കറ

റു മാസങ്ങൾക്കു മുമ്പാണു കാലുകൾക്കിടയിലെ നീർച്ചാൽ വീണയ്ക്കാദ്യമായി ചുവന്ന നിറത്തെ കാണിച്ചു കൊടുക്കുന്നത്. കറുപ്പോടടുത്ത, കറുത്ത കട്ടകളായ് വന്ന ചുവപ്പ്. രക്തത്തിന്റെ പാപഭയങ്ങളുണർത്തുന്ന പതിഞ്ഞ ഗന്ധം അവളെ ഛർദ്ദിപ്പിച്ചു, ഒറ്റയ്ക്ക് കിടക്കാൻ കൂട്ടുവന്ന പായേം തലയണയെയും കണ്ണീരിൽ മുക്കി, കൊണ്ടു വന്ന കപ്പപ്പഴം മുഴുവനായി അവളുടെ വായിൽ കുത്തിത്തിരുകുന്നതിനിടെ പെങ്കൊച്ചുങ്ങൾ വലുതാകുമെന്നും പണ്ടങ്ങളൊക്കെ ഒരുക്കി തുടങ്ങണമെന്നും അമ്മയെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന അച്ഛമ്മയോട് കാച്ചിയ പാലിന്റെ ഗന്ധശിഷ്ടമില്ലാത്തതിനാൽ സിനിമകൾ പരിചിതമാക്കിയ ആദ്യരാത്രി തനിക്കുണ്ടാകില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് പരിഹാസ്യയാക്കി. അറിയാത്ത കാര്യങ്ങളെ പറ്റി അഭിപ്രായം പറയരുതെന്ന് പറഞ്ഞ് അമ്മ അപ്പോൾ നുള്ളിയത് പെട്ടെന്ന് രുന്ന പെങ്കൊച്ചിന്റെ ഇടത്തേ ചന്തിയിലായിരുന്നു.
കാലം ആ ചുവന്ന നീർസഞ്ചിയെ രണ്ടാമതും പൊട്ടിച്ചപ്പോൾ വീണയ്ക്കാദ്യം മനസ്സിൽ വന്നത് ഇടതുചന്തി അന്നറിഞ്ഞ ആ നീറ്റൽ തന്നെയായിരുന്നു. പിന്നെയത് പടർന്ന് അടിവയറ്റിലേക്ക്. ആറാംക്ലാസിലെ അവസാനത്തെ പരീക്ഷ, കണക്ക് പരീക്ഷ. പതിമൂന്നിന്റെ വർഗ്ഗമറിയാൻ കാല്വിടവിലെ  നീർപ്പാടം അതുവരേയും വർഗ്ഗബോധം വളർത്താത്ത വിജിഷ പിറകിലിരുന്ന് കുത്തിയപ്പോൾ അടിവയറിനെ കയ്യിൽ താങ്ങി വീണ ആകാശത്ത് ദീർഘ-സമചതുരങ്ങളെയും ത്രികോണങ്ങളെയും കണ്ടു.
പരീക്ഷ ഒഴിഞ്ഞിറങ്ങിയപ്പോൾ പക്ഷേ മനസ്സ് നിറഞ്ഞിരുന്നു. അവധി ആരംഭിച്ചിരിക്കുന്നു! വേനലവധി കൊടി കയറുന്നത് മാടൻ നടയിലെ ഉത്സവത്തോടെയാണു. തെരണ്ട കാരണം അമ്പലത്തിൽ കേറാൻ  പറ്റില്ലെന്ന് രാവിലേംകൂടെ അമ്മ കട്ടായം പറഞ്ഞു. ആർക്ക് കേറണം? പറമ്പാണു ലക്ഷ്യം. കണ്ണെത്താത്ത ദൂരം മണലു വിരിച്ച പറമ്പ്! ഓരങ്ങളിലെ ചെറുകച്ചവടങ്ങൾ. അവിടുന്ന് വാങ്ങിയ സാമഗ്രികളുമായി പറമ്പ് നിറഞ്ഞ് നടക്കുന്ന മനുഷ്യര്‍. രാത്രി ഇന്നെന്താണു? സിനിമാറ്റിക് ഡാൻസോ കഥകളിയോ?
ചിന്തിച്ചുല്ലസിച്ച് വീട്ടിലെത്തിയപ്പോൾ കണ്ടത് മുറ്റത്ത് നിന്ന് തുള്ളുന്ന അച്ഛനെയാണു.
അനുഭവത്തീന്നും പഠിക്കരുത് നായിന്റെ മോളേ! നിന്റെ തള്ള പറഞ്ഞ് നീ അറിഞ്ഞെന്ന് എനിക്കും പ്രതീക്ഷയില്ല. എന്നാലും കണിയാൻ നോക്കിപ്പറഞ്ഞു നാട്ടുകാരറിഞ്ഞത് തന്ന നിന്റെ അപ്പൂവൻ എങ്ങനെ മരിച്ചെന്ന്! പണിപ്പൊരേട നേരെ അല്ലാതെ നിന്റെ അമ്മൂമ്മക്കെഴവിക്ക് തീണ്ടാരിത്തുണി വിരിക്കാൻ ഒക്കൂല്ലാർന്നല്ല! നാഗങ്ങളെ കലിപ്പിച്ച് വെഷം തീണ്ടി നൊരഞ്ഞു മരിക്കേണ്ട ഗതിയാണല്ല ശിവനേ അങ്ങോർക്ക് വന്നത്! നിന്നോട് ഒടുവിലായിട്ട് പറയേണു. പെണ്ണിനെ നെലയ്ക്ക് നിർത്തണം. വൃത്തീം ശുദ്ദീം പഠിപ്പിക്കണം. ദെവസോം വെളക്ക് വെക്കണ വീടാണു. അതോർമ്മ വേണം.
മൂന്ന് തലമുറ മുമ്പുള്ളോരെ പറയിക്കാനുംമാത്രം അമ്മ എന്ത് ചെയ്തെന്ന് വീണയ്ക്കധികം ആലോചിക്കേണ്ടി വന്നില്ല. അച്ഛൻ നിലത്ത് രണ്ട് ചവുട്ടൂട ചവുട്ടി ബീഡീം കത്തിച്ച് പുറത്തിറങ്ങിയ നിമിഷം അമ്മ അവളെ വലിച്ചകത്ത് കേറ്റി വെറുംകൈ കൊണ്ടും കിട്ടിയതൊക്കെക്കൊണ്ടും പൊതിരെ തല്ലി.
ശരിയാണു. വീട് മുഴുവൻ കേറിയിറങ്ങി കറയാക്കരുതെന്ന് അമ്മ രാത്രി തന്നെ അവളോട് പറഞ്ഞതാണു. പരീക്ഷയ്ക്ക് പഠിക്കുമ്പോൾ ഇരിപ്പുറയ്ക്കാത്തത് പക്ഷേ ശീലമായിപ്പോയി. രാത്രിക്ക് വെച്ച പാഡ് രാവിലെ സ്ഥാനം മാറിക്കാണണം. പതിനഞ്ച് വരെയുള്ള വർഗ്ഗം പഠിച്ചത് ഒന്നെഴുതിനോക്കാനാണു അച്ഛന്റെ കസേരയിൽ ഒന്നിരുന്നത്. ഓരോ വർഗ്ഗങ്ങൾക്കും നീക്കിയിരുപ്പായി തുള്ളികളുറയുന്നത് അറിയുന്നുണ്ടായ്ഇരുന്നു. എന്നാലും അവ മൂന്ന് മറ വസ്ത്രങ്ങളും താണ്ടി കസേരയിലലിയുമെന്ന് കണക്ക് പരീക്ഷ തലയിൽ നിറഞ്ഞ പതിനൊന്ന് വയസ്സ് വിചാരിച്ചു കാണില്ല. 
കസേര അമ്മ തന്നെ കഴുകിയിട്ടുണ്ടായിരുന്നു. ഉണക്കാൻ വെയിലിനു കീഴെ ഒറ്റയ്ക്ക് നിർത്തിയ കസേരയെ കണ്ടപ്പോൾ വീണയ്ക്ക്  നൊന്തു. കുറ്റബോധം പോലൊന്ന് അപ്പോൾ ഇറ്റുവീണു.
വൃത്തിയില്ലാത്ത ജന്തൂ ഇതൊക്കേങ്കിലും സമയത്ത് കഴുക്.
മുഷിഞ്ഞതൊക്കെയും മുന്നിലേക്കിട്ട് അറപ്പോടെ അമ്മ.
ഇനീപ്പൊ സമയമില്ലല്ല അമ്മാ പറമ്പിനു പോയിട്ട് വന്നിട്ട്..
എന്തരു പെണ്ണേ നീ ഇങ്ങനെ…”അമ്മ തലയ്ക്ക് കൈവെച്ച് കുന്തിച്ചിരുന്നു.
മക്കളേ ഇങ്ങനൊക്കെ ആവുമ്പ അങ്ങനെ ഇങ്ങനേന്നും എറങ്ങി നടന്നൂട. നല്ലതല്ല. പ്രത്യേകിച്ച് ദൈവകാര്യങ്ങളിൽ. ഇന്ന് രണ്ടല്ലേ ആയുള്ളൂ. പറമ്പിലു പോവണ്ട.
അമ്മ എന്ത് രാവിലെ പറയാത്ത?അവൾക്ക് തൊണ്ട ഇടറുന്നുണ്ടായിരുന്നു.
രാവിലെ ഓർത്തില്ല മക്കളെ. പറമ്പല്ലേന്ന് അമ്മേം വിചാരിച്ച്. എന്നാലും ഇപ്പ അച്ഛൻ ഓരോന്ന് പറയണ കേക്കുമ്പ പേടിയാവണെടീ. മക്കളു പോണ്ട. ഉത്സവോം പറമ്പും ഒക്കെ ഇനീം വരും.
അമ്മയ്ക്ക് അടിക്കുകയോ നുള്ളുകയോ അല്ലെങ്കിൽ ശബ്ദമുയർത്തി സംസാരിക്കുകയെങ്കിലുമോ ചെയ്യാമായിരുന്നെന്ന് വീണ വേദനയോടെ ഓർത്തു. അങ്ങനെയെങ്കിൽ അവൾക്കെന്തെല്ലാം ചെയ്യാമായിരുന്നു? ഉറക്കെയുറക്കെ തിരിച്ച് തർക്കിച്ച് നേരെ പറമ്പിലേക്ക് വെച്ച് പിടിക്കാമായിരുന്നു. കാറി നിലത്തുരുണ്ടോ വീടിനു ചുറ്റും തൊള്ള തുറന്നലറി നടന്നോ സമ്മതിപ്പിച്ചെടുക്കാമായിരുന്നു. ഇനിയിപ്പോൾ പുതിയതായ് മുതിർന്ന പെണ്ണ് പുതിയ എന്തേലും മാർഗ്ഗങ്ങൾ കണ്ടുപിടിച്ചെന്നുമിരുന്നേനെ. 
അമ്മയുടെ ശാന്തതയ്ക്കും നിസ്സഹായതയ്ക്കും മുന്നിൽ അവൾ പക്ഷേ കീഴടങ്ങി. നിശബ്ദം തുണികളെടുത്ത് അലക്ക് കല്ലിനടുത്തേക്ക് നടന്നു. തുറന്ന പൈപ്പിന്റെ പ്രതിരോധത്തിൽ ഏങ്ങലടിച്ച് കരഞ്ഞു. അമ്മ അനിയനെ കുളിപ്പിക്കുന്നതും അമ്മ്സ്വയം ഒരുങ്ങുന്നതും ഇരുട്ടുമ്പോൾ അപ്രത്തെ വീട്ടിൽ പോയി നിക്കാൻ അവളോട് വിളിച്ചു പറയുന്നതുമെല്ലാം അതിനിടയിലും പക്ഷെ  ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
വീട് അവൾക്കുമാത്രമുള്ളതായപ്പോൾ വീണ പതുക്കെ എഴുന്നേറ്റു. തീണ്ടാരിത്തുണികൾ ഓരോന്നും വെള്ളത്തിൽ മുക്കി. അമ്മയെ ചീത്ത കേൾപ്പിച്ച, കസേര വൃത്തികേടാക്കിയ കറ അപ്പോളവൾക്ക് കണ്ണിൽ പതിഞ്ഞു. ഇളംനീലയിൽ കടുംനീല പുള്ളികളുള്ള പാവാടയിൽ തെളിഞ്ഞുകണ്ട ചോരക്കറയ്ക്ക് കൈലാസനാഥൻ സീരിയലിൽ കാണുന്ന ശിവഭഗവാന്‍റെ  മൂന്നാമത്തെ കണ്ണിന്റെ ഷെയിപ്പാണെന്ന് അവൾക്ക് തോന്നി. അച്ഛൻ പറഞ്ഞ് അന്നറിഞ്ഞ വലിയമ്മൂമ്മ തന്റെ രക്തത്തിലോടുന്നത് അവളാ മാത്രയിൽ തിരിച്ചറിഞ്ഞു. വൃത്തിബോധം ഉണക്കാനിട്ട ഒരു തീണ്ടാരിത്തുണിയുടെ പേരിൽ ഒരായുഷ്കാലം കൊലപാതകത്തിന്റെ കുറ്റബോധം പേറിയ വലിയമ്മൂമയെ ഓർത്തപ്പോൾ ബാർ സോപ്പ് ആ കറയിൽ അമർത്താൻ അവൾക്കു കഴിഞ്ഞില്ല. 
വഴി നീളെ വെള്ളമിറ്റുന്നുണ്ടായിരുന്നു. ചീവി വെച്ച തടിപ്പലകകളിലും രണ്ട് മൂന്ന് തുള്ളി വീണു. അച്ഛനും കൂട്ടുകാരും പണിയുമ്പോൾ മാത്രമിടുന്ന കൈലിയും  ഷർട്ടും വിരിച്ചിട്ട അശയിൽ കാലുകൾ ഏന്തിവലിച്ച് അവളാ പാവാട വിരിച്ചു. നാളെ രാവിലെ അച്ഛൻ നേരിട്ടടിക്കുമോ അതോ അമ്മയെ കൊണ്ടടിപ്പിക്കുമ്പോ  എന്ന്ചിന്തിച്ചൂറി ചിരിക്കുന്നതിനിടെ അമ്പലത്തിൽ നിന്നുയർന്നുകേട്ട തൃക്കണ്ണാൽ കാമദേവനെ ദഹിപ്പിച്ച ശിവസ്തുതിഗീതം അവൾ കേൾക്കുന്നുണ്ടായിരുന്നില്ല.ഹവ്വാജനനം

                            1

അമ്മ പേടിക്കും.
ഇന്‍കമിംഗ് കാളുകള്‍ തുടരെ തുടരെ കട്ട് ചെയ്യേണ്ടി വന്നിട്ടും  നീലിമ ഫോണ്‍  സ്വിച്ച് ഓഫ് ചെയ്യാതിരുന്നത് ആറുമണിക്കപ്പുറം മകളെ കാണാതായാല്‍ ഗേറ്റിനു മുകളിലൂടെ തലയേന്തിച്ചു നോക്കുന്ന ആ  അമ്മപ്പേടിയെ ഓര്‍ത്തിട്ടാണ്.അമ്മയ്ക്കന്ന്‍ പക്ഷെ ആധി പിടിക്കേണ്ടി വന്നില്ല.നീലിമ പതിവിലും നേരത്തെ വീടെത്തിയിരിക്കുന്നു.അതുന്നേരം വൈകിച്ച സ്വിച്ച് ഓഫ് കര്‍മ്മം അവിടെ സാര്‍തഥകമാവുകയും ചെയ്തു.
കഴിക്കാന്‍ നിന്നില്ല.അമ്മ കഴിക്കാന്‍ വിളിച്ചു പറഞ്ഞത് അവള്‍ കേട്ടതുമില്ല. കാരണം അപ്പോള്‍ നീലിമ കരയുകയായിരുന്നു. ഷവറിന്റെ ഇരമ്പലിനു മറയ്ക്കുവാന്‍ സാധിക്കുന്ന ഒച്ചയിലാണോ താന്‍ കരയുന്നതെന്ന് അന്വേഷിക്കാന്‍ മെനക്കെടാതെ ഹൃദയം നുറുങ്ങി ശ്രാവണഗിരി ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ  മാഗസീന്‍ എഡിറ്റര്‍ കരഞ്ഞു കൊണ്ടേയിരുന്നു.
                                        
                            2

ഹര്‍ഷാരവങ്ങള്‍, മുദ്രാവാക്യങ്ങള്‍,പരാജിതരുടെ ഭൂമി കീറുന്ന നിശബ്ദത....ശ്രാവണഗിരി അതിന്‍റെ അവസാന ഇലക്ഷനും  പൂര്‍ത്തീകരിച്ചു  കഴിഞ്ഞിരിക്കുന്നു. തുടര്‍ വര്‍ഷങ്ങളില്‍ അതൊരു സ്വയംഭരണ കോളേജാവുകയും കോളേജ് ഇലക്ഷന്‍ അതിന്‍റെ പാരമ്പര്യത്തെ തള്ളിപ്പറഞ്ഞ്‌ ഒരു  പാവക്കൂത്തായി അധ:പതിക്കുകയും  ചെയ്യുമായിരിക്കും. ജയപരാജയ ഗണങ്ങളിലായി ചിതറിക്കിടന്ന അവിടത്തെ വിദ്യാര്‍ത്ഥികളില്‍ ചിലരെങ്കിലും വരും കാലത്തെയോര്‍ത്ത്  ആശങ്ക പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.ശ്രാവണഗിരിയുടെ ആദ്യ വനിതാ മാഗസീന്‍ എഡിറ്റര്‍ പക്ഷെ അപ്പോള്‍ ആ ചിന്തകള്‍ക്കെല്ലാം വളരെ അകലെയായിരുന്നു. ത്രസിപ്പിക്കുന്ന ഭൂരിപക്ഷം  ചാര്‍ത്തിത്തന്ന ഉത്തരവാദിത്തത്തെ അവള്‍ തന്നിലേക്ക് ആവാഹിക്കുകയായിരുന്നു. മഴയും വെയിലും സമ്മിശ്രം പെയ്ത ആ ഇലക്ഷന്‍ സന്ധ്യയില്‍ ഒരു പെണ്‍മുഷ്ടി  സദൃഡാം മുദ്രാവാക്യം വിളിച്ചു.

                            3

കനത്ത  മുഖവും ചുവന്ന കണ്ണുകളും അമ്മയില്‍ നിന്നൊളിപ്പിച്ച് നീലിമ സ്വീകരണമുറിയില്‍ കയറിപ്പറ്റി. ടി വി യായിരുന്നു ലക്ഷ്യം.നീലിമയുടെ ടിവി കാണല്‍ ഇപ്പൊ നന്നേ കുറഞ്ഞിരിക്കുന്നു. "ഏതുനേരവും ഫേസ്ബുക്കില്‍.." അമ്മ പരാവി മടുത്തിരിക്കുന്നു.സത്യമാണ്. നീലിമയുടെ ഒഴിവു നേരങ്ങളധികവും ഫേസ്ബുക്ക് കവര്‍ന്നെടുത്തിരിക്കുന്നു പക്ഷെ വെറുമൊരു സൊറപറയല്‍ കേന്ദ്രമായി നീലിമ ഫേസ്ബുക്കിനെ കാണുന്നില്ല. വിവിധ രാഷ്ട്രീയ-സാഹിത്യ സദസ്സുകളിലൂടെ അതിന്‍റെ സാധ്യതകളെ അവള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.ഇന്ന്‍ പക്ഷെ ലോഗിന്‍ ചെയ്ത് നോക്കാന്‍ അവള്‍ക്ക് ധൈര്യമില്ല.അവിടെ അവളെ കാത്തിരിക്കുന്നത് വിമശനങ്ങള്‍ മാത്രമാണ്. എല്ലാം എല്ലാവരും അറിഞ്ഞിട്ടുണ്ടാവും.ചോദ്യങ്ങളുടെ കൂരമ്പുകള്‍ക്ക് മുന്നില്‍ ഒന്നും നേരിടാന്‍ ധൈര്യമില്ലാത്തവളായി സ്വയം അവരോധിച്ച് നീലിമ ദുര്‍ബലമായി റിമോട്ട് അമര്‍ത്തി.

                            4

യൂണിയന്‍ റൂമില്‍ വിജിലും നീലിമയും മാത്രമായിരിക്കുന്ന അപൂര്‍വ്വം അവസരങ്ങളില്‍ ഒന്ന്‍.അവര്‍ മാത്രമേ ഉള്ളുവെന്ന്‍ കണ്ട് അതുവഴി വന്ന പ്രവര്‍ത്തകര്‍ റൂമില്‍ കേറാതെ ഒഴിഞ്ഞു പോവുകയും ചെയ്തു.എന്നാല്‍ പതിവുള്ളത് പോലെ പ്രണയമായിരുന്നില്ല അവരപ്പോള്‍ സംസാരിച്ചിരുന്നത്.
“നമ്മള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധപ്രകടനമൊക്കെ നടത്തിയതല്ലേ നിലീ ഇനിയുമതിനു പിന്നാലെ നടക്കണോ?”
ഡല്‍ഹിയില്‍ സംഭവിച്ച കൂട്ടബലാല്സംഗത്തിനെതിരെ രാജ്യമാകമാനം മെഴുകുതിരി ഉരുക്കിയ സമയം.ശ്രാവണഗിരി യൂണിയന്‍റെ ആഭിമുഖ്യത്തിലും പാര്‍ട്ടികളുടെ ആഭിമുഖ്യത്തിലും വെവ്വേറെ മെഴുകുതിരികളുരുക്കി പ്രതിഷേധം രേഖപ്പെടുത്തി.നീലിമയ്ക്ക് അവയിലെല്ലാം പ്രസംഗിക്കാന്‍ അവസരം ലഭിച്ചതുമാണ്.പക്ഷെ ഇപ്പോള്‍ അവളാ വിഷയുമായി ചെയര്‍മാന്‍ വിജിലിനെ സമീപിക്കാന്‍ കാരണം തലേന്നത്തെ ഹിന്ദു പത്രത്തില്‍ വന്ന അരുന്ധതി റോയുടെ ലേഖനമാണ്.ബലാത്സംഗത്തിന്റെ രാഷ്ട്രീയത്തെയും മധ്യവര്‍ഗ ഹിപ്പോക്രസിയും നിശിതമായ് വിമര്‍ശിക്കുന്ന ആ ലേഖനത്തെ മുന്‍നിര്‍ത്തി യൂണിയന്‍ ചര്‍ച്ച സംഘടിപ്പിക്കുന്നതിനെയും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ വിദഗ്ദര്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കൊപ്പം തങ്ങളുടെ ആശയങ്ങളും ആശങ്കകളും പങ്കു വെയ്ക്കുന്നതിനെപ്പറ്റിയുമൊക്കെ അവള്‍  വളരെ ആവേശത്തോടെയാണ് സംസാരിച്ചത്.വിജിലിത്ര തണുപ്പന്‍ മട്ടില്‍ പ്രതികരിക്കുമെന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നില്ല.അല്ലെങ്കിലും ആ ബസ് തടയല്‍ സംഭവത്തിന്‌ ശേഷം വിജിലിനു തന്നോടൊരു നീരസമില്ലേയെന്ന്‍ നീലിമ സംശയിക്കാതിരുന്നില്ല.കിളിവഞ്ചൂര്‍ ഭാഗത്തേക്ക് പോകുന്ന ഒരേയൊരു ബസ്.അവിടത്തെ ആദിവാസിക്കുട്ടികളുടെ കോളേജ് സ്വപ്നങ്ങളുടെ ചിറകാണത്.അതില്‍ നിന്നാണ് ഭീകരമായ പൂവാലശല്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.പരിഷ്കൃത നാഗരികര്‍ കിഴക്കേക്കോട്ടയില്‍ നിന്ന് ബസ് സ്റ്റാര്‍ട്ട് ചെയ്യുമ്പഴേ സീറ്റ് കയ്യടക്കും.നഗരത്തിലെ വിവിധ കോളേജുകളില്‍ നിന്ന്‍ ബസില്‍ കേറുന്ന കുട്ടികളെ ആഭാസപ്പാട്ടുകള്‍ പാടി വരവേല്‍ക്കും.നഗരമൊടുങ്ങുന്ന സ്റ്റോപ്പില്‍ താന്താങ്ങളുടെ കര്‍മ്മം വേണ്ടപോലെ നിര്‍വഹിച്ച സംതൃപ്തിയില്‍ ബസ്സിറങ്ങിപ്പോവുകയും ചെയ്യും.ക്ലാസില്‍ ഒരാഴ്ചയിലധികം ആബ്സന്ടായ സഹപാഠിയെ അന്വേഷിച്ചിറങ്ങിയ നീലിമയാണ് വിഷയം യൂണിയന്‍ മീറ്റിംഗില്‍ അവതരിപ്പിച്ചത്.ആ അധികാരത്തിലാണ് ബസ് തടഞ്ഞ ദിവസം നീലിമ ആള്‍ക്കൂട്ടത്തെ നോക്കി സംസാരിച്ചത്.വിജിലിന്റെ കാണാപ്പാഠം പ്രസംഗത്തെകാള്‍ അതിനു ജീവസ്സുണ്ടായിപ്പോയത് അവളുടെ കുറ്റമാണോ?വിജിലിന്റെ മുഖമിരുളുന്നത് അന്നവള്‍ ശ്രദ്ധിക്കാതിരുന്നില്ല.പിന്നീടുള്ള ദിവസങ്ങളില്‍ ഓരോന്ന്‍ പറഞ്ഞ് അവളെ ഒഴിവാകുന്നതും.
ഇപ്പോള്‍ പക്ഷെ മുഖമിരുണ്ടത് നീലിമയുടേതാണ്.വിജിലിന് എന്തെങ്കിലും പറഞ്ഞ് അവളെ ആശ്വസിപ്പിക്കണമെന്ന് തോന്നി.
“സമയമില്ലാത്തോണ്ടല്ലേ കുട്ടാ.കണ്ണടച്ച് തുറക്കും മുമ്പേ സെമസ്റ്റര്‍ തീരും.ആര്‍ട്ട് ഫെസ്റ്റും സ്പോര്‍ട്ട് ഫെസ്റ്റുമൊക്കെ പെണ്ടിംഗ് കെടക്കാ. കോളേജ് ഫെസ്റ്റിന്റെ കാര്യം പിന്നെ പറയണ്ടല്ലോ.നോക്കട്ടെ, കോളേജ് ഫെസ്റ്റിനിടെ ഓപ്പണ്‍ ഡിസ്കഷനായോ മറ്റോ നമുക്കിത് നടത്താം.നീ ഒന്നടങ്ങ്‌.”
നീലിമ അടങ്ങി.ഓപ്പണ്‍ ഡിസ്കഷന്റെ ഉറപ്പിനെക്കാള്‍ വിജിലിന്റെ കുട്ടാ വിളിയാണ് ഏറ്റത്.അപൂര്‍വ്വമായേ അവനങ്ങനെയെന്തെങ്കിലും അവളെ വിളിക്കാറുള്ളൂ.ഇപ്പോഴെന്തേ അങ്ങനെ തോന്നാന്‍? നീലിമ ചിന്തിച്ചു.ആ ബസ്സമരപ്പിണക്കം മാറ്റാനാവണം.അങ്ങനെയെങ്കില്‍ ഒരു സോറിയാണ് കുട്ടനായി പരിണമിച്ചത്. എന്തൊരു ഈഗോ പിടിച്ച ചെറുക്കന്‍! നീലിമയ്ക്ക് അവനോടൊരു കള്ളദേഷ്യം തോന്നി.വെറും പാവമാണ് എന്നാലുമൊരു ഈഗോയുടെ മേലങ്കി വെറുതേ എടുത്തണിയും.എന്നിട്ടതിലാണ് അവന്‍റെ വ്യക്തിത്തമെന്നു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. വിജിലിന്റെ കുറ്റിത്താടി കൊണ്ട് മൂടിപ്പോയ അവന്‍റെ നുണക്കുഴികളോട് തന്നെയാണ് അവനെ ഉപമിക്കാന്‍ നീലിമയ്ക്ക് തോന്നിയത്.ആ ഓര്‍മ്മയില്‍ അവയിലൊന്ന് പിഴുതെടുക്കാനും!

                            5

ചാനലുകള്‍ പല ഭാഷകളില്‍ കൊഞ്ചുന്നത് നീലിമ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.പക്ഷെ ഏതോ ഒരു ചാനല്‍ അനിതാമോഹന്‍ എന്ന്‍ പറഞ്ഞയിടത്ത് നീലിമ റിമോട്ടില്‍ നിന്ന്‍ കൈ വിടുവിച്ചു.കുറച്ചു ദിവസമായി കേരള സമൂഹം ചര്‍ച്ചയ്ക്കെടുത്തിരിക്കുന്നത്  അനിതാമോഹന്‍ വിവാദമാണ്.ഒരു പൊതു ചടങ്ങിനിടെ സിനിമാതാരം അനിതാമോഹനെ സ്ഥലം എംപി അപമാനിച്ചു..അപമാനിക്കാന്‍ ശ്രമിച്ചു....അപമാനിച്ചുവെന്നാരോപിച്ചു....ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.നീലിമയ്ക്ക് അനിതാമോഹനെ ഇഷ്ടമാണ്.ഇന്ടസ്ട്രിയിലെ പല മുന്‍നിര നടിമാരും ഏറ്റെടുക്കാന്‍ മടിച്ച റോളുകള്‍ അവര്‍ ഭംഗിയായി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.boldest actress in the industry എന്ന്‍ അവര്‍ക്ക് ചാര്‍ത്തിക്കിട്ടിയ വിശേഷണത്തിനു് പല വ്യാഖ്യാനങ്ങളും വന്നിട്ടുണ്ട്.അതില്‍ പരമാര്‍ത്ഥത്തോട് മാത്രം നീലിമയും യോജിക്കുന്നു.
നീലിമ കുത്തിനിര്‍ത്തിയ ചാനലില്‍ ഒരു ആക്ഷേപഹാസ്യ പരുപാടിയാണ് നടക്കുന്നത്.
“ഈ അനിതാമോഹന്‍ എന്നാണിത്ര വലിയ ശീലാവതിയായത് ഹേ! അവരുടെ ഒരു പടമുണ്ടല്ലോ സാറേ വേട്ട! അത് കണ്ടിട്ടുള്ള ആണൊരുത്തനാണെ കയ്യീക്കിട്ടിയാ പിന്നവരെ തൊടാണ്ട് വിടൂല്ല! തോട്ടാലെന്താ ഉരുവിപ്പോവോ? സിനിമേലാവാങ്കി ജീവിതത്തിലുമാവം അല്ലേ സാറേ?”
ഒരു സര്‍ക്കാരാഫീസ് പശ്ചാത്തലമാക്കി രണ്ടുദ്യോഗസ്ഥരുടെ സംഭാഷണങ്ങിലൂടെ വികസിക്കുകയാണ് പ്രോഗ്രാം.ആക്ഷേപം കണ്ടു കഴിഞ്ഞു. ഇനി ഹാസ്യം എപ്പഴാണാവോ?! നീലിമയ്ക്ക് ദേഷ്യം കൊണ്ട് ടിവി തന്നെ കത്തിച്ച് കളയാന്‍  തോന്നി. അനിതാമോഹന്‍ കേസുമായി മുന്നോട്ട് പോകണേ എന്നവള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു.


                            6

ശ്രാവണഗിരി നിന്ന്‍ കത്തുകയായിരുന്നു.ഒരു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്റ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാ വാര്‍ത്ത കുട്ടികളുടെ ഒരു രോക്ഷക്കടല്‍ തന്നെയുയര്‍ത്തി.നിരന്തരമായ സമരങ്ങള്‍ ആ അദ്ധ്യാപകന്‍റെ സസ്പെന്ഷന് വഴി വെച്ചു. വിജയാഹ്ലാദങ്ങളില്‍ പങ്ക് കൊള്ളാന്‍ ആ പെണ്‍കുട്ടി പക്ഷെ കോളേജില്‍ ഉണ്ടായിരുന്നില്ല.ദഹിക്കാന്‍ പറ്റാത്ത എന്തോ കാരണം പറഞ്ഞ് അവളും കോളേജില്‍ നിന്ന്‍ പോയി.എല്ലാം തണുത്തുറഞ്ഞുവെന്ന് തോന്നിയ ഒരു ദിവസത്തിലേക്ക് ആ അദ്ധ്യാപകന്‍ സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുകയും ചെയ്തു.മാനേജ്മെന്റ് കൈ കഴുകിയ വിഷയത്തില്‍ പ്രതിഷേധമുറ കണ്ടെത്താനാവാതെ യൂണിയന്‍ ഉഴറി.
താന്താങ്ങളുടെ ആശയക്കുഴപ്പത്തില്‍ നിന്നുള്ള താല്‍കാലിക രക്ഷയെന്നു കരുതിയിട്ടാവണം ശ്രാവണഗിരിയുടെ 2012-2013 മാഗസീന്‍ സ്ത്രീകളെ കേന്ദ്രീകരിച്ചാണെന്ന് നീലിമ പറഞ്ഞപ്പോള്‍ യൂണിയന്‍ ഒന്നടങ്കം അനുകൂലിച്ചത്.’ഹവ്വാമരണം എന്ന്‍ നീലിമ തന്നെ പേരിട്ട മാഗസീന്റെ വര്‍ക്കുകള്‍ കൊണ്ട് പിടിച്ച് നടന്നു.നീലിമയുടെ രണ്ട് കവിതകള്‍ മാഗസീനില്‍ ഇടം നേടി. വിജിലിന്റെ ക്ലീന്‍ഷേവ് ഫോട്ടോയോടു കൂടിയ ചെയര്‍മാന്‍റെ ആശംസയില്‍ നടക്കാതെ പോയ ഓപ്പണ്‍ ഡിസ്കഷന്റെ ക്ഷമാപണവും ഉണ്ടായിരുന്നു.രണ്ടര മാസത്തെ അദ്ധ്വാനത്തിനൊടുവില്‍ content editingനു മാഗസീന്‍ അദ്ധ്യാപകരെ ഏല്‍പ്പിക്കുമ്പോള്‍ സൃഷ്ടിക്കു ശേഷമുള്ള അദമ്യമായ സംതൃപ്തിയും സമാധാനവും നീലിമ അനുഭവിക്കുന്നുണ്ടായിരുന്നു.

                            7

ശ്രാവണഗിരിക്ക് 2012-2013 വര്‍ഷത്തിലേക്ക് കോളേജ് മാഗസീന്‍ വേണ്ടായെന്ന് മാനേജ്മെന്റ് തീരുമാനിച്ചതോടെ ഹവ്വാമരണം നീലിമയുടെ ലാപ്ടോപില്‍ വിശ്രമമാരംഭിച്ചു.ഒരു വരി.സമര്‍പ്പണത്തിലെ ഒരൊറ്റ വരി...അത് മാത്രമായിരുന്നു പ്രശ്നം.കോളേജിലെ സര്‍വ്വാദരണീയനായ ഒരദ്ധ്യാപകനെ കരിവാരിത്തേച്ചിട്ട് കോളേജില്‍ നിന്ന്‍ തന്നെ ടിസി വാങ്ങിപ്പോയ ഒരു പെണ്‍കുട്ടിക്ക് മാഗസീന്‍ സമര്‍പ്പിച്ചതിലൂടെ മാഗസീന്‍ എഡിറ്റര്‍ എന്താണ് പുറംലോകത്തോട് എന്താണ് പറയാന്‍ ശ്രമിക്കുന്നത്?കോളേജിന്റെ അന്ത:സ്..പാരമ്പര്യം...!!!
ആ ഒരു വരി ഒഴിവാക്കുകയാണെങ്കില്‍ മാഗസീന്‍ പ്രസിദ്ധീകരിക്കാം എന്ന നിര്‍ദേശം പുച്ഛത്തോടെ പുറംതള്ളപ്പെട്ടു.ഹവ്വാമരണം ഒരു ലിറ്റില്‍ മാഗസീനായി പ്രസിദ്ധീകരിക്കാനുള്ള പരിശ്രമങ്ങളായിരുന്നു പിന്നീട്.ഫണ്ട് സമാഹരണം ഏതാണ്ട് പരിസമാപ്തിയിലെത്തിയ ദിവസമായിരുന്നു പ്രൊഫസര്‍ നീലിമയെ ഡിപ്പാര്‍ട്ട്മെന്റ്ലേക്ക് വിളിപ്പിച്ചത്.
അയാളുടെ ഒരു വിരല്‍ പോലും തന്നെ സ്പര്‍ശിച്ചിട്ടില്ല എന്ന ബോധ്യമുണ്ടായിട്ടും ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നിറങ്ങുമ്പോള്‍ താനൊരു ബലാത്സംഗത്തിന്റെ ശേഷിപ്പാണെന്ന് നീലിമയ്ക്ക് തോന്നിപ്പോയി.മനസ്സ് ശൂന്യമായിരുന്നു.ആ മനുഷ്യന്‍റെ വാക്കുകളുടെ പിത്തലാട്ടമൊഴിച്ചാല്‍..!! ഹവാമാരണം സമര്‍പ്പണത്തിലെ തിരുത്തലോടെ മാനേജ്മെന്റിന്റെ മുന്നിലേക്കിട്ടിട്ട് വിജിലിനു പോലും വിശദീകരണം നല്‍കാതെ നീലിമ ഓടുകയായിരുന്നു ബസ്സ്റ്റോപ്പിലേക്ക്.

                            8

റിമോട്ട് പിന്നെയും ചാനലുകളെ തിരഞ്ഞു.പിന്നെയും അനിതാമോഹന്‍ എന്ന്‍ കേള്‍ക്കേണ്ടി വന്നു അതിനൊന്ന് വിശ്രമിക്കാന്‍.ഇത്തവണ ന്യൂസ് ചാനലായിരുന്നു.എം പിക്കെതിരായ കേസില്‍ നിന്ന് അനിതാമോഹന്‍ പിന്‍വാങ്ങി എന്നത് വിളിച്ചു പറയുന്നുണ്ടായിരുന്നു.ന്യൂസ് കേള്‍ക്കാന്‍ അച്ഛനും അടുത്ത് വന്നിരുന്നു.
“ഇതിങ്ങനേ ആവോള്ളന്നറിയാരുന്നു.ഇന്‍കംടാക്സ്കാരെ കൊണ്ട് പിടിപ്പിക്കുമെന്ന്‍ കേട്ടാ വെരണ്ട് പോണ ധൈര്യമൊക്കെ ഇവര്‍ക്കൊക്കെയുള്ളൂ..boldest actress in the industry! ത്ഫൂ!!”
അച്ഛന്‍ തുപ്പിയത് അനിതാമോഹനെ ആണെന്ന് നീലിമയ്ക്ക് തോന്നിയില്ല. ഉമിനീര്‍ തുള്ളികള്‍ ഓരോന്നും തന്‍റെ ദേഹത്ത് വീണ് കുമിഞ്ഞ്‌ നാറുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു.ഓര്‍മ്മകള്‍ റീലുകളായി അവള്‍ക്ക് മുന്നില്‍ തെളിഞ്ഞു വന്നു.പ്രൊഫസറുടെ മുറി....മഞ്ഞപ്പലുകള്‍ പുറത്തേക്കു വിട്ട അസഭ്യവര്‍ഷങ്ങള്‍...തനിക്ക് മുമ്പ് ആ മനുഷ്യനു മുന്നില്‍ വിറങ്ങലടിച്ചു നിന്ന ഫസ്റ്റ് ഇയര്‍ പെണ്‍കുട്ടി..കിളിവഞ്ചൂര്‍ ബസിലെ യാത്രക്കാരിയായ സഹപാഠി...അവള്‍ മെഴുകുതിരിയുരുക്കിയ ഡല്‍ഹി പെണ്‍കുട്ടി..എല്ലാത്തിനുമൊടുവില്‍ ടിവിയില്‍ എംപിയോട് മാപ്പപേക്ഷിക്കുന്ന അനിതാമോഹന്‍.....
നീലിമയ്ക്ക് ഏത് ഇന്‍കംടാക്സ് ഉദ്യോഗസ്ഥനെയാണ് പേടിക്കാനുണ്ടായിരുന്നത്?അവളുടെ പേടിയുടെ അറ്റം എത്ര ചികഞ്ഞിട്ടും അവള്‍ക്ക് കണ്ടെത്താനായില്ല.പേടിക്കേണ്ടത് എന്തിനെയെന്നറിയാത്ത ഒരു പേടി!!
നീലിമ വിജിലിനെ വിളിച്ചു.അവര്‍ക്കൊരുപാട് സംസാരിക്കാനുണ്ടായിരുന്നു.മാഗസീന്‍ തിരിച്ചു പിടിക്കുന്നതിനെ പറ്റിയും സമര്‍പ്പണത്തോട് കൂടി അത് പ്രസിദ്ധീകരിക്കുന്നതിനെയും പറ്റി സംസാരിച്ചു നിര്‍ത്താന്‍ നേരം നീലിമ ഒന്ന്‍ കൂടി പറഞ്ഞു:
“വിജില്‍, നമ്മുടെ മാഗസീന്‍ ഇനി മുതല്‍ ഹവ്വാമരണം അല്ല ഹവ്വാജനനം ആണ്.”


“എന്ത്?”

“അതെ വിജില്‍. നമ്മുടെ മാഗസീന്‍ ഹവ്വാമരണമല്ല ഹവ്വാജനനംആണ്. വാരിയെല്ലുകള്‍ വലിച്ചൂരി സംഭവിക്കേണ്ട അനിവാര്യമായ ജനനം!”
കുത്തിക്കെടുത്തിയ ഫോണ്‍ ബാലന്‍സ് കാണിക്കാന്‍ വിറച്ചത് നീലിമയെ എന്തല്ലാമോയോ ഓര്‍മ്മിപ്പിച്ചു.