ഇടയന്‍

കോട്ടയുടെ വാതില്‍ക്കല്‍ തന്നെ അവനുണ്ടായിരുന്നു. കറുത്തതായ ഷര്‍ട്ടും പാന്‍റും ചര്‍മ്മവും അണിഞ്ഞ, ധനുഷിന്‍റെ  വിദൂര ച്ഛായയുള്ള അവന്‍; ഗോല്‍ക്കൊണ്ടയിലെ ഇടയന്‍...

ഇരുപത് രൂപ തലയ്ക്ക് വിലയുള്ള ഇരുപത്തേഴു പേരടങ്ങുന്ന ഒരു സങ്കരയിനം ആള്‍ക്കൂട്ടത്തെ അവന്‍ ഫോര്‍ട്ടിനകത്തേക്ക് തെളിച്ചു കൊണ്ട് വന്നു. ഹിന്ദിയില്‍ അവന്‍ 'ക്വുത്തബ് ഷാഹി ആര്‍ക്കിടെക്ച്ചറെപ്പറ്റി വാചാലനായി. ഇടയ്ക്കിടയ്ക്ക് എന്‍റെ മുഖത്ത് നോക്കി മാത്രം അതിന് 'അംഗ്രേജിക്കാര്‍' എന്ത് പറയുമെന്ന് പറഞ്ഞു.

ആ കൂട്ടത്തില്‍ ഹിന്ദി ഒട്ടും വഴങ്ങാത്ത മദ്രാസി ഞാനാണെന്ന് അവനെങ്ങനെ മനസ്സിലായി?

കറുത്ത കണ്ണും മുടിയും പോലിമയില്ലാത്ത വേഷഭൂഷാദികളുമാവാം ഒറ്റിയത്!

"തെക്കന്‍ രാജാക്കന്മാര്‍ക്ക് ഇത്രയും സാമര്‍ത്ഥ്യമോ?" ഒരു ഗോസായിത്തന്ത നെറ്റി ചുളിച്ചു.

തന്‍റെ ക്രെടിബിളിട്ടി തന്ത അളക്കുകയാണ് എന്നേ പാവം അവന് മനസ്സിലായുള്ളൂ.അയാളുടെ സ്വരത്തിലെ  പുഛ്ചം  മനസ്സിലാക്കാന്‍ അവന്‍ മലയാളിയോ ബുദ്ധിജീവിയോ ആയിരുന്നില്ല.

കാകാല വാഴ്ച തൊട്ട് ഗോല്‍ക്കൊണ്ട കാണുന്ന ഇടയ പൂര്‍വ്വികരുടെ പാരമ്പര്യത്തില്‍ ഊന്നി അവന്‍ താന്‍ പറഞ്ഞ വസ്തുതകളുടെ വിശ്വാസ്യത ഉറപ്പിക്കാന്‍ ശ്രമിച്ചു.

ഇന്ത്യയെന്നാല്‍ ഉത്തരേന്ത്യ എന്നും സംസ്കാരമെന്നാല്‍ അത് മുഗളന്മാരുടെതും എന്ന വടക്കന്‍ പോരിമയ്ക്കിളക്കം തട്ടിക്കാനായില്ലെങ്കിലും തന്‍റെ കഞ്ഞിക്കാശെങ്കിലും പോകാതെ കാക്കാന്‍ അവനായല്ലോ എന്ന്‍ ഞാനാശ്വസിച്ചു.

ഞങ്ങള്‍ നടന്നു കൊണ്ടേയിരുന്നു.
കോട്ടയുടെ തച്ചുശാസ്ത്രത്തില്‍ ശബ്ദതരംഗങ്ങള്‍ സന്ദേശങ്ങളാകുന്ന പ്രക്രിയ വിശദീകരിക്കാന്‍ ആള്‍ക്കൂട്ടത്തോട് രണ്ട് പേരടങ്ങുന്ന സംഘമായ് പിരിയാന്‍ അവന്‍ ആഹ്വാനം ചെയ്തു.

ഞാന്‍ ഒറ്റയ്ക്കാണെന്ന് ഒത്തിരി കാലങ്ങള്‍ക്ക് ശേഷം ഒരാള്‍ ശ്രദ്ധിച്ചിരിക്കുന്നു!!!!

ഒറ്റപ്പെട്ടവള്‍ക്കൊപ്പം തന്നെ നല്ലിടയന്‍ വന്നു.കോട്ടയുടെ ഒരു കല്‍ത്തൂണില്‍ മുഖമമര്‍ത്തി അവന്‍ പറഞ്ഞ 'ഹലോ' എതിര്‍ വശത്തെ തൂണ്‍ എനിക്കെത്തിച്ചു തന്നു.

"മേദം ഹലോ ബോല്‍!
സോരീ, മേദം സേ ഹലോ  "

അവന്‍ രണ്ടു ഭാഷകളില്‍ ആവശ്യപ്പെട്ട 'ഹലോ' മടിച്ചു മടിച്ചു ഞാന്‍ നല്‍കി. എന്‍റെ കാഴ്ചയ്ക്കുള്ളില്‍ രണ്ട് കുഞ്ഞി പാഴ്സി സഹോദരങ്ങള്‍  തൂണുകളോടാജ്ഞാപിച്ച  'ഹലോ'യുടെ കൌതുകവും ആവേശവും എന്നില്‍ വറ്റിപ്പോയ കാലമേതെന്നു വെറുതേ ഓര്‍ക്കാന്‍ ശ്രമിച്ചു.

സന്ധ്യയാകുന്നതിന്റെ തിരക്കില്‍ ഞങ്ങള്‍ നടത്തതിനാക്കം കൂട്ടി.
രാജാവിന്‍റെ ദര്‍ബാര്‍, വായനശാല, നിസ്കാരമുറികള്‍,പടക്കോപ്പുകള്‍,ജയിലറകള്‍,മണിയറകള്‍.....
കാലഹരണപ്പെട്ട മനുഷ്യ വ്യഥകളുടെ കറുത്ത പാടുകള്‍ക്കിടയിലൂടെ* അവന്‍ ഞങ്ങളെ കോട്ടയ്ക്ക് പുറത്തെത്തിച്ചു.വരിവരിയായ് പുറത്തേക്കു വന്ന ഞങ്ങളോരോരുത്തരോടും അവന്‍ വെളുക്കെ ചിരിച്ച് കൈ നീട്ടി. ആദ്യം കൊടുത്ത ഇരുപത് രൂപയ്ക്കധികമായ് ഒന്നും നല്‍കാന്‍ തയ്യാറല്ലായിരുന്ന മനുഷ്യരെ  അവന്‍ ഉള്ളാലെ ചീത്ത പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. അവന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ നല്‍കാന്‍  പേഴ്സെടുതപ്പോ ഞാന്‍ ഉള്ളാല്‍ പറഞ്ഞതെന്തെന്നു കേള്‍ക്കാന്‍ സാധിച്ചതുമില്ല

*********************************************************************************

കോട്ടയ്ക്കു പുറത്താ സര്‍ക്കാര്‍ വാഹനം കാത്ത് കിടക്കയായിരുന്നു. ഡല്‍ഹിയില്‍ നിന്ന്‍ മധുവിധുവും തെലുങ്കാനാ എന്ക്വൈരിയും ഒരുമിച്ചാഘോഷിക്കാന്‍  ഹൈദരാബാദിലെത്തിയ യുവ സിവില്‍ സര്‍വെന്റിന്റെ വാഹനം മിസിസിനെ ഉള്ളിലാക്കി  മടക്കയാത്രയ്ക്ക് തയ്യാറായി. കാറില്‍ മനപ്പൂര്‍വ്വം ഉപേക്ഷിച്ചു പോയ മൊബൈല്‍ ഫോണ്‍ മിസ്കോളുകളാല്‍ വിങ്ങുകയായിരുന്നു. ഹൈദരാബാദ് വരെ വന്നിട്ട് നാട്ടിലേക്കില്ലേയെന്ന്‍  ഉറവിടമൊന്നായ ആ ഇരുപത്തൊന്നു മിസ്കാളുകളും ചോദിക്കുന്നുണ്ടായിരുന്നു....


കേരളത്തിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ ഭാവി  സ്വപ്നങ്ങളില്‍  ധനുഷിന്‍റെ പൗരുഷം  പ്രതിഷ്ഠിച്ച   'ആടുക്കളത്തിന്റെ' പോസ്ടര്‍ പതിച്ച നോട്ടുബുക്കില്‍ തലചായ്ച്ചു വൈകി ഉറങ്ങിയ മകളെ  പ്രധാനമന്ത്രിയുടെ  നാട്ടുകാരനായ, കുത്തരിച്ചോററപ്പായ, ഗോതമ്പിന്‍റെ നിറമുള്ള ചെറുപ്പക്കാരന്  വിരമിക്കല്‍ സമയത്ത് ഔദ്യോഗികപദവിക്കൊപ്പം മകളെയും കൈമാറാന്‍ തോന്നിച്ച  ചാണക്യ ബുദ്ധി .........

ഇരുപത്തൊന്നു മിസ്കോളും ഡിലീറ്റ് ചെയ്തു തീര്‍ന്നപ്പോഴേക്കും ഗോല്‍ക്കൊണ്ടയെയും ഇടയനെയും മറവിയുടെ മൂലയ്ക്കൊതുക്കി ഗസ്റ്റ് ഹൌസ് എത്തിക്കഴിഞ്ഞിരുന്നു.


*കടപ്പാട്=കടമ്മനിട്ടയുടെ കണ്ണൂര്‍ കോട്ട
Photo courtesy- Nandagopan.G
Golkonda also known as Golla konda (shepherd's hill) a ruined city of Southern India and capital of ancient Kingdom of Golkonda (c.1518–1687), is situated 11 km west ofHyderabad (from wikipedia)18 comments:

 1. ഉത്തരേന്ത്യന്‍ സംസ്കാരം സമര്‍ത്ഥിക്കുന്ന അനാഥത്വത്തില്‍ ഉഴറുന്ന മദ്രാസിപ്പെൺകുട്ടിയുടെ ചിന്താധാരകളില്‍ സ്പഷ്ടമായ ഈ മോഹഭംഗം ഭംഗിയായിരിക്കുന്നു. പതിവുപോലെയല്ലാതെ ഭാഷയും ശൈലിയും ചേര്‍ന്ന് അജ്ഞാതമായ പുതുമയുള്ള ഒരു ചെറിയ വായന ഒരുക്കിയ കഥാകാരിക്ക് അഭിനന്ദനങ്ങള്‍.

  ReplyDelete
 2. കുഴപ്പമില്ലാതെ മനസ്സിൽ തോന്നിയതു അനുഭവവും ചേർത്ത് നല്ലൊരു റെസിപ്പി ഉണ്ടാക്കി

  ReplyDelete
 3. നല്ല ഭാഷാപ്രയോഗങ്ങൾ ഉണ്ണിമായാ....., നല്ല ശൈലി. വളരെ ഇഷ്ടമായി , അല്ല പെരുത്തിഷ്ടമായി

  ReplyDelete
 4. മായമ്മ കഥ ഇഷ്ടമായി . ഭയങ്കര ചേഞ്ച് ഭാഷയ്ക്ക്‌ , അവതരണത്തിന് .

  ReplyDelete
 5. ഏറ്റവും ഇഷ്ടമായത് കഥയുടെ കൈയ്യൊതുക്കം തന്നെ..

  കഥാഖ്യാനവും ഇഷ്ടപ്പെട്ടു.

  സ്ത്രീകൾക്ക് മാത്രം സ്വന്തമായ കാല്പനികതകളും അതിന്റെ നിരാസവും പ്രായോഗികയുക്തികളിലേക്കുള്ള തിരിച്ചു പോക്കും പ്രതിഷേധവും ..

  ചില അക്ഷരത്തെറ്റുകൾ കണ്ടു : പുച്ചം,പൌരുഷം, പ്രതിഷ്ടിച്ച, ബുദ്ദി.

  ReplyDelete
 6. അവതരണം നന്നായി.. ആശംസകള്‍

  ReplyDelete
 7. കഥകളെ കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്യാന്‍ അറിയില്ല. ഗോല്‍ക്കൊണ്ടയെ പാശ്ചാത്തലമാക്കി നന്നായി എഴുതി.

  ReplyDelete
 8. ആടുകളം കണ്ടിട്ടില്ല ,കഥ അത് കൊണ്ട് തന്നെ പൂര്‍ണ്ണമായി കത്തിയതുമില്ല ,ഊഹിച്ചെടുത്ത കഥ എവിടെയോ നഷ്ടപ്പെട്ട നീലാംബരി എന്ന കഥയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി ,

  ReplyDelete
 9. നല്ല കഥ .
  വേഷഭൂഷാദികളുമാവാം ഒറ്റിയത്!
  ഇത് ആ അവസ്ഥയെ നന്നായി വർണ്ണിച്ചു.

  "പുഛ്ചം മനസ്സിലാക്കാന്‍ അവന്‍
  മലയാളിയോ ബുദ്ധിജീവിയോ ആയിരുന്നില്ല."

  മലയാളിയുടെ കഴിവിനെ കാണിക്കുന്നു ഇതും നല്ലത്

  "
  അവന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ നല്‍കാന്‍
  പേഴ്സെടുതപ്പോ ഞാന്‍ ഉള്ളാല്‍ പറഞ്ഞതെന്തെന്നു
  കേള്‍ക്കാന്‍ സാധിച്ചതുമില്ല "

  ഇത് ആകെ കൻഫൂഷൻ ഉണ്ടാക്കുന്നു

  ലാസ്റ്റ് ഭാഗം കലപില ആയി പോയി ....
  ലളിതമല്ലതായി..തുടരുക
  മാങ്ങേ....

  ReplyDelete
 10. കഥയൊക്കെ അവിടെ നില്‍ക്കട്ടെ
  എന്നാലും ആ ഇരുപത്തൊന്ന് മിസ് കാളുകളും ഡിലീറ്റ് ചെയ്തത് ശരിയായില്ല.

  (ഈ കോട്ട ഞാന്‍ കാണാത്തതുകൊണ്ട് കഥയ്ക്ക് ഒരു അപരിചിതത്വം ഫീല്‍ ചെയ്തു. പരിസരം പൊഹ കൊണ്ട് നിറഞ്ഞിരിയ്ക്കുന്നു. തിയറ്ററില്‍ അന്നേം റസൂലുമൊക്കെ കാണുന്ന കുട്ട്യോള്‍ടെ കഥയാണെങ്കില്‍ പെട്ടെന്ന് ക്യാച്ച് ചെയ്യും. അതാ നുമ്മടെ ഒരു റേഞ്ച്...യേത്!!)

  ReplyDelete
 11. കോട്ട കണ്ടിട്ടില്ലെങ്കിലും പറഞ്ഞ രീതി ഇഷ്ടമായി.. ചില ചില അവ്യക്തതകള്‍ അവിടെയും ഇവിടെയും -പക്ഷെ ഉദ്ദേശിച്ച കാര്യം പിടി കിട്ടി. പക്ഷെ, മലയാളിക്ക് ഹിന്ദി മനസിലാകില്ല എന്ന് പറഞ്ഞത് ദഹിച്ചില്ല (അതോ ആടുകളത്തിലൂടെ നായിക തമിഴ്പെന്കൊടി ആണെന്നാണോ പറയാന്‍ ഉദ്ദേശിച്ചത്?). ഇനിയും ശക്തമായും വ്യക്തമായും എഴുതാന്‍ ആകട്ടെ - ആശംസകള്‍

  ReplyDelete
 12. കഥ ഇഷ്ടമായി.. ഉണ്ണിമായ. അവസാനഭാഗത്ത് ഒരു അനാവശ്യമായ ധിറുതി ഉണ്ടായിരുന്നു.. അത് വേണ്ടായിരുന്നു എന്നു തോന്നുന്നു...

  ReplyDelete
 13. വായന രേഖപ്പെടുത്തുന്നു
  പ്ലാറ്റ് ഫോം എനിക്കപരിചിതമാണ് .
  ആശംസകൾ

  ReplyDelete
 14. ഇത് ആരെങ്കിലും മലയാളത്തിലേക്ക് വിവർത്തിച്ച് തരുമോ?

  ReplyDelete
 15. കഥ ഇഷ്ടപ്പെട്ടു, പശ്ചാത്തലത്തെ കുറിച്ചുള്ള അറിവില്ലായ്മ തെല്ലു ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും.

  ReplyDelete
 16. അഭിപ്രായം പറയാന്‍ അറിയില്ല, ഏതായാലും പറഞ്ഞ രീതി ഇഷ്ടപ്പെട്ടു.

  ReplyDelete
 17. "തെക്കന്‍ രാജാക്കന്മാര്‍ക്ക് ഇത്രയും സാമര്‍ത്ഥ്യമോ?"

  ReplyDelete