിക്കഴിഞ്ഞാപ്പിന്നവമ്മാരെല്ലാം ബസു പിടിച്ച് കുറ്റിക്കാട്ടുള്ള നളിനീടെ വീട്ടില്‍ പോകും.പിന്നെ തിരിഞ്ഞ് നോക്കണ്ട.അമ്മയ്ക്കിപ്പൊ പഴേ പോലെ വയ്യ.ഏതാണ്ട് വല്യ അസുഖമാ. അതിപ്പൊ ഈ പണി ചെയ്യണ എല്ലാര്‍ടേം അവസാനം ഇങ്ങനൊക്കെത്തന്നാണെന്നാണ് അമ്മ പറയുന്നെ…
അപ്പൊ നമ്മള്‍ പറഞ്ഞ് വന്നത് രാജീവന്‍ സാറിനെപ്പറ്റിയാണ്.അമ്മയ്ക്ക് പഴയ ആമ്പിയറില്ലെങ്കിലും ഒരു ചെറിയ വിഭാഗം ആളുകള്‍ ഇന്നും കലാപരിപാടിക്ക് അമ്മേ തന്നാണ്‍ ആശ്രയിക്കുന്നെ. കുറ്റിക്കാടു വരെ പോകാനുള്ള ആരോഗ്യമില്ലാത്ത ചണ്ടികളാണ്‍ അതിലധികവും എന്നു പ്രത്യേകം പറയണ്ടല്ലോ..ചെറുപ്പക്കാരനും ഊര്‍ജ്വസ്വലനും ഏതു പെണ്ണും നോക്കി നിന്നു പോകുന്ന സിക്സ് പാക്ക് ബോഡീടെ ഉടമസ്ഥനുമായ രാജീവന്‍സറെങ്ങനെ ഇതിന്റകത്തുള്‍പ്പെട്ടൂന്നുള്ളത് നാട്ടുകാര്‍ക്കിപ്പഴും അത്ഭുതമാണ്‍. സാറ് വരുത്തനാണ്‍.ഏതാ നാടെന്നൊന്നും ആര്‍ക്കുമറിയില്ല. ഏതു നാടായാലും അവിടെ  സാറിനെ കാത്തിരിക്കാന്‍ ആരും ഇല്ലാ എന്നു മാത്രം എല്ലാര്‍ക്കും അറിയാം.അച്ച്ഛനും അമ്മയുമൊക്കെ നേരത്തേ മരിച്ചു. കൂടെപ്പിറപ്പുകളും ആരുമില്ല.”വെള്ളത്തിലെ പൊങ്ങ്നു തടി പോലെ ഈ ഞാന്‍..” എന്നൊക്കെ കഞ്ചാവും കേറ്റീട്ട് വീട്ടില്‍ വരുമ്പൊ സാറ് സ്വയം വിശേഷിപ്പിക്കും.സാറിനെന്നെ വലിയ കാര്യമാണ്. വീട്ടില്‍ അമ്മേടെ മുറിക്കു മുമ്പില്‍ ഞാന്‍ ചുമ്മാ തേരാപ്പാരാ നടക്കണ കണ്ടാല്‍ ശബ്ദം കനപ്പിച്ച് സാറു “ലക്ഷ്മിക്കൊന്നും പഠിക്കാനില്ലേന്ന്” ചോദിക്കും.അമ്മയ്ക്ക് തെരക്കുള്ള ദിവസമാണെങ്കില്‍ സാറ് എനിക്ക് കെമിസ്റ്റ്രി പഠിപ്പിച്ചു തരും.എന്തോ, സാറിനെ എനിക്ക് വല്ലാണ്ട് ഇഷ്ടമാണ്……
അതു കൊണ്ടു തന്നാണ്  ഞാന്‍ ആദ്യം കെടക്കവിരിക്കേണ്ടത് സാറിനാണെന്ന് അമ്മ പറഞ്ഞപ്പൊ ഞാന്‍ വിങ്ങിപ്പൊട്ടിയത്. അമ്മയ്ക്കിപ്പൊ തീരെ വയ്യാതായി.എന്നെ ഈ പണി ചെയ്യിക്കണംന്ന് അമ്മയ്ക്കൊരാഗ്രഹോം ഇല്ലാരുന്നു.പക്ഷേ ജീവിക്കണ്ടേ?വല്ല സെയിത്സ് ഗേളിന്റേം പണി കിട്ടുമോന്നന്വേഷിച്ചാരുന്നു.വേശ്യപ്പെണ്ണുങ്ങളെ വെച്ച് കട നടത്തേണ്ട ഗതികേടില്ലാന്ന് മറുമൊഴി!ഏതായാലും പേരു വീണു. ഇനി ഇതു തന്നെ ജീവിതം !എന്നെ ഒരുക്കിയെടുക്കാന്‍ അമ്മ കൊറേ പാടു പെട്ടു.എല്ലുന്തി,നെഞ്ചൊട്ടിയ ബോഡീല്  പച്ചപ്പൊണ്ടെന്നു കാണിക്കാന്‍ ഒടുവില് അവിടേം ഇവിടേം ഒക്കെ സ്പോഞ്ച് കുത്തി കേറ്റേണ്ടി വന്നു!ഒരുക്കിക്കൊണ്ട് സാറിനു കാഴ്ചവെയ്ക്കുമ്പൊ അമ്മേം കരയുവാരുന്നു.”എനിക്ക് വയ്യാതായി സാറേ ഇനി മുതലിവളാണ്” എന്നൊറ്റശ്വാസത്തില്‍ പറഞ്ഞ് വാതിലും അടച്ചിട്ടമ്മ പോയി. ഞാനും സാറും ഒന്നും മിണ്ടീല്ല.പേടി മാറാന്‍ ഞാന്‍ ചുമ്മാ സാറു പഠിപ്പിച്ച പീരിയോഡിക് ടേബിളു മനസില്‍ പറഞ്ഞോണ്ടിരുന്നു.കൊറച്ച് കഴിഞ്ഞ് സാറു തന്നെ വാതിലും തുറന്ന് ഇറങ്ങിപ്പോയി.നേരേ പോയത് അമ്മേടടുത്താണ്.പിറകേ ഓടിയെത്തിയ ഞാന്‍ ഇത്രേം കേട്ടു:“ലക്ഷ്മി എനിക്ക് മകളാണ്. അവളെക്കൊണ്ടീപ്പണി എടുപ്പിക്കരുത്.ലതയ്ക്കും മോള്‍ക്കും ചിലവിനുള്ളത് ഞാന്‍ തരാം”….എന്താ അപ്പം തോന്നിയേന്ന് ചോദിച്ചാ…ഭയങ്കര സന്തോഷം തോന്നി.സാധാരണ ആരെങ്കിലും തന്തയാരാണെന്നു ചോദിച്ചാ ചുമ്മാ ബ്ലിങ്കസ്യ വിഴുങ്ങി ഇരിപ്പാണ് പതിവ്.ഇപ്പം ദാ ഓസിനൊരു തന്തേ കിട്ടീരിക്കുന്നു! ഹിഹി ഇരുപത്തിനാലുകാരന്‍ അച്ച്ഛന്‍!!
ശെരിക്കും എന്താ സാറിനെക്കൊണ്ടങ്ങനെ തോന്നിപ്പിച്ചത്?അനാഥത്വത്തില്‍ ജീവിച്ച ഒരു മനുഷ്യന്‍ ആദ്യമായിട്ട് ദേഹം പങ്കിട്ട സ്ത്രീയിലും അവളുടെ മകളിലും ഒരു വിശുദ്ധ ബന്ധം സങ്കല്‍പ്പിച്ചെടുത്തതാണോ? ആ….എനിക്കറിയാമ്പാടില്ല. എന്തായാലും ഞാന്‍ ഭേദപ്പെട്ട മാര്‍ക്കോടെ +2 പാസ്സായി.സാറു പറഞ്ഞ പോലെ Bsc chemistryയെടുത്ത് ഈ കോളേജില്‍ തന്നെ ചേര്വേം ചെയ്തു.ഇന്ന് പിറ്റീ‍ എ മീറ്റിങ്ങാണ്. ക്ലാസ് ഫസ്റ്റിനു രണ്ടു മാര്‍ക്കിന്റെ കുറവുണ്ട്.കോളേജ് ഫീസും ഹോസ്റ്റല്‍ ഫീസും ഒക്കെക്കൊടുത്ത് എന്നെപ്പഠിപ്പിക്കണ എന്റെ ലോക്കല്‍ ഗാര്‍ഡിയന്‍,സ്റ്റെപ് ഫാദര്‍ കെ.ആര്‍ രാജീവ് ഇന്നിവിടെ വരും. കിഴ്ക്ക് കിട്ടുവോ ഈശ്വരാ? ആ കിഴ്ക്കട്ടെ. അച്ഛനല്ലാതെപിന്നാരാ കിഴ്ക്ക് ക അല്ലേ??



അവനും അവളും അദ്ദേഹവും


അവനും അവളും പതിവുപോലെ പ്രണയത്തിലായി. 
അവന്റെ ധിഷണ,ധിക്കാരം;അവളുടെ നന്മ,നാട്ടിന്‍പുറം.
പക്കാ മോളീവുഡ് പ്രണയം തന്നെ.
അവന്‍ നല്ല പുസ്തകങ്ങള്‍ വായിച്ചൂ;നല്ല സിനിമകള്‍ കണ്ടു.
അവളുടെ ദിവ്യരമ വായനേയും സവര്‍ണ്ണ ഫാസിസ്റ്റ് സിനിമകളേയും അവന്‍ പുച് ഛിച്ചു തള്ളി.
അവള്‍ മദ്യം മണത്താല്‍ ഛര്‍ദ്ദിക്കും;പുക ശ്വസിച്ചാല്‍ ചുമയ്ക്കും.
എന്നാലും അവളൂടെ അവന്റെ ഭാവനാ സ്രോതസ്സുകള്‍ എന്ന നിലയ്ക്ക് അവയേയും അവള്‍ അവനോടോപ്പം ആരാധിച്ചു.
അവന്റെ ചുവ്വടു പിടിച്ച് അവളും വായിച്ചു:അവനോടോപ്പം അവള്‍ ഫിലിം ഫെസ്റ്റിവല്‍ കണ്ടു.
ഫെസ്റ്റിവലിന്റെ ആറാം ദിവസം അവള്‍ നിഷ്കളങ്കമായിപ്പറഞ്ഞു:“വൈകാരികമായി ചില മേന്മകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ മൂന്നാം ലോക സിനിമകള്‍ പാശ്ചാത്യ സിനിമകളുടെ ഏഴയലത്തു പോലും വരുന്നില്ലല്ലേ”.
പിറ്റേന്നവര്‍ പോയത് ആറാം തമ്പുരാന്റെ മാറ്റിനി ഷോയ്ക്കയിരുന്നു. 
*****************************************************
അവന്‍ ആനുകാലികങ്ങളില്‍ എഴുതി;അവള്‍ പി എസ് സി എക്സാം സെന്ററിലും.
അവന്‍ സിനിമയുണ്ടാക്കുന്നതിനെപ്പറ്റി ആലോചിച്ചു:അവള്‍ ജീവിക്കുന്നതിനെപ്പറ്റിയും.
അവള്‍ക്ക് വിവാഹാലോചനകള്‍ വന്നു;അവനങ്ങനൊരാലോചനപോലുമില്ലത്രെ!
ആ ഘട്ടത്തില്‍ അവന്‍ സവര്‍ണ്ണ ഫാസിസ്റ്റ് സിനിമകളിലെ നായകനും അവള്‍ ദിവ്യരമയിലെ നായികയുമായി.
ആശയപരമായ വ്യത്യാസങ്ങള്‍കൊണ്ടാണ് സിപീഐയും എമ്മും ഇന്നും ലയിക്കാത്തതെന്ന് പിന്നീട് നടന്ന സംഭവങ്ങളെപ്പറ്റിത്തിരക്കിയ സുഹ്രുത്തിനോടവന്‍ കോമഡിയടിച്ചു.
**********************************************************
മണലാരണ്യത്തില്‍ ബോറടിച്ചിരുന്ന അവളോട് ബ്ലോഗ് തുടങ്ങാന്‍ അദ്ദേഹം ഉപദേശീച്ചു.
aval000@gmail.com
പാസ്സ്വേഡ്?
maadhavikkutty
സ്ട്രോങ്ങല്ല
silviaplath
എന്തോ എറ റുണ്ട്
ങും.........AVAN
അദ്ദേഹത്തിനു രസിച്ചില്ല
AddEhaM
സ്ട്രോങ്ങ്.എററില്ല.രസമുണ്ട്.

നാട്ടില്‍ ബോറടിച്ചിരുന്ന അവന്‍ സ്വന്തം ഇഷ്ടപ്രകാരം ബ്ലോഗു തുടങ്ങി.
avan123@gmail.com
പാസ്സ്വേഡ്?
ME-burgman(മി ബര്‍ഗ്മാനേക്കാള്‍ വലുതാത്രേ!)
അവള്‍ എഴുതി;അദ്ദേഹം സെന്‍സറു ചെയ്തു;പോസ്റ്റ് തെളിഞ്ഞു.
മഴ,പുഴ,സ്നേഹം,മാത്ര്ത്വം,അദ്ദേഹം.
അദ്ദേഹം,സ്നേഹം,മാത്ര്ത്വം,മഴ,പുഴ.

അവന്‍ അവനു തോന്നിയപ്പോഴൊക്കെ പോസ്റ്റി.
മദ്യം,സിനിമാ നിരൂപണം,പ്രണയനൈരാശ്യ കവിതകള്‍.
പ്രണയനൈരാശ്യകവിതകള്‍,മദ്യം,സിനിമാനിരൂപണം.

ഏഴാം വിവാഹവാര്‍ഷികത്തിന്റെ അന്ന് ‘സപ്തസ്വരങ്ങള്‍ തീര്‍ത്ത സംഗീതം’എന്നൊരു പോസ്റ്റവള്‍ ഇട്ടു.
അവന്‍ അനോണിയായിവന്നു കമന്റി:വ്യത്യസ്തമായ എഴുത്ത്.മലയാളം ബ്ലോഗിന്റെ വഴിത്തിരിവ്,ഭാഗ്യവാനായ അദ്ദേഹം.
അന്നു തന്നെ ‘കനല്‍ഊറും ഓര്‍മ്മകള്‍ക്കേഴു വയസ്സ്’ എന്നൊരു പോസ്റ്റ് അവനും ഇട്ടു.
അവള്‍ വായിച്ചില്ല,കമന്റിയില്ല.
അവളുടെ അദ്ദേഹം കമന്റി:







ഠേ)))))))))!ആദ്യത്തെ തേങ്ങ എന്റെ വക!ബാകി വായിച്ചിട്ട്!!