ഹവ്വാജനനം

                            1

അമ്മ പേടിക്കും.
ഇന്‍കമിംഗ് കാളുകള്‍ തുടരെ തുടരെ കട്ട് ചെയ്യേണ്ടി വന്നിട്ടും  നീലിമ ഫോണ്‍  സ്വിച്ച് ഓഫ് ചെയ്യാതിരുന്നത് ആറുമണിക്കപ്പുറം മകളെ കാണാതായാല്‍ ഗേറ്റിനു മുകളിലൂടെ തലയേന്തിച്ചു നോക്കുന്ന ആ  അമ്മപ്പേടിയെ ഓര്‍ത്തിട്ടാണ്.അമ്മയ്ക്കന്ന്‍ പക്ഷെ ആധി പിടിക്കേണ്ടി വന്നില്ല.നീലിമ പതിവിലും നേരത്തെ വീടെത്തിയിരിക്കുന്നു.അതുന്നേരം വൈകിച്ച സ്വിച്ച് ഓഫ് കര്‍മ്മം അവിടെ സാര്‍തഥകമാവുകയും ചെയ്തു.
കഴിക്കാന്‍ നിന്നില്ല.അമ്മ കഴിക്കാന്‍ വിളിച്ചു പറഞ്ഞത് അവള്‍ കേട്ടതുമില്ല. കാരണം അപ്പോള്‍ നീലിമ കരയുകയായിരുന്നു. ഷവറിന്റെ ഇരമ്പലിനു മറയ്ക്കുവാന്‍ സാധിക്കുന്ന ഒച്ചയിലാണോ താന്‍ കരയുന്നതെന്ന് അന്വേഷിക്കാന്‍ മെനക്കെടാതെ ഹൃദയം നുറുങ്ങി ശ്രാവണഗിരി ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ  മാഗസീന്‍ എഡിറ്റര്‍ കരഞ്ഞു കൊണ്ടേയിരുന്നു.
                                        
                            2

ഹര്‍ഷാരവങ്ങള്‍, മുദ്രാവാക്യങ്ങള്‍,പരാജിതരുടെ ഭൂമി കീറുന്ന നിശബ്ദത....ശ്രാവണഗിരി അതിന്‍റെ അവസാന ഇലക്ഷനും  പൂര്‍ത്തീകരിച്ചു  കഴിഞ്ഞിരിക്കുന്നു. തുടര്‍ വര്‍ഷങ്ങളില്‍ അതൊരു സ്വയംഭരണ കോളേജാവുകയും കോളേജ് ഇലക്ഷന്‍ അതിന്‍റെ പാരമ്പര്യത്തെ തള്ളിപ്പറഞ്ഞ്‌ ഒരു  പാവക്കൂത്തായി അധ:പതിക്കുകയും  ചെയ്യുമായിരിക്കും. ജയപരാജയ ഗണങ്ങളിലായി ചിതറിക്കിടന്ന അവിടത്തെ വിദ്യാര്‍ത്ഥികളില്‍ ചിലരെങ്കിലും വരും കാലത്തെയോര്‍ത്ത്  ആശങ്ക പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.ശ്രാവണഗിരിയുടെ ആദ്യ വനിതാ മാഗസീന്‍ എഡിറ്റര്‍ പക്ഷെ അപ്പോള്‍ ആ ചിന്തകള്‍ക്കെല്ലാം വളരെ അകലെയായിരുന്നു. ത്രസിപ്പിക്കുന്ന ഭൂരിപക്ഷം  ചാര്‍ത്തിത്തന്ന ഉത്തരവാദിത്തത്തെ അവള്‍ തന്നിലേക്ക് ആവാഹിക്കുകയായിരുന്നു. മഴയും വെയിലും സമ്മിശ്രം പെയ്ത ആ ഇലക്ഷന്‍ സന്ധ്യയില്‍ ഒരു പെണ്‍മുഷ്ടി  സദൃഡാം മുദ്രാവാക്യം വിളിച്ചു.

                            3

കനത്ത  മുഖവും ചുവന്ന കണ്ണുകളും അമ്മയില്‍ നിന്നൊളിപ്പിച്ച് നീലിമ സ്വീകരണമുറിയില്‍ കയറിപ്പറ്റി. ടി വി യായിരുന്നു ലക്ഷ്യം.നീലിമയുടെ ടിവി കാണല്‍ ഇപ്പൊ നന്നേ കുറഞ്ഞിരിക്കുന്നു. "ഏതുനേരവും ഫേസ്ബുക്കില്‍.." അമ്മ പരാവി മടുത്തിരിക്കുന്നു.സത്യമാണ്. നീലിമയുടെ ഒഴിവു നേരങ്ങളധികവും ഫേസ്ബുക്ക് കവര്‍ന്നെടുത്തിരിക്കുന്നു പക്ഷെ വെറുമൊരു സൊറപറയല്‍ കേന്ദ്രമായി നീലിമ ഫേസ്ബുക്കിനെ കാണുന്നില്ല. വിവിധ രാഷ്ട്രീയ-സാഹിത്യ സദസ്സുകളിലൂടെ അതിന്‍റെ സാധ്യതകളെ അവള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.ഇന്ന്‍ പക്ഷെ ലോഗിന്‍ ചെയ്ത് നോക്കാന്‍ അവള്‍ക്ക് ധൈര്യമില്ല.അവിടെ അവളെ കാത്തിരിക്കുന്നത് വിമശനങ്ങള്‍ മാത്രമാണ്. എല്ലാം എല്ലാവരും അറിഞ്ഞിട്ടുണ്ടാവും.ചോദ്യങ്ങളുടെ കൂരമ്പുകള്‍ക്ക് മുന്നില്‍ ഒന്നും നേരിടാന്‍ ധൈര്യമില്ലാത്തവളായി സ്വയം അവരോധിച്ച് നീലിമ ദുര്‍ബലമായി റിമോട്ട് അമര്‍ത്തി.

                            4

യൂണിയന്‍ റൂമില്‍ വിജിലും നീലിമയും മാത്രമായിരിക്കുന്ന അപൂര്‍വ്വം അവസരങ്ങളില്‍ ഒന്ന്‍.അവര്‍ മാത്രമേ ഉള്ളുവെന്ന്‍ കണ്ട് അതുവഴി വന്ന പ്രവര്‍ത്തകര്‍ റൂമില്‍ കേറാതെ ഒഴിഞ്ഞു പോവുകയും ചെയ്തു.എന്നാല്‍ പതിവുള്ളത് പോലെ പ്രണയമായിരുന്നില്ല അവരപ്പോള്‍ സംസാരിച്ചിരുന്നത്.
“നമ്മള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധപ്രകടനമൊക്കെ നടത്തിയതല്ലേ നിലീ ഇനിയുമതിനു പിന്നാലെ നടക്കണോ?”
ഡല്‍ഹിയില്‍ സംഭവിച്ച കൂട്ടബലാല്സംഗത്തിനെതിരെ രാജ്യമാകമാനം മെഴുകുതിരി ഉരുക്കിയ സമയം.ശ്രാവണഗിരി യൂണിയന്‍റെ ആഭിമുഖ്യത്തിലും പാര്‍ട്ടികളുടെ ആഭിമുഖ്യത്തിലും വെവ്വേറെ മെഴുകുതിരികളുരുക്കി പ്രതിഷേധം രേഖപ്പെടുത്തി.നീലിമയ്ക്ക് അവയിലെല്ലാം പ്രസംഗിക്കാന്‍ അവസരം ലഭിച്ചതുമാണ്.പക്ഷെ ഇപ്പോള്‍ അവളാ വിഷയുമായി ചെയര്‍മാന്‍ വിജിലിനെ സമീപിക്കാന്‍ കാരണം തലേന്നത്തെ ഹിന്ദു പത്രത്തില്‍ വന്ന അരുന്ധതി റോയുടെ ലേഖനമാണ്.ബലാത്സംഗത്തിന്റെ രാഷ്ട്രീയത്തെയും മധ്യവര്‍ഗ ഹിപ്പോക്രസിയും നിശിതമായ് വിമര്‍ശിക്കുന്ന ആ ലേഖനത്തെ മുന്‍നിര്‍ത്തി യൂണിയന്‍ ചര്‍ച്ച സംഘടിപ്പിക്കുന്നതിനെയും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ വിദഗ്ദര്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കൊപ്പം തങ്ങളുടെ ആശയങ്ങളും ആശങ്കകളും പങ്കു വെയ്ക്കുന്നതിനെപ്പറ്റിയുമൊക്കെ അവള്‍  വളരെ ആവേശത്തോടെയാണ് സംസാരിച്ചത്.വിജിലിത്ര തണുപ്പന്‍ മട്ടില്‍ പ്രതികരിക്കുമെന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നില്ല.അല്ലെങ്കിലും ആ ബസ് തടയല്‍ സംഭവത്തിന്‌ ശേഷം വിജിലിനു തന്നോടൊരു നീരസമില്ലേയെന്ന്‍ നീലിമ സംശയിക്കാതിരുന്നില്ല.കിളിവഞ്ചൂര്‍ ഭാഗത്തേക്ക് പോകുന്ന ഒരേയൊരു ബസ്.അവിടത്തെ ആദിവാസിക്കുട്ടികളുടെ കോളേജ് സ്വപ്നങ്ങളുടെ ചിറകാണത്.അതില്‍ നിന്നാണ് ഭീകരമായ പൂവാലശല്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.പരിഷ്കൃത നാഗരികര്‍ കിഴക്കേക്കോട്ടയില്‍ നിന്ന് ബസ് സ്റ്റാര്‍ട്ട് ചെയ്യുമ്പഴേ സീറ്റ് കയ്യടക്കും.നഗരത്തിലെ വിവിധ കോളേജുകളില്‍ നിന്ന്‍ ബസില്‍ കേറുന്ന കുട്ടികളെ ആഭാസപ്പാട്ടുകള്‍ പാടി വരവേല്‍ക്കും.നഗരമൊടുങ്ങുന്ന സ്റ്റോപ്പില്‍ താന്താങ്ങളുടെ കര്‍മ്മം വേണ്ടപോലെ നിര്‍വഹിച്ച സംതൃപ്തിയില്‍ ബസ്സിറങ്ങിപ്പോവുകയും ചെയ്യും.ക്ലാസില്‍ ഒരാഴ്ചയിലധികം ആബ്സന്ടായ സഹപാഠിയെ അന്വേഷിച്ചിറങ്ങിയ നീലിമയാണ് വിഷയം യൂണിയന്‍ മീറ്റിംഗില്‍ അവതരിപ്പിച്ചത്.ആ അധികാരത്തിലാണ് ബസ് തടഞ്ഞ ദിവസം നീലിമ ആള്‍ക്കൂട്ടത്തെ നോക്കി സംസാരിച്ചത്.വിജിലിന്റെ കാണാപ്പാഠം പ്രസംഗത്തെകാള്‍ അതിനു ജീവസ്സുണ്ടായിപ്പോയത് അവളുടെ കുറ്റമാണോ?വിജിലിന്റെ മുഖമിരുളുന്നത് അന്നവള്‍ ശ്രദ്ധിക്കാതിരുന്നില്ല.പിന്നീടുള്ള ദിവസങ്ങളില്‍ ഓരോന്ന്‍ പറഞ്ഞ് അവളെ ഒഴിവാകുന്നതും.
ഇപ്പോള്‍ പക്ഷെ മുഖമിരുണ്ടത് നീലിമയുടേതാണ്.വിജിലിന് എന്തെങ്കിലും പറഞ്ഞ് അവളെ ആശ്വസിപ്പിക്കണമെന്ന് തോന്നി.
“സമയമില്ലാത്തോണ്ടല്ലേ കുട്ടാ.കണ്ണടച്ച് തുറക്കും മുമ്പേ സെമസ്റ്റര്‍ തീരും.ആര്‍ട്ട് ഫെസ്റ്റും സ്പോര്‍ട്ട് ഫെസ്റ്റുമൊക്കെ പെണ്ടിംഗ് കെടക്കാ. കോളേജ് ഫെസ്റ്റിന്റെ കാര്യം പിന്നെ പറയണ്ടല്ലോ.നോക്കട്ടെ, കോളേജ് ഫെസ്റ്റിനിടെ ഓപ്പണ്‍ ഡിസ്കഷനായോ മറ്റോ നമുക്കിത് നടത്താം.നീ ഒന്നടങ്ങ്‌.”
നീലിമ അടങ്ങി.ഓപ്പണ്‍ ഡിസ്കഷന്റെ ഉറപ്പിനെക്കാള്‍ വിജിലിന്റെ കുട്ടാ വിളിയാണ് ഏറ്റത്.അപൂര്‍വ്വമായേ അവനങ്ങനെയെന്തെങ്കിലും അവളെ വിളിക്കാറുള്ളൂ.ഇപ്പോഴെന്തേ അങ്ങനെ തോന്നാന്‍? നീലിമ ചിന്തിച്ചു.ആ ബസ്സമരപ്പിണക്കം മാറ്റാനാവണം.അങ്ങനെയെങ്കില്‍ ഒരു സോറിയാണ് കുട്ടനായി പരിണമിച്ചത്. എന്തൊരു ഈഗോ പിടിച്ച ചെറുക്കന്‍! നീലിമയ്ക്ക് അവനോടൊരു കള്ളദേഷ്യം തോന്നി.വെറും പാവമാണ് എന്നാലുമൊരു ഈഗോയുടെ മേലങ്കി വെറുതേ എടുത്തണിയും.എന്നിട്ടതിലാണ് അവന്‍റെ വ്യക്തിത്തമെന്നു സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. വിജിലിന്റെ കുറ്റിത്താടി കൊണ്ട് മൂടിപ്പോയ അവന്‍റെ നുണക്കുഴികളോട് തന്നെയാണ് അവനെ ഉപമിക്കാന്‍ നീലിമയ്ക്ക് തോന്നിയത്.ആ ഓര്‍മ്മയില്‍ അവയിലൊന്ന് പിഴുതെടുക്കാനും!

                            5

ചാനലുകള്‍ പല ഭാഷകളില്‍ കൊഞ്ചുന്നത് നീലിമ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.പക്ഷെ ഏതോ ഒരു ചാനല്‍ അനിതാമോഹന്‍ എന്ന്‍ പറഞ്ഞയിടത്ത് നീലിമ റിമോട്ടില്‍ നിന്ന്‍ കൈ വിടുവിച്ചു.കുറച്ചു ദിവസമായി കേരള സമൂഹം ചര്‍ച്ചയ്ക്കെടുത്തിരിക്കുന്നത്  അനിതാമോഹന്‍ വിവാദമാണ്.ഒരു പൊതു ചടങ്ങിനിടെ സിനിമാതാരം അനിതാമോഹനെ സ്ഥലം എംപി അപമാനിച്ചു..അപമാനിക്കാന്‍ ശ്രമിച്ചു....അപമാനിച്ചുവെന്നാരോപിച്ചു....ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.നീലിമയ്ക്ക് അനിതാമോഹനെ ഇഷ്ടമാണ്.ഇന്ടസ്ട്രിയിലെ പല മുന്‍നിര നടിമാരും ഏറ്റെടുക്കാന്‍ മടിച്ച റോളുകള്‍ അവര്‍ ഭംഗിയായി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.boldest actress in the industry എന്ന്‍ അവര്‍ക്ക് ചാര്‍ത്തിക്കിട്ടിയ വിശേഷണത്തിനു് പല വ്യാഖ്യാനങ്ങളും വന്നിട്ടുണ്ട്.അതില്‍ പരമാര്‍ത്ഥത്തോട് മാത്രം നീലിമയും യോജിക്കുന്നു.
നീലിമ കുത്തിനിര്‍ത്തിയ ചാനലില്‍ ഒരു ആക്ഷേപഹാസ്യ പരുപാടിയാണ് നടക്കുന്നത്.
“ഈ അനിതാമോഹന്‍ എന്നാണിത്ര വലിയ ശീലാവതിയായത് ഹേ! അവരുടെ ഒരു പടമുണ്ടല്ലോ സാറേ വേട്ട! അത് കണ്ടിട്ടുള്ള ആണൊരുത്തനാണെ കയ്യീക്കിട്ടിയാ പിന്നവരെ തൊടാണ്ട് വിടൂല്ല! തോട്ടാലെന്താ ഉരുവിപ്പോവോ? സിനിമേലാവാങ്കി ജീവിതത്തിലുമാവം അല്ലേ സാറേ?”
ഒരു സര്‍ക്കാരാഫീസ് പശ്ചാത്തലമാക്കി രണ്ടുദ്യോഗസ്ഥരുടെ സംഭാഷണങ്ങിലൂടെ വികസിക്കുകയാണ് പ്രോഗ്രാം.ആക്ഷേപം കണ്ടു കഴിഞ്ഞു. ഇനി ഹാസ്യം എപ്പഴാണാവോ?! നീലിമയ്ക്ക് ദേഷ്യം കൊണ്ട് ടിവി തന്നെ കത്തിച്ച് കളയാന്‍  തോന്നി. അനിതാമോഹന്‍ കേസുമായി മുന്നോട്ട് പോകണേ എന്നവള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു.


                            6

ശ്രാവണഗിരി നിന്ന്‍ കത്തുകയായിരുന്നു.ഒരു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്റ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാ വാര്‍ത്ത കുട്ടികളുടെ ഒരു രോക്ഷക്കടല്‍ തന്നെയുയര്‍ത്തി.നിരന്തരമായ സമരങ്ങള്‍ ആ അദ്ധ്യാപകന്‍റെ സസ്പെന്ഷന് വഴി വെച്ചു. വിജയാഹ്ലാദങ്ങളില്‍ പങ്ക് കൊള്ളാന്‍ ആ പെണ്‍കുട്ടി പക്ഷെ കോളേജില്‍ ഉണ്ടായിരുന്നില്ല.ദഹിക്കാന്‍ പറ്റാത്ത എന്തോ കാരണം പറഞ്ഞ് അവളും കോളേജില്‍ നിന്ന്‍ പോയി.എല്ലാം തണുത്തുറഞ്ഞുവെന്ന് തോന്നിയ ഒരു ദിവസത്തിലേക്ക് ആ അദ്ധ്യാപകന്‍ സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുകയും ചെയ്തു.മാനേജ്മെന്റ് കൈ കഴുകിയ വിഷയത്തില്‍ പ്രതിഷേധമുറ കണ്ടെത്താനാവാതെ യൂണിയന്‍ ഉഴറി.
താന്താങ്ങളുടെ ആശയക്കുഴപ്പത്തില്‍ നിന്നുള്ള താല്‍കാലിക രക്ഷയെന്നു കരുതിയിട്ടാവണം ശ്രാവണഗിരിയുടെ 2012-2013 മാഗസീന്‍ സ്ത്രീകളെ കേന്ദ്രീകരിച്ചാണെന്ന് നീലിമ പറഞ്ഞപ്പോള്‍ യൂണിയന്‍ ഒന്നടങ്കം അനുകൂലിച്ചത്.’ഹവ്വാമരണം എന്ന്‍ നീലിമ തന്നെ പേരിട്ട മാഗസീന്റെ വര്‍ക്കുകള്‍ കൊണ്ട് പിടിച്ച് നടന്നു.നീലിമയുടെ രണ്ട് കവിതകള്‍ മാഗസീനില്‍ ഇടം നേടി. വിജിലിന്റെ ക്ലീന്‍ഷേവ് ഫോട്ടോയോടു കൂടിയ ചെയര്‍മാന്‍റെ ആശംസയില്‍ നടക്കാതെ പോയ ഓപ്പണ്‍ ഡിസ്കഷന്റെ ക്ഷമാപണവും ഉണ്ടായിരുന്നു.രണ്ടര മാസത്തെ അദ്ധ്വാനത്തിനൊടുവില്‍ content editingനു മാഗസീന്‍ അദ്ധ്യാപകരെ ഏല്‍പ്പിക്കുമ്പോള്‍ സൃഷ്ടിക്കു ശേഷമുള്ള അദമ്യമായ സംതൃപ്തിയും സമാധാനവും നീലിമ അനുഭവിക്കുന്നുണ്ടായിരുന്നു.

                            7

ശ്രാവണഗിരിക്ക് 2012-2013 വര്‍ഷത്തിലേക്ക് കോളേജ് മാഗസീന്‍ വേണ്ടായെന്ന് മാനേജ്മെന്റ് തീരുമാനിച്ചതോടെ ഹവ്വാമരണം നീലിമയുടെ ലാപ്ടോപില്‍ വിശ്രമമാരംഭിച്ചു.ഒരു വരി.സമര്‍പ്പണത്തിലെ ഒരൊറ്റ വരി...അത് മാത്രമായിരുന്നു പ്രശ്നം.കോളേജിലെ സര്‍വ്വാദരണീയനായ ഒരദ്ധ്യാപകനെ കരിവാരിത്തേച്ചിട്ട് കോളേജില്‍ നിന്ന്‍ തന്നെ ടിസി വാങ്ങിപ്പോയ ഒരു പെണ്‍കുട്ടിക്ക് മാഗസീന്‍ സമര്‍പ്പിച്ചതിലൂടെ മാഗസീന്‍ എഡിറ്റര്‍ എന്താണ് പുറംലോകത്തോട് എന്താണ് പറയാന്‍ ശ്രമിക്കുന്നത്?കോളേജിന്റെ അന്ത:സ്..പാരമ്പര്യം...!!!
ആ ഒരു വരി ഒഴിവാക്കുകയാണെങ്കില്‍ മാഗസീന്‍ പ്രസിദ്ധീകരിക്കാം എന്ന നിര്‍ദേശം പുച്ഛത്തോടെ പുറംതള്ളപ്പെട്ടു.ഹവ്വാമരണം ഒരു ലിറ്റില്‍ മാഗസീനായി പ്രസിദ്ധീകരിക്കാനുള്ള പരിശ്രമങ്ങളായിരുന്നു പിന്നീട്.ഫണ്ട് സമാഹരണം ഏതാണ്ട് പരിസമാപ്തിയിലെത്തിയ ദിവസമായിരുന്നു പ്രൊഫസര്‍ നീലിമയെ ഡിപ്പാര്‍ട്ട്മെന്റ്ലേക്ക് വിളിപ്പിച്ചത്.
അയാളുടെ ഒരു വിരല്‍ പോലും തന്നെ സ്പര്‍ശിച്ചിട്ടില്ല എന്ന ബോധ്യമുണ്ടായിട്ടും ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നിറങ്ങുമ്പോള്‍ താനൊരു ബലാത്സംഗത്തിന്റെ ശേഷിപ്പാണെന്ന് നീലിമയ്ക്ക് തോന്നിപ്പോയി.മനസ്സ് ശൂന്യമായിരുന്നു.ആ മനുഷ്യന്‍റെ വാക്കുകളുടെ പിത്തലാട്ടമൊഴിച്ചാല്‍..!! ഹവാമാരണം സമര്‍പ്പണത്തിലെ തിരുത്തലോടെ മാനേജ്മെന്റിന്റെ മുന്നിലേക്കിട്ടിട്ട് വിജിലിനു പോലും വിശദീകരണം നല്‍കാതെ നീലിമ ഓടുകയായിരുന്നു ബസ്സ്റ്റോപ്പിലേക്ക്.

                            8

റിമോട്ട് പിന്നെയും ചാനലുകളെ തിരഞ്ഞു.പിന്നെയും അനിതാമോഹന്‍ എന്ന്‍ കേള്‍ക്കേണ്ടി വന്നു അതിനൊന്ന് വിശ്രമിക്കാന്‍.ഇത്തവണ ന്യൂസ് ചാനലായിരുന്നു.എം പിക്കെതിരായ കേസില്‍ നിന്ന് അനിതാമോഹന്‍ പിന്‍വാങ്ങി എന്നത് വിളിച്ചു പറയുന്നുണ്ടായിരുന്നു.ന്യൂസ് കേള്‍ക്കാന്‍ അച്ഛനും അടുത്ത് വന്നിരുന്നു.
“ഇതിങ്ങനേ ആവോള്ളന്നറിയാരുന്നു.ഇന്‍കംടാക്സ്കാരെ കൊണ്ട് പിടിപ്പിക്കുമെന്ന്‍ കേട്ടാ വെരണ്ട് പോണ ധൈര്യമൊക്കെ ഇവര്‍ക്കൊക്കെയുള്ളൂ..boldest actress in the industry! ത്ഫൂ!!”
അച്ഛന്‍ തുപ്പിയത് അനിതാമോഹനെ ആണെന്ന് നീലിമയ്ക്ക് തോന്നിയില്ല. ഉമിനീര്‍ തുള്ളികള്‍ ഓരോന്നും തന്‍റെ ദേഹത്ത് വീണ് കുമിഞ്ഞ്‌ നാറുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു.ഓര്‍മ്മകള്‍ റീലുകളായി അവള്‍ക്ക് മുന്നില്‍ തെളിഞ്ഞു വന്നു.പ്രൊഫസറുടെ മുറി....മഞ്ഞപ്പലുകള്‍ പുറത്തേക്കു വിട്ട അസഭ്യവര്‍ഷങ്ങള്‍...തനിക്ക് മുമ്പ് ആ മനുഷ്യനു മുന്നില്‍ വിറങ്ങലടിച്ചു നിന്ന ഫസ്റ്റ് ഇയര്‍ പെണ്‍കുട്ടി..കിളിവഞ്ചൂര്‍ ബസിലെ യാത്രക്കാരിയായ സഹപാഠി...അവള്‍ മെഴുകുതിരിയുരുക്കിയ ഡല്‍ഹി പെണ്‍കുട്ടി..എല്ലാത്തിനുമൊടുവില്‍ ടിവിയില്‍ എംപിയോട് മാപ്പപേക്ഷിക്കുന്ന അനിതാമോഹന്‍.....
നീലിമയ്ക്ക് ഏത് ഇന്‍കംടാക്സ് ഉദ്യോഗസ്ഥനെയാണ് പേടിക്കാനുണ്ടായിരുന്നത്?അവളുടെ പേടിയുടെ അറ്റം എത്ര ചികഞ്ഞിട്ടും അവള്‍ക്ക് കണ്ടെത്താനായില്ല.പേടിക്കേണ്ടത് എന്തിനെയെന്നറിയാത്ത ഒരു പേടി!!
നീലിമ വിജിലിനെ വിളിച്ചു.അവര്‍ക്കൊരുപാട് സംസാരിക്കാനുണ്ടായിരുന്നു.മാഗസീന്‍ തിരിച്ചു പിടിക്കുന്നതിനെ പറ്റിയും സമര്‍പ്പണത്തോട് കൂടി അത് പ്രസിദ്ധീകരിക്കുന്നതിനെയും പറ്റി സംസാരിച്ചു നിര്‍ത്താന്‍ നേരം നീലിമ ഒന്ന്‍ കൂടി പറഞ്ഞു:
“വിജില്‍, നമ്മുടെ മാഗസീന്‍ ഇനി മുതല്‍ ഹവ്വാമരണം അല്ല ഹവ്വാജനനം ആണ്.”


“എന്ത്?”

“അതെ വിജില്‍. നമ്മുടെ മാഗസീന്‍ ഹവ്വാമരണമല്ല ഹവ്വാജനനംആണ്. വാരിയെല്ലുകള്‍ വലിച്ചൂരി സംഭവിക്കേണ്ട അനിവാര്യമായ ജനനം!”
കുത്തിക്കെടുത്തിയ ഫോണ്‍ ബാലന്‍സ് കാണിക്കാന്‍ വിറച്ചത് നീലിമയെ എന്തല്ലാമോയോ ഓര്‍മ്മിപ്പിച്ചു.












9 comments:

  1. നല്ല അവതരണം , നന്നായിട്ടുണ്ട് ഉണ്ണി മായ ഒരു പെണ്‍കുട്ടിയുടെ വീക്ഷണ കോണിലൂടെ പുരോഗമിക്കുന്ന കഥ എഴുതിയതും ഒരു പെണ്‍കുട്ടി തന്നെ ആകുമ്പോൾ ഇച്ചിരി ഫെമിനിസം ഞാൻ പ്രതീക്ഷിച്ചു അത് ഇതിലുണ്ട് പക്ഷെ അത് ഇപ്പോൾ കാണുന്ന സ്യുടോ ഫെമിനിസം അരച്ച് വച്ചതല്ല. നന്നായിട്ടുണ്ട് .ഇനിയും എഴുത്ത് തുടരുക ഭാവുകങ്ങൾ

    ReplyDelete
  2. അല്‍പം കൂടെ ശ്രദ്ധിച്ച് എഡിറ്റ് ചെയ്തിരുന്നെങ്കില്‍ കഥ മിന്നുമായിരുന്നു.. കഥയ്ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  3. വിളഞ്ഞില്ല.. ഉണ്ണിമാങ്ങയായി തന്നെ ഇരിക്കുന്നു..

    ReplyDelete
  4. എന്തു അഭിപ്രായം പറഞ്ഞാലും പുരുഷമേധാവിത്വ മനസ്സിലെ മാലിന്യങ്ങളുടെ ബഹിര്‍ഗ്ഗമനം എന്നു വ്യാഖ്യാനിക്കപ്പെടാം എന്ന്‍ ഉള്ളില്‍ ഭയമുണ്ട് .പുരുഷ മേധാവിത്വം മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് ഈ കഥയെ കഥയായി മാത്രം കണ്ടു കൊണ്ട് പറയട്ടെ .വായനക്കാരില്‍ ഈ കഥ യാതൊരു ചലനവും സൃഷ്ടിക്കുന്നില്ല .നായികയുടെ സ്വകാര്യ അനുഭവം പോലും ഒട്ടും തീവ്രതയില്ലാതെ ആണ് ചിത്രീകരിക്കപ്പെട്ടത് .സമകാലിക ജീവിതത്തില്‍ സര്‍വ്വ സാധാരണമായ ഒട്ടേറെ എലമെന്‍റ്സ് കഥയില്‍ അടങ്ങിയിരിക്കുന്നത് പത്രം വായിക്കുന്ന പ്രതീതി ഉണ്ടാക്കി .അവസാനത്തെ വരി ഒഴികെ വേറെ എവിടേയും ഉണ്ണിമാങ്ങയെ കാണാനും ആയില്ല

    ReplyDelete
  5. സിയാഫ് ഭായിയുടെ അഭിപ്രായം തന്നെ എനിക്കും. വൈകാരികത എഴുത്തുകാരിയെ കീഴ്പ്പെടുത്തിയതു പോലെ.

    ReplyDelete
  6. ഹവ്വാ ഇനി എന്നാവാം ഏദന്‍ തോട്ടത്തിന് പുറത്താക്കപ്പെടുക!

    ReplyDelete
  7. ഉണ്ണിമാങ്ങെ (ഛെ!!! ഈ ക്ലീഷേ മാറ്റി പിടിക്കാനും പറ്റുന്നില്ലല്ലോ) . . .ആ പോട്ടെ, സംഭവം എരിയുന്ന വിഷയമാണ്. വിഷയം മാത്രം എരിഞ്ഞാല്‍ ഡോക്യുമെന്റ്രിയും വിഷയം എരിഞ്ഞു പിടിച്ചു കല ആയി ആളി കത്തിയാല്‍ അത് മനോഹരമായ ചലച്ചിത്രവും ആവും. ഇവിടെ എരിഞ്ഞതെ ഉള്ളൂ. പുകയണം, കത്തേം വേണം . .കത്തിയാല്‍ കഥ ആവും. സ്ത്രീ വിരുദ്ധത, പുരുഷാധിപത്യം അടിപൊളി വിഷയല്ലേ . . .ഈ വിഷയത്തില്‍ ഇനീം കഥകള്‍ പോരട്ടെട്ടോ . .ഹൈദ്രാബാദ് ജീവിതം കുറച്ചു കൂടി അനുഭവങ്ങള്‍ കൊണ്ട് വരും, കഥയുടെ മൂര്‍ച്ച കൂട്ടും ഭാഷയുടെയും . . .ആശംസകള്‍

    ReplyDelete
  8. ഒരേ ഒരു സംശയം മാത്രം .... ഹവ്വയുടെ ജനനം വാരിയെല്ലുകള്‍ വലിച്ചൂരിയാണ്. പക്ഷേ ഹവ്വയുടെ നിലനില്‍പ്പ്‌ ആദമിനെ പാപക്കായ് തീറ്റിച്ചും ... പാപക്കറ ചൂണ്ടിക്കാണിച്ചല്ലല്ലോ ? അടിസ്ഥാനതത്വം ബലപ്പെടുത്താന്‍ ഒരുപാട് തെളിവുകളുടെ വിശദീകരണം ഒരു ഡോകു ഫീല്‍ ഉണ്ടാക്കുന്നു... കഥപറച്ചിലില്‍ ഭ്രാന്തന്‍ കള കാണുന്നു. എന്നാല്‍ ഭാഷ നന്ന്. !

    ReplyDelete