ദി വെബ്

വാര്‍ഡനോട് പറയാവുന്നതില്‍ ഏറ്റവും മുന്തിയ കള്ളം പറഞ്ഞ് പാറൂനെ ഹോസ്ടലീന്നു ചാടിച്ച് ഓടിക്കിതച്ചെത്തിയപ്പഴേക്കും പത്മനാഭയില്‍ ഇരുട്ട് വീണു കഴിഞ്ഞിരുന്നു. പാതി കീറിയ ടിക്കറ്റും ടോര്‍ച്ചുമായി ഞങ്ങള്‍ക്ക് സീറ്റൊപ്പിച്ചു തരാനുള്ള ഉത്തരവാദിത്തം സെക്യൂരിറ്റി മാമന്‍ ഏറ്റെടുത്തു. ബാല്‍ക്കണിയില്‍ ആദ്യം ടോര്‍ച്ചു പതിഞ്ഞ ചുരിദാറിനടുത്ത് ഞങ്ങളെ ഉപേക്ഷിച്ചതോടെ ആ ഉത്തരവാദിത്തം അവസാനിക്കുകയും "നട്ടുച്ചയ്ക്ക് ക്ലാസും കട്ട് ചെയ്ത് സിനിമാ കാണാന്‍ പോയ പെമ്പിള്ളാരുടെ ധൈര്യം ഇത്തി അപാരം തന്നേയ്" എന്ന്‍ വൃന്ദയുടെ റീസന്റ്ലി ബോട്ട് ഇന്‍ നാത്തൂന് അതിശയിക്കാനുമുള്ള ഞങ്ങളുടെ  അന്നയും റസൂലും കാഴ്ച ആരംഭിക്കുകയും ചെയ്തു.


റിലീസ് ഡേ തന്നെ ഒരു പടം തിയേറ്ററില്‍  പോയി കാണണംന്നത് വൃന്ദയുടെ  ആഗ്രഹമായിരുന്നു. പെണ്‍വര്‍ഗത്തില്‍ അങ്ങനെ കണ്ട് വരാത്ത സിനിമാ പ്രാന്തിന്റെ ആശാട്ടിയാണ് വൃന്ദ. കമ്മത്തെന്നോ ബൈസിക്കിള്‍ തീവ്സ് എന്നോ വ്യത്യാസമില്ലാതെ ലോകത്തിറങ്ങുന്ന സകല സിനിമകളും കണ്ട് തീര്‍ക്കണമെന്നതാണ് പുള്ളിക്കാരിയുടെ ജീവിതാന്ത്യാഭിലാഷം. പൊതുവെ മലയാളം പടങ്ങളോട് പുച്ഛം ആണെങ്കിലും ഫഹടിനോടവള്‍ക്കൊരു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ട്. സ്ക്രീനില്‍ ഫഹദ് ടാക്സി ഓടിക്കുന്നു. വൃന്ദ സംതൃപ്തയായി ചാഞ്ഞിരുന്നു.പടം പിടിച്ച മട്ടുണ്ട്.

ഞാന്‍ പതുക്കെ തിരിഞ്ഞ്‌ പാറൂനെ നോക്കി. ഞാന്‍ നോക്കാന്‍ കാത്ത പോലെ അവള്‍ മുരണ്ടു

 "കൂറപ്പടം! എനിക്ക് ബോറടിക്കുന്നു!"

അവള്‍ക്കീപ്പടം പിടിക്കാനേ പോണില്ലാന്ന്‍ എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എങ്കിലും പണ്ട് എന്നേം വൃന്ദേം വലിച്ചിഴച്ച് കൊണ്ട് പോയി 'സ്റ്റുഡന്റ്റ് ഓഫ് ദി ഇയറിനു' ബലി കൊടുത്തതിന് അവള്‍ അനുഭവിച്ചേ മതിയാവൂന്ന്‍ വിചാരിച്ച് നാല് പാട്ടുണ്ട് മൂന്ന് സ്റ്റണ്ട് ഉണ്ട് ഉഗ്രന്‍ കോമഡിയാ എന്നൊക്കെ പറഞ്ഞ് പറ്റിച്ച് കൊണ്ട് വന്നത്. പാവം!
ഞാന്‍ സീറ്റിലേക്ക് ചാഞ്ഞു. സിനിമ എന്തൊ എനിക്കും പിടിച്ചില്ല. എന്ത് കൊണ്ട് പിടിച്ചില്ലാന്നോന്നും ചോദിക്കരുത് എനിക്ക് അറിയില്ല. മറ്റെന്ത് കാര്യത്തിലുമെന്ന പോലെ സിനിമയിലും എന്താ എന്‍റെ അഭിപ്രായമെന്നു എനിക്ക് നിശ്ചയമില്ല. സ്റ്റുഡന്റ്റ് ഓഫ് ദി ഇയര്‍ ആയാലും അന്നയും റസൂലും ആയാലും കാണാന്‍ വിളിച്ചാല്‍ ഞാന്‍ പോകും. സിനിമയേക്കാള്‍ ആ കാഴ്ചയ്ക്കുള്ള യാത്രയാണ് എനിക്ക് ഹരം

“ടീ”
പാറു പതുക്കെ വിളിച്ചു.

”എന്താടീ?”

”ടീ, പത്മനാഭ എന്ന്‍ മുതല്‍ക്കാ നെയ്യാറ്റിന്‍കര ആയെ?”

”ങ്ഹേ?”

അവള്‍ ശബ്ദം താഴ്ത്തി ചെവിയില്‍ പറഞ്ഞു:
”എന്‍റെ അപ്രത്തിരിക്കണ ചേച്ചി പറഞ്ഞതാ, അവരിപ്പൊ നെയ്യാറ്റിന്‍കരയാണെന്ന്!”


ഞാന്‍ അവരെ നോക്കി. സ്ക്രീന്‍ ലൈറ്റ് അവരുടെ മുഖം വ്യക്തമാക്കാനും മാത്രം ശക്തമല്ലായിരുന്നു. ഞാനും പാറൂം അവരിപ്പൊ നോക്കും എന്ന പ്രതീക്ഷയില്‍ അഞ്ച് മിനിറ്റ് “ഹ്മംഹ്മം..ഞങ്ങക്കെല്ലാം മനസ്സിലായി” എന്ന ഭാവത്തില്‍ ഗൂഡസ്മിതം പൂണ്ടു. പിന്നെ ബോറടിച്ചിട്ട് പിന്നേം സിനിമ കാണാന്‍ തുടങ്ങി.

"ആന്ദ്രിയേടെ ലിപ്സ്ടിക് കൊള്ളാല്ലേ"
പാറു എന്നെ സിനിമ കാണിക്കാനുള്ള ഉദ്ദേശത്തിലല്ല

"സ്റ്റിക്ക് വിടെടീ ലിപ്പ് നോക്ക്. ഹെന്താല്ലേ!"

"ഹ്മം.അതെ. ആ മൂക്ക് നോക്ക്. ഹൌ സ്ട്രൈറ്റ്‌!! എന്താ ലെങ്ക്ത്!"


ഞങ്ങള്‍ പരസ്പരം എന്‍റെ പരന്നതും അവളുടെ കുറുകിയതുമായ മൂക്കുകളില്‍ നോക്കി. എന്നിട്ട് ആന്ദ്രിയയെ ഒന്നൂടെ നോക്കിപ്പൊട്ടിച്ചിരിച്ചു.

"ഹലോ ങ്ഹാ ..ഏയ്‌ അത് പറ്റൂല്ല. വീട് ശെരിയാവില്ല. ഹോട്ടെലെങ്കിലെ ഞാന്‍ ഉള്ളൂ. ങ്ഹാ.. ങ്ഹും...ഓക്കെ" ആ സ്ത്രീയുടെ ശബ്ദം.

ഞാനും പാറൂം സ്തബ്ധരായിപ്പോയി. ഷോക്കില്‍ നിന്നാദ്യമുണര്‍ന്നത് പാറുവാണ്.

"എടീ..ഒറപ്പിച്ചോ ഇവര് മറ്റതാ" അവള്‍ വെപ്രാളപ്പെട്ട് പറഞ്ഞ് നിര്‍ത്തി.

യോജിക്കാതിരിക്കാന്‍ തരമില്ല. എന്നാലും..എവിടേ മുല്ലപ്പൂവ്? എവിടേ ലിപ്സ്ടിക്ക്? ഛെ! ഒന്നും എന്‍റെ സങ്കല്പത്തിലെ പോലല്ല


പിന്നെ ഇന്‍റര്‍വെല്‍ വരേയും ഞാനും പാറുവും ഒന്നും സംസാരിച്ചില്ല. പാറു വല്ലാതെ അസ്വസ്ഥയായി കാണപ്പെട്ടു.തെക്ക് ക്രിസ്ത്യാനികളുടെ കോളേജില്‍ ഒറ്റയ്ക്ക് പഠിക്കാന്‍ വിട്ട മകള്‍ ഒരു പോക്ക് സ്ത്രീയോടൊപ്പമിരുന്ന് സിനിമ കണ്ടതിന്‍റെ മാനക്കേടോര്‍ത്ത് ഒരു കുടുംബക്കാര് മുഴുവന്‍ ആധി പൂകുന്നതിന്റെ ദൃശ്യം പാര്‍വതി മേനോന്‍റെ മുഖത്ത് നിന്നപ്പോള്‍ വായിച്ചെടുക്കാമായിരുന്നു.


ഇന്‍റര്‍വെല്ലായി. വൃന്ദ സിനിമാനിരൂപണത്തിന്റെ കെട്ടഴിക്കും മുമ്പേ ഞങ്ങള്‍ വെടി പൊട്ടിച്ചു. വൃന്ദയ്ക്ക് ആവേശമായി.


"എവിടേടീ  ഞാനൂടെ കാണട്ട്! ഞാനിമ്മാതിരി മൊതലുകളെ സിനിമേലല്ലാതെ കണ്ടിട്ടില്ല"

"ശ് ശ് ഒന്ന്‍ പതുക്കെ പറെടീ പോത്തെ! അവര് കേക്കും."

"പാവം അവരുടെ എഴ്പത് രൂപ നഷ്ടമായി.ഇന്ന്‍ അടുത്ത് കിട്ടിയത് മൂന്ന്‍ പെണ്ണുങ്ങളെ ആയിപ്പോയി" പാറൂന്റെ സങ്കടം.

"നഷ്ടായീന്നൊക്കെ പറയാന്‍ വരട്ടെ. മിക്കി കമരാച്ചിയുടെ ഒരു സിനിമയുണ്ട്. 'ദ വെബ്'. നല്ല വീട്ടില് പിറന്ന ഒരു കോളേജ് വിദ്യാര്‍ഥിനി അബദ്ധത്തില്‍ ഒരു വേശ്യയുടെ അടുത്ത് സിനിമ കാണാന്‍ ഇരിക്കുന്നിടത്താ സിനിമ തുടങ്ങുന്നെ. ഒടുക്കം ഈ പെണ്ണ്‍ ആ വേശ്യയെ റെഡ് സ്ട്രീറ്റിലേക്ക് അനുഗമിക്കുന്നിടത്താ സിനിമ തീരും. സൂക്ഷിച്ചോ അവര് ചെലപ്പൊ റിക്രൂട്ട് ചെയ്തേക്കും" വൃന്ദ അത്യന്തം ഗൌരവത്തോടെ പറഞ്ഞ് നിര്‍ത്തി.


ഒന്ന്‍ പേടിച്ചോ? ഏയ്‌ ഇല്ല എന്തിന്? പാറൂനെ നോക്കി. എനിക്ക് ചിരി വന്നു. ആകെ വിളറി വെളുത്ത് നാശമായിട്ടുണ്ടവള്‍..


ഞങ്ങള്‍ പുറത്തിറങ്ങി. പാറു ടോയ്ലറ്റില്‍ കേറിയ സമയത്ത് ഞാന്‍ വൃന്ദയോട് 'ദ വെബിനെ' പറ്റി കൂടുതല്‍ ആരാഞ്ഞു.


"ഹഹ ! എടി മണ്ടീ നീയുമത് വിശ്വസിച്ചോ? ഞാനത് ചുമ്മാ പാറൂനെ പേടിപ്പിക്കാന്‍ കയ്യീന്നിട്ട് പറഞ്ഞതാ. അങ്ങനൊരു സംവിധായകന്‍ ലോകത്തെങ്ങുമില്ല. ഹിഹിഹി "


വൃന്ദയെ വെറും മൂന്ന്‍ പള്ള് വിളിക്കാനെ സാധിച്ചുള്ളൂ. അപ്പഴേക്കും പാറു വന്നു.
"വേഗം വാ സിനിമ തുടങ്ങാറായി" പാറു ധൃതി വെച്ച് മുന്നില്‍ നടന്നു. ഊറിച്ചിരിച്ചുകൊണ്ട് ഞാനും വൃന്ദയും പുറകെയും. പ്രതീക്ഷിച്ചതുപോലെതന്നെ എന്‍റെ സീറ്റ് പാറു അടിച്ച് മാറ്റി. ഒന്ന്‍ നോക്കിപ്പേടിപ്പിച്ചിട്ട് ഞാന്‍ അവളുടെ സീറ്റില്‍ ഇരുന്നു.


സിനിമ തുടങ്ങി. ഞാന്‍ അവരെ നോക്കി നിര്‍വികാരയായ് അവര്‍ സ്ക്രീനിലേക്ക് നോക്കി ഇരിക്കുന്നു. പാറൂനെ നോക്കി. അവള്‍ ഉറങ്ങാനുള്ള വട്ടം കൂട്ടുന്നു. മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഞാന്‍ സിനിമ കാണാന്‍ തന്നെ തീരുമാനിച്ചു.


കാണെക്കാണെ എനിക്ക് പടം ഇഷ്ടമായി. ഒരു പൂ കൊഴിയുന്ന ലാഘവത്തോടെ അന്ന വിട കൊണ്ടപ്പോള്‍ കണ്ണ്‍ നിറഞ്ഞു. ആ പാട്ടൊരു നിവൃത്തീം ഇല്ല. കണ്ണീന്ന് ചാല് വെട്ടിച്ചു.

"മരിച്ച അന്നയ്ക്ക് വേണ്ടി കരയണം  കുട്ടീ കരയണം"

ഞാന്‍ ഞെട്ടിപ്പോയി. അവരാണ്. ഞാന്‍ അവരുടെ മുഖത്തേക്ക് തുറിച്ചുനോക്കി.

 ഭാവഭേദമില്ലാതെ അവര്‍ തുടര്‍ന്നു

"മരിച്ച അന്നയാണ് ശെരി. അവളാ കല്യാണ വീട്ടീന്ന്‍ എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോയില്ല. പല നാടുകളില്‍ പല കോലങ്ങളില്‍ അവള്‍ റസൂലിനെ തേടി അലഞ്ഞില്ല. റസൂല് കാണാത്ത അവന്‍റെ കൊച്ചിനെ പെറേണ്ടി വന്നില്ല...മരിച്ച അന്നയ്ക്ക് വേണ്ടി കരയണം കുട്ടീ കരയണം. കാരണം, അവള്‍ ശെരിയായിരുന്നു. എന്നിട്ട് ജീവിക്കുന്ന അന്നയെ നോക്കി ചിരിക്കണം അടക്കിച്ചിരിക്കണം "


എനിക്ക് എന്തെങ്കിലും പറയാനാവും മുമ്പ് അവര്‍ എണീറ്റു.ഒരു ദീര്‍ഘനിശ്വാസത്തിന്റെ സമയം കൊണ്ട് അവര്‍ ബാല്‍ക്കണി വിട്ടു. എനിക്കവരെ അങ്ങനെ ഉപേക്ഷിക്കാനാവുമായിരുന്നില്ല. എങ്ങോട്ടെന്നില്ലാതെ ഓടി. അതാ അവര്‍.... ...അവര്‍ റോഡ്‌ ക്രോസ് ചെയ്ത് കഴിഞ്ഞു.. എനിക്കും ക്രോസ് ചെയ്യണം..


"നിന്‍റെ സീറ്റില്‍ എന്തുവാടീ വാണം വെച്ചിട്ടുണ്ടായിരുന്നോ? ഓടി മനുഷ്യന്‍റെ പിത്തം എളവി. ഇത്രയ്ക്ക് അത്യാവശ്യപ്പെട്ടെങ്ങോട്ടാ? പാറൂനെ തിരിച്ചാ പുലിമടെല്‍ കേറ്റിട്ടേ നമുക്ക് വീട്ടില് പോവാന്‍ പറ്റൂ"


വൃന്ദ വന്ന്‍ കൈ പിടിച്ചു.അനുസരണയോടെ തിരിഞ്ഞ്‌ നടന്നു. തിരിഞ്ഞ്‌ നോക്കണമെന്നുണ്ടായിരുന്നെങ്കിലും വേണ്ടാന്നു വെച്ചു. കാരണം മിക്കി കമരാച്ചിയുടെ കോളേജ് പെണ്‍കുട്ടി എന്തിനവരെ അനുഗമിച്ചെന്ന്‍ എനിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു.