പാൻപരാഗിന്റെ മണം

മറ്റൊരറുബോറൻ കല്ല്യാണവീട്.

എനിക്കെണ്ണണമെന്നുണ്ടായിരുന്നു.ഇങ്ങനെ അവനവനെ പ്രാകി സമയം കൊല്ലുന്ന എത്രാമത്തെ കല്ല്യാണമാണിതെന്ന്. അല്ല, കല്ല്യാണത്തെ മാത്രമെന്തിനു പഴിക്കണം ജനനം, മരണം, റസിഡന്റ്സ് അസോസിയേഷൻ വാർഷികം,.. തുടങ്ങി മനുഷ്യരൊത്തു കൂടുന്ന എല്ലാ ചടങ്ങുകൾക്കും സ്ഥിതി ഇതു തന്നാണല്ലോ. പക്ഷെ ഏറ്റവും മാരകം കല്ല്യാണം തന്നാ. എനിക്കിതുവരെ കത്തിയിട്ടില്ല ഒരുത്തനും ഒരുത്തീം കൂടെ കുഴീ ച്ചാടുന്നേന് നാട്ടുകാർക്കും വീട്ടുകാർക്കും എന്താ ഇത്ര ആഘോഷിക്കാനുള്ളേന്ന്!
അപ്പൊ പറഞ്ഞ് വന്നത് കല്ല്യാണവീട്.ജയന്തിക്കുഞ്ഞമേടതാണു കല്ല്യാണം.രണ്ട്  കൈയും കാലുകളും  കൂടി സഹായിച്ചാൽ മാത്രം എണ്ണിത്തീരാനൊക്കുന്ന .അച്ഛമ്മേടെ സഹോദരവൃന്ദത്തിലേതോ ഒന്നിന്റെ മോളാണീ ജയന്തിക്കുഞ്ഞമ്മ. തിരുവനന്തപുരത്തൂന്ന് വിശേഷാവസരങ്ങളില്‍ മാത്രം നാട്ടിലേക്ക് വണ്ടി കേറുന്ന  എനിക്ക് അവരോട് വ്യക്തിപരമായി യാതോരടുപ്പവുമില്ല.കാണുമ്പോഴൊക്കെയും  ഏതു ക്ലാസിലാണെന്നു ചോദിക്കുകയും അതിന്‍റെ  മറുപടി എന്തു തന്നായാലും റെക്കോഡിട്ടപോലെ “യ്യോ ഈ പെണ്ണിതെന്നാ വളർച്ചയാ ചാട്ടാ…” പാടുകയും ചെയ്യുന്നതൊഴിച്ചാൽ സംഭാഷണം ഞങ്ങൾക്ക് കിംകിഡുക്ക് സിനിമയാണ്.അങ്ങനെയുള്ള ഞാനാണിന്ന്‍ Jayanthi weds Vinodkumar എന്ന സ്ത്രീധനക്കാറിലൊട്ടിക്കാനുള്ള തെർമ്മോക്കോൾ ചാരു ശില്പത്തിനടുത്ത് വാറ്റിക്കൊല്ലാൻ പറ്റിയ ചങ്ക് ചെറുക്കമ്മാരെയൊന്നും കാണാൻ കിട്ടാണ്ട് ഖിന്ന ചിത്തയായി ഇരിക്കുന്നെ!

“എല്ലാരും ഇങ്ങനിരിക്കുവാന്നോ ? വാ വാ വന്ന് വണ്ടിയേക്കേറ് രാഹുകാലത്തിനു മുന്നമങ്ങെത്തണം”
ഉത്സാഹികളാരോ വിളിച്ചു പറഞ്ഞു.എല്ലാരും അനങ്ങിത്തുടങ്ങി.

. മാതാശ്രീയെ കാണുന്നില്ലല്ലോ  എന്റെ പ്ലാൻ വർക്കൌട്ടായില്ലേ എന്തോ.

“ഗീതൂ നിനക്ക് ഡൌട്ടല്ലേ ഉള്ളു?”

അമ്മയാണ്.

“അല്ലമ്മ ശെരിക്കും ഉണ്ട് ഞാനിപ്പൊ ബാത്രൂമിൽ പോയി നോക്കി.”

“സാരമില്ല നമ്മളമ്പലത്തിൽ കേറുന്നില്ലല്ലോ നീ വാ“

“അതെങ്ങനാമ്മേ ഹനുമാൻ സാമീടെ നടവരെ എത്തീട്ട് തൊഴാതെ പോകുന്നെ? എനിക്കത് വലിയ വിഷമമാ”

“ഹ്മ്ം ഞാൻ അച്ഛനോടൊന്നാലോചിക്കട്ടെ”

ജിഹ്ഹ! ബുഹഹ! അമ്മ ഫ്ലാറ്റ്! തൊട്ട് കൂടാത്ത പെണ്ണുങ്ങളെ കണ്ട് കുടാത്ത ദൈവങ്ങളെ നിങ്ങക്കു സ്തുതി! വിവാഹം കഴിക്കാൻ പോകുന്ന ഹിന്ദുജനങ്ങളുടെ ശ്രദ്ധയ്ക്ക്;ദയവായി കല്ല്യാണം വല്ല ഉഗ്രകോപികളുടേയും നടേലു വെച്ച് നടത്തുക.കല്ല്യാണത്തിനു കൂടാൻ വിമുഖതയുള്ള പെമ്പിള്ളാർക്ക് രക്ഷപ്പെടാൻ ഇതേയുള്ളു ഒരു മാർഗം


“ടീ അമ്മയ്ക്ക് എന്തായാലും കല്ല്യാണം കാണണം.ഇവിടെ കുഞ്ഞമ്മൂമ്മേം ബിജുക്കൊച്ചച്ചനും മാത്രേ ഉള്ളു. നീ ഇവിടെ നിക്കുവോ?

“ങ്ഹാ”

“സൂക്ഷിച്ച് നിക്കണേ ബിജൂനോടധികം മിണ്ടാനൊന്നും  നിക്കണ്ട”

“ങ്ഹും”

കഷ്ടി ഒരു മണിക്കൂറേ എടുത്തുള്ളൂ കല്ല്യാണവീട് ഉത്സവപ്പിറ്റേന്നായി. തളർന്ന് കിടക്കുന്ന കുഞ്ഞമ്മൂമ്മേം ഭ്രാന്തനായ അവരുടെ മകനും തല്ലുകൊള്ളി ഞാനും മാത്രം മിച്ചം.
വീടിനുള്ളില്‍ കാര്യമായിട്ടൊന്നും ചെയ്യാനില്ല പറമ്പിന്റെ വടക്കേ മൂലയിൽ കുന്നിക്കുരു പടർന്ന് കിടപ്പുണ്ട്.നനഞ്ഞ ഇലമണ്ണില്‍ സസൂഷ്മം കുന്നിക്കുരു പെറുക്കി നടന്ന കുട്ടിക്കാലമാണ് ശാരദക്കുഞ്ഞമ്മേടെ വീടെന്നു കേക്കുമ്പോ ഇപ്പഴും മനസ്സില്‍ തെളിയുന്ന ചിത്രം.പെണ്‍കുട്ടികള്‍ പറമ്പിലിറങ്ങരുതെന്ന്‍  ഓര്‍ഡാര്‍ നിലനില്‍ക്കുന്ന സാഹചര്യമാണെങ്കില്‍ കൂടിയും ഗൂഡനിശബ്ദതയുടെ ഈ പറമ്പ് വല്ലാത്തൊരു പ്രലോഭനം തന്നെയാണ്.കുന്നിക്കുരു പെറുക്കാന്‍ പോവുക തന്നെ!
ഏതോ ലോകത്തിലെന്ന പോലെയാണ് തോന്നിയത്.ചുരിദാറിന്റെ ഷാള്‍ ഇനി ഒരു കുന്നിക്കുരു കൂടി താങ്ങാനാവില്ലെന്നറിയിച്ചപ്പോഴാണ് ബോധം വീണത്.ഇന്നിനി മതി.കുന്നിക്കുരുവിടാന്‍ ഡപ്പി തപ്പി വീണ്ടും വീട്ടിലേക്കു കേറി.

“കുഞ്ഞിതെവ്വുടാർന്നു?”

“ഞാൻ..ഞാൻ വെറുതെ പറമ്പി്ല്…”

“വെറുതേ പറമ്പിലെറങ്ങരുതെന്ന് കണിയാന്‍ പറഞ്ഞതറിയത്തില്ലയോ.അപ്പടി  പാമ്പാ.. ഇതുവരെ ആ സർപ്പദോഷം അങ്ങു പോയിട്ടില്ല.അതെങ്ങനാ കർമ്മം ചെയ്യേണ്ടവന്റെ തല തിരിഞ്ഞിരിക്കുവല്ലേ..”

കുഞ്ഞമ്മൂമ്മ കഥകളുടെ കെട്ടഴിക്കുവാണ്. പാമ്പുകടിച്ച് മരിച്ച സരിഗക്കുഞ്ഞമ്മ, അതിനു ശേഷം വട്ടായിപ്പോയ ബിജുക്കൊച്ചച്ചൻ, തളർന്നുപോയ തന്റെ ശരീരം… കേട്ടു മടുത്തു!സൂത്രത്തിൽ തടിതപ്പി

“കുന്നിക്കുരുവിടാൻ ഈ ഡപ്പി മതിയോ?"

ഞെട്ടിത്തിരിഞ്ഞു പോയി. ബിജുക്കൊച്ചച്ചനാണ്. പതിനെട്ടു കൊല്ലമായി ഈ മനുഷ്യനെക്കാണുന്നു ഇന്നേവരെ ഒരക്ഷരം ഞാനോ ഇങ്ങേരോ പരസ്പരം കൈ മാറിയിട്ടില്ല.പെട്ടെന്നൊന്ന് പകച്ചെങ്കിലും മറുപടി കൊടുത്തു

"വേണന്നില്ല.ഷാള് വെച്ചട്ജെസ്റ്റ് ചെയ്യാം."
"അതിലിനി പറ്റൂല്ലല്ലോ. ഇത് വെച്ചോ. ഇനി പെറുക്കുമ്പൊ ഇടാം."

"അത്...വേണ്ട..ഇനി ഞാന്‍ പോണില്ല"

“ഹഹ അമ്മ പറേന്ന കേട്ട് പേടിച്ചല്ലേ.. പറമ്പിലു പാപ്മുണ്ടെന്നുള്ളത് നേരാ പക്ഷെ പാവങ്ങളാ അങ്ങനേന്നും ഉപദ്രവിക്കത്തില്ല”

“അപ്പൊ സരിഗക്കുഞ്ഞമ്മ?” അറിയാതെ ചോദിച്ച് പോയി. വേണ്ടായിരുന്നെന്ന് അപ്പൊത്തന്നെ തോന്നി


“ങ്ഹാ.. സരിഗ..! അവളു കന്നന്തിരിവു കാണിച്ചിട്ടല്ലിയോ! മുറ്റത്തൊരു പാമ്പിൻ കുഞ്ഞ്. ഞാൻ പണിയാനിരിക്കുമ്പൊ കടിക്കുംന്ന് പേടിച്ച് അപ്പൊത്തന്നെ തച്ച് കൊന്നു. കുഞ്ഞിനെക്കൊന്നാ തള്ള ചോദിക്കാൻ വരുവെന്ന് അവക്കെന്നാ അറിയത്തില്യോ?ഒന്നൂല്ലേലും അവക്കുവപ്പൊ മൂന്നുമാസം പള്ളേലുള്ളതല്ലാരുന്നോ“
വേദന മൌനത്തിന്‍റെ രൂപത്തില്‍ ഞങ്ങളെ പൊതിഞ്ഞു.സരിഗക്കുഞ്ഞമ്മയുടെ  നല്ലോം വെളുത്ത പല്ലും തുടങ്ങിയാല്‍ നിര്‍ത്താനറിയാത്ത ചിരിയും മനസ്സിലേക്കോടി വന്നു, സരിഗക്കുഞ്ഞമ്മ മരിക്കുമ്പോ എനിക്ക് കരയാനുള്ള പ്രായമായിട്ടില്ല. ഇന്നാദ്യമായി എനിക്കാ മരണത്തില്‍ വേദന തോന്നുന്നു. ബിജു കൊച്ചച്ചനോട് അടുപ്പവും.

“എന്തേ കുഞ്ഞ് കല്ല്യാ‍ണത്തിനു പോവാത്തെ?”

കള്ളം പറയാൻ തോന്നിയില്ല ഉള്ളത് പോലെ പറഞ്ഞു

“അത്.. എനിക്ക്… എനിക്ക് ആള് കള്ടെ എടേല്‍' ഇരിക്കുന്നതിഷ്ടവില്ല. ഒരുതരം ജാള്യം!"

“ജാള്യതേ?ഹഹ! സുമേടെ അനന്തരവളായിട്ട് നിനക്ക് നാണവില്ലേ കുഞ്ഞേ ഇങ്ങനെ പറയാൻ!അവടെയാ കണ്ണും നെറ്റീം ചെവീം നെറോം ഒക്കെ അവടെ കൊച്ചിനെക്കാൾ നിനക്കാ കിട്ടിയെ.എന്നിട്ടും ആ തന്റേടം മാത്രം കിട്ടീല്ല കഷ്ടം!“

എനിക്ക് നല്ല ദേഷ്യം വന്നു.പക്ഷെ പന്തിപ്പൊ വീണിരിക്കുന്നത് എന്റെ കോർട്ടിലാണ്. പണ്ട് സുമേപ്പച്ചിയെ ഉമ്മവെച്ചതിനു അപ്പൂപ്പനും പോറ്റിമാമനും ഒക്കെ ചേർന്ന് കൊച്ചച്ചനെ കെട്ടിയിട്ട് തല്ലിയത് ഓർമ്മ വന്നു. ധൈര്യശാലിയെ ഒന്ന് ‘ജാള്യപ്പെടുത്തണം’

“സുമേപ്പച്ചി കൊച്ചച്ചന്റെ പെങ്ങളല്ലാരുന്നോ എന്നിട്ടും എന്തേ അന്നങ്ങനെ തോന്നീത്?

ഒരു മൌനമാണു പ്രതീക്ഷിച്ചത്. പക്ഷെ മറുപടി ഉടൻ വന്നു

“ആങ്ങളേന്നും പെങ്ങളേന്നുമൊക്കെ പറേണേന്റപ്പറത്ത് ആണെന്നും പെണ്ണന്നും രണ്ട് കാറ്റഗരി ഇല്ലിയോ കുഞ്ഞെ. അത്രേ അന്ന് ചിന്തിച്ചിരുന്നുള്ളു”.

ഒരു ദീർഘനിശ്വാസത്തിന്‍റെ സമയമെടുത്തിട്ട് കൊച്ചച്ചൻ തുടർന്നു

“ഇന്നും”

ഇങ്ങേരെ പ്രാന്താന്നു വിളിക്കുന്നേന്‍റെ കാരണം എനിക്കിപ്പൊ ഏതാണ്ടൊക്കെ  കത്തിത്തൊടങ്ങി. എന്നാലും എന്തോ, അയാൾ കുറച്ചു കൂടിയൊക്കെ സംസാരിച്ചിരുന്നെങ്കിൽ എന്ന് തോന്നി.

“നീ കോളേജിലല്ലിയോ? ലൈൻ വല്ലോം ഒത്തോ?

“ഞാൻ കോളേജിൽ പോണത് പഠിക്കാനാ ലൈൻ ഒപ്പിക്കാനല്ല”

“ഹഹ! ആ പറഞ്ഞേന്റെ ദേഷ്യത്തിലുണ്ടല്ലോ നിന്റെ നിരാശ! പ്രേമിക്കാൻ തുടങ്ങിയാപ്പിന്നെ പഠിത്തതിനൊക്കെ രണ്ടാം സ്ഥാനേ പിന്നെ വരൂ ഒരു കണക്കിനു പ്രേമിക്കാതിരിക്കുന്നതാ നല്ലത്”

ഒരു കോളേജിന്റെ  റാങ്ക് പ്രതീക്ഷ അപ്പാടെ തച്ചുടച്ചിട്ട് ഫൈനലിയർ പരീക്ഷയ്ക്ക് രണ്ട് മാസം മുമ്പ് പ്രേമിച്ച പെണ്ണിനേം കെട്ടി കുലത്തൊഴിലുമായി ജീവിക്കാനിറങ്ങിയ മൊതലാണ് ഇന്ന് നിന്നീ ഫിലോസഫിയൊക്കെ അടിക്കുന്നെ. ഒന്നൂടെ ചൊറിയാൻ തീരുമാനിച്ചു.

“ആ ഡിഗ്രി എഴുതിയെടുക്കാൻ പിന്നെ തോന്നീല്ലേ?”

“ഓ..എന്നാത്തിനാ? അതിലൊക്കെ എന്നാതാ ഒള്ളെ? ജോലി വല്ലോം കിട്ടുമാരിക്കും. എനിക്ക് ജോലി ഉണ്ടല്ലോ.അതിനെന്നതാ ഒരു  കൊഴപ്പം?ഇതും ഒരു ബിസിനസല്ലെ?”

സല്ലാപം സിനിമേലെ കുഞ്ഞൂട്ടനാശാരിയെ അനുകരിച്ചുള്ള ആ ആംഗ്യം കാണുച്ചുള്ള പറച്ചിൽ എനിക്ക് നന്നായിട്ട് രസിച്ചു.

“ഹഹ അത് കൊള്ളാരുന്നു. മാള അരവിന്ദനെ കടത്തി വെട്ടി ഹിഹി ”

“അപ്പൊ നിനക്ക് ചിരിക്കാനും അറിയാല്ലേ. ഞാന്‍ വിചാരിച്ചു നീ വെറും മുക്കാമൂളി ആണെന്ന്!  നീയെങ്ങനാ ഈ എഴുതുന്ന കൂട്ടത്തിലാണോ?”

“അതിപ്പൊ ഞാൻ… എനിക്ക്… എന്തോ എനിക്കറിയില്ല”

“നിന്നോട് ചോദിച്ച എന്നെത്തല്ലണം. ഇതിപ്പൊ ഞാൻ നീ കന്യകയാണോന്ന് ചോദിച്ചാലും ഇതന്നെ പറയൂ”

ലോകോത്തര കോമഡി ഒന്നും അല്ലായിരുന്നു. എന്നാലും എനിക്ക് ചിരിക്കാതിരിക്കാന്‍ പറ്റിയില്ല.
“ഹിഹിഹിഹിഹിഹി.. ഹങ്ങനേന്നുവില്ല..ഹിഹിഹിഹിഹിഹി..ഐം സോറി എനിക്ക് ഹിഹിഹി..ചിരി തൊടങ്ങിയാ നിർത്താൻ പറ്റില്ല ഹിഹിഹി..”

“ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനാണോ? ചിരി തൊടങ്ങിയാ നിര്‍ത്താനറിയത്തില്ലേ?ഈ  ഹിഹിഹി. എന്തുവാ  ഡാകിനീടെ ചിരിയാന്നോ?”

“ഹിഹിഹി.. ഹിഹിഹി.. ഞാൻ ഡാകിനി.. ഹിഹിഹി..

ഞാന്‍ ചിരിച്ച് ചിരിച്ച് ശ്വാസം കിട്ടാത്തവളായിത്തീര്‍ന്നുവോ? ആയിട്ടുണ്ടാവണം.അല്ലാതെ പാന്‍പരാഗിന്‍റെയാ അസ്ഥി തുളയ്ക്കുന്ന ഗന്ധം എന്‍റെ ചുണ്ടുകളിലും പതുക്കെ ശ്വാസത്തിലും കലരുന്നതെങ്ങനെ?"സരീ, നിനക്കിഷ്ടമുള്ളതല്ലേ ഈ മണം" എന്ന ചോദ്യത്തിന് മൂളുക മാത്രം ചെയ്തതിലൂടെ രൂക്ഷമായ ആ ഗന്ധം മറുവീടിനു കഴിച്ച ചിക്കന്‍ കറിയിലും മടക്കയാത്രയില്‍ ട്രൈനിലും വിടാതെ നിന്നു. വീട്ടിലെത്തി ആ മണത്തെ ഉപ്പുരസമുള്ള കോള്‍ഗേറ്റ് പേസ്റ്റ് കൊണ്ട് ഇല്ലായ്മ ചെയ്തു കഴിഞ്ഞപ്പോള്‍ പക്ഷെ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെടുത്തിയവളെപ്പോലെ ഞാന്‍ വിങ്ങി വിങ്ങിക്കരയുന്നുണ്ടായിരുന്നു.



29 comments:

  1. കൊള്ളാം....

    ഉണ്ണിമായെ ഒരു സംശയം..
    ""എനിക്കിപ്പൊ ഓർമ്മയില്ല പിന്നെന്താ സംഭവിച്ചേന്ന്. ഹോണടി കേട്ട് ഗേറ്റ് തുറക്കാൻ പോയപ്പൊ ചുണ്ടിൽ ശേഷിച്ചത് പാൻപരാഗിന്റെ മണം മാത്രമായിരുന്നു.മറുവിടിനു കഴിച്ച ചിക്കൻ കറിയിലും മടക്ക യാത്രയിലെ ട്രൈനിലും തിരിച്ച് വീട്ടിലെത്തി ചുന്റിലമർത്തിതേച്ച ചന്ദ്രികാ സോപ്പിലും ശേഷിച്ചത് ആ പാൻപരാഗിന്റെ മണം മാത്രമായിരുന്നു. """

    ഇതില്‍ എങ്ങനെ വന്നു പാന്പരാഗ് ...
    കഥയുടെ വേറെ ഒരു ഭാഗത്തും ലെത് പരാമര്ശിക്കുന്നില്ലല്ലോ....

    വേറെ ഒന്ന് ചിയിചോട്ടെ ആ പുള്ളി നിന്നെ ചുംബിച്ചു എന്ന് കാണിക്കാന്‍ വേണ്ടിയാണോ അങ്ങനെ എഴുതിയെ ??

    ReplyDelete
  2. ഉണ്ണി മോളെ കഥ ഇഷ്ടായിട്ടോ .. നന്നായിട്ടുണ്ട് ..

    ReplyDelete
  3. ഛെ,...

    ഇതു നിന്റെ സ്വന്തം അനുഭവമാന്ന് മനസിലായീ..

    ReplyDelete
  4. നല്ല സ്റ്റോറി തന്നെ, ട്ടൊ,
    ഇനീം എഴുതു.

    ReplyDelete
  5. @rocker- നീ ഒരു നഗര വാസിയാണെന്ന് മനസ്സിലായി. ഗ്രാമപ്രദേശത്തെ ഒരു മുപ്പത് മുപ്പത്തഞ്ച് വയസ് പ്രായമുള്ള കുടുംബോം കുട്ടികളും ഇല്ലാത്ത, മറ്റുള്ളവരെക്കൊണ്ട് ഭ്രാന്തന്ന്നു വിളിപ്പിക്കുന്ന ഒരു ‘ഫ്രീക്ക്’ യുവാവിനു പാൻപരാഗിന്റെ മണം കാണുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇനി അടുത്തത്:വേറെ ഒന്ന് ചിയിചോട്ടെ ആ പുള്ളി നിന്നെ ചുംബിച്ചു എന്ന് കാണിക്കാന്‍ വേണ്ടിയാണോ അങ്ങനെ എഴുതിയെ ??/ / വേണമെങ്കിൽ വിശ്വസിക്കാം ഇതെന്റെ അനുഭവ കഥയല്ല.ഈ കഥയ്ക്കും ഇതിനു മുമ്പത്തെ കഥയ്ക്കും നായികയ്ക്ക് ഞാൻ എന്റെ ക്യാരക്ടർ തന്നെ കൊടുത്തത് മറ്റൊരു ക്യാരക്ടർ ബിൽഡിംഗിനു സമയം കളയാൻ മെനക്കെടാൻ വയ്യാത്തോണ്ട് മാത്രമാ.പിന്നെ അവനവന്റെ പ്രൊഡക്ഷനിലെങ്കിലും ഒരു ചാൻസ് കിട്ടണമെന്ന സ്വാർത്ഥ മോഹവും.കഥ പോസ്റ്റ് ചെയ്ത് നാലു മണിക്കൂറിനുള്ളിൽ വന്ന മെസേജുകളുടെ സ്വഭാവം വെച്ച് എന്റെ ഭാഗം ക്ലിയരു ചെയ്യേണ്ടത് എന്റെ ബാധ്യതയാണെന്നു കരുതി പറയുന്നു. ഇതെന്റെ അനുഭവ കഥയല്ല വേണേ വിശ്വസിക്കാം

    ReplyDelete
  6. തരക്കേടില്ല എന്നേ ഞാന്‍ പറയൂ..ഉണ്ണിമായ ടച്ച് ഇടയ്ക്കിടയ്ക്ക് മിന്നിയിട്ട് മറഞ്ഞു പോയതുപോലെ....

    ReplyDelete
  7. കൊള്ളാം. എന്തായാലും അവസാനം ആ "ബിസിനസുകാരന്‍ " കൂള്‍ ആയി കാര്യം നടത്തി... അല്ലെ!

    അല്ലേലും ഇക്കാലത്ത് അങ്ങനാ... ഈ ശംഭുവും പാന്‍പരാഗും കഞ്ചാവും അടിച്ചു "ഫ്രീക്ക്‌" ആയി നടക്കുന്ന പയ്യന്മാരെ ആണ് പെണ്‍പിള്ളാര്‍ക്ക് ഇഷ്ടം. ഹോ!

    ReplyDelete
  8. ഉണ്ണിമായയുടെ കൈയ്യൊപ്പുണ്ട്..
    പക്ഷെ അവസാനമെത്തുമ്പോൾ ഒരു ചേരായ്മ..ഡയലോഗുകളിൽ ഒരു കൃത്രിമത്വം അനുഭവപ്പെടുന്നു..

    ReplyDelete
  9. കൊള്ളാമെന്ന് പറയുന്നില്ല

    (ന്റിമേറ്റ് സ്ട്രേഞ്ചറെ...സുഖം തന്നെയല്ലേ)

    ReplyDelete
  10. ഇഷ്ടപ്പെട്ടു. കഥാവസാനവും നന്നായി. പക്ഷെ അതിനു കുറച്ചു കൂടെ മനോഹരമായ വരികള്‍ ഉപയോഗിക്കാമായിരുന്നു. ഒരു ചുംബനം എന്താ അത്ര നിസ്സാര സംഭവമാണോ !!!

    ReplyDelete
  11. എടിയേ കൊള്ളാം....നിനെ എല്ലാം നല്ല എഴുത്താണോന്ന് എനിക്കറിയില്ല..പക്ഷെ ഇത് നന്നായിട്ടുണ്ട്...

    ReplyDelete
  12. സംഭവം കിടുക്കിക്കളഞ്ഞു...

    പക്ഷെ എന്നെ അതിലും നടുക്കിയത് മുന്‍പ് ഞാനിട്ട കമെന്‍റ് ആരോ ചുമന്നുകൊണ്ടു പോയപ്പോള്‍ ആണ്...
    ആ അതുപോട്ടെ അവസാനഭാഗം ഉണ്ണിമായക്ക് ഒന്നൂടെ ഉഷാര്‍ ആക്കായിരുന്നു ട്ടോ......

    :-)))

    ReplyDelete
  13. സരസമായ എഴുത്ത്.ഇഷ്ട്ടായി..!
    നല്ല എഴുത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
    സസ്നേഹം..പുലരി

    ReplyDelete
  14. ഒരു easy going way എഴുത്തില്‍ .. അവസാനം നന്നായില്ല എന്ന് പറയണം. പിന്നെ കുറെ അക്ഷരതെറ്റുകള്‍.. അത് കെയര്‍ ചെയ്യാത്തതാവും ലെ.

    ReplyDelete
  15. @നിസാരന്‍ അടുത്ത തവണ ശ്രദ്ധിക്കാം :)

    ReplyDelete
  16. ഉണ്ണിമാങ്ങ ആണേലും ഒരു മൂത്തമാങ്ങ തിന്ന പ്രതീതി...കലക്കി..

    അക്ഷരപ്പിശാച് ഇടക്കിടക്ക് വന്നിട്ടുണ്ട്..എന്നാലും മാങ്ങയുടെ മധുരവും പുളിയുമൊന്നും നഷ്ടപ്പെട്ടിട്ടില്ല..ഇനീം വരാം..

    ReplyDelete
  17. ഇത്ര പെട്ടന്ന് പാൻപരാഗ് പണി പറ്റിക്കും എന്നുവിചാരിച്ചില്ല അല്ലെ?
    വേറെ ഒരു സംശയം, മണം പാന്‍പരഗിന്റെ തന്നെയാണെന്ന് എങ്ങിനെ മനസിലായി?

    ReplyDelete
  18. കൊള്ളാം , രണ്ടാം വായന കലക്കി. അക്ഷരതെറ്റുകള്‍ കൂടപ്പിറപ്പാണോ ? എന്നതായാലും അവസാനം എന്തോരം നന്നാക്കായിരുന്നു. കൊറച്ചു കൂടെ ശ്രദ്ധിക്കണം കേട്ടോ..! ( ആ സ്ലാന്ഗ് ഒന്ന് അനുകരിക്കുവാന്‍ ശ്രമിച്ചതാ)

    ReplyDelete
  19. കൊള്ളാം....ഇഷ്ടായി

    ReplyDelete
  20. കൊള്ളാം രസമുള്ള വായന നല്‍കി

    ReplyDelete
  21. എന്‍റെ ബസ്സെത്തി. മഴ ചാറി തുടങ്ങി. ബാങ്ക് വിളി നിലച്ചു.
    മഴയാസ്വദിക്കാന്‍ തയ്യാറെടുക്കുന്ന യേശു ദേവനോട് ഒരു ചോദ്യം!
    പ്രഭോ ലോകത്തിലെ കാക്കത്തൊള്ളായിരം മനുഷ്യര്‍ നെഞ്ച് പൊട്ടി അങ്ങയോട്
    ചോദിച്ച അതേ ചോദ്യം നിറ കണ്ണുകളോടെ ഞാനുമാവര്‍ത്തിക്കുന്നു.

    നല്ല വായന,രസമുണ്ട്,ഒഴുക്കുണ്ട് വായനയ്ക്ക്.
    അക്ഷരത്തെറ്റുകൾ കൂടെപ്പിറപ്പാണോ ?
    വാക്കുകൾക്കിടയിൽ അകലം പാലിക്കുക.
    ആശംസകൾ.

    ReplyDelete
  22. നല്ല എഴുത്ത്. കഥ ഇഷ്ടായീ.

    ReplyDelete
  23. ഏതു ക്ലാസില പടിക്കണേ എന്ന് കാണുമ്പോള്‍ എല്ലാം ചോദിച്ചിരുന്ന ഒരു ബന്ധുവിനെ പെട്ടെന്ന് ഓര്‍മ്മ വന്നു !

    ReplyDelete
  24. വേറിട്ടൊരു ശൈലി.., ഇഷ്ടമായി..

    ReplyDelete
  25. നന്നായി

    റോസിലി ചേച്ചി പറഞ്ഞത് പോലെ ആ ചുംബനത്തിനു കുറച്ചു കൂടി മനോഹരായ വരികള്‍ കൊടുത്തിരുന്നെങ്കില്‍ കഥയുടെ അത് വരെയുള്ള ലെവല്‍ തന്നെ മാറിപോയേനെ

    ReplyDelete
  26. ലളിതമായ ശൈലിയിൽ അഭിപ്രായവ്യത്യാസമില്ല. പലരും പറഞ്ഞപോലെ അനായാസം കഥയെ മുന്നോട്ടു നയിക്കുന്ന ശൈലി നല്ലതുതന്നെ..... നന്നായി ഇഷ്ടമായി....

    എന്നാൽ ഈ എഴുത്തുകാരിക്ക് കഥയെ ഇനിയും തിളക്കമുള്ളതാക്കാമായിരുന്നു എന്നും വായനയിൽ തോന്നി......

    ReplyDelete
  27. കൊള്ളാം .. നന്നായി എഴുതി (Y)

    ReplyDelete
  28. പണ്ടൊരിക്കല്‍ വായിച്ചിരുന്നു. പഴയപോലെ ഇപ്പോഴും നന്നായിത്തന്നെ ഇരിക്കുന്നു. നല്ല ശൈലി. ആരെയും കൂസാത്ത അവതരണം. ആശംസകള്‍. പാവങ്ങളുടെ മാധവികുട്ടിയുടെ നല്ല കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete