ഒരൈസീയൂ രാത്രിയുടെ ഓർമ്മയ്ക്ക്

ഓപ്പറേഷൻ തിയേറ്ററിലെ പൊടുന്നനേ തെളിഞ്ഞ ലൈറ്റുകളും ഊരിക്കൊണ്ടിരിക്കുന്ന കയ്യുറകളും എന്റെ ഏഴാമത്തെ ഓപ്പറേഷന്റെ അവസാനത്തെ സാക്ഷ്യപ്പെടുത്തി.ഓപ്പറേഷൻ വിജയിച്ചോ അതോ പഴയ പടിയോ? അനസ്തേഷ്യയുടെ ആലസ്യത്തിലും ആ ആകാംഷ എന്നിൽ വന്നു നിറഞ്ഞു.പതിവില്ലാത്തതാണു. പണ്ടൊന്നും ഇങ്ങനല്ലാരുന്നു.ഓപ്പറേഷനു മുമ്പ് സിസ്റ്ററാന്റി വന്ന് പച്ച ഗൌൺ അണിയിക്കുമ്പൊ ഒരുതരം പിക്നിക്കിനു പോകുന്ന ആവേശമായിരുന്നു.വായിച്ചു കൂട്ടിയ മന്ത്രവാദിക്കഥകളിലെ മാന്ത്രിക ദണ്ഡിന്റെ പരിവേഷം മാറി മാറി ചികിത്സിച്ച എല്ലാ ഡോകടർമാരുടേയും സ്കെതസ്കോപ്പിനു ഞാൻ ചുമ്മാ നൽകുമായിരുന്നു.ഓരോ ഓപ്പറേഷൻ കഴിയുമ്പോഴും രാജകുമാരനായി മാറിയ തവളയെപ്പോലെ എന്തെങ്കിലുമൊക്കെ അത്ഭുതങ്ങൾ നടക്കുമെന്ന് വെറുതേ ആശിക്കുമാരുന്നു.ഇപ്പൊ അങ്ങനല്ല ഞാൻ വളർന്നു; ഒരുപാട്. എന്റെ മംഗോളിയനെന്നോ ചൈനീസെന്നോ തിരിച്ചറിയാൻ പറ്റാത്ത മൂക്കിനെ ഭാരതീയവത്കരിക്കാനുള്ള എളിയ ശ്രമമാണീ ഓപ്പറേഷനെന്ന് തിരിച്ചറിയാറൊക്കെയായി...

അപ്പോഴേക്കും എന്റെ രഥം ഐസിയു എന്ന മൂന്നക്ഷരത്തിന്റെ  ഉള്ളിലേക്ക് പ്രവേശിച്ചു.
ഹപ്പൊ ഹിതാണൈസിയു! സിനിമകളിലെല്ലാം സകലമാന ജനങ്ങളും അവരുടെ ജാരസന്തതിയെപ്പറ്റി വെളിപ്പെടുത്തുന്ന പുണ്യസ്ഥലം.മുമ്പും കിടന്നിട്ടുണ്ട്.അന്നൊന്നും പക്ഷെ ബോധമില്ലാരുന്നു.ഇത്തവണ അനസ്തേഷ്യ പണി പറ്റിച്ചു.ഇവിടെ കിടന്നിട്ട് ഞാനെന്ത് ചെയ്യാനാ?ജാരസന്തതികളൊന്നുമില്ലാത്തത് കഷ്ടമായിപ്പോയി.ചിന്തകൾ കാടുകേറും മുമ്പ് രഥം ശയ്യയ്ക്ക് വഴിമാറി.പുതിയ പുതപ്പ്,പഞ്ഞി,ഗ്ലൂക്കോസ് കുപ്പി.പുതിയ നെഴ്സ് നീട്ടിയ കട്ടൻ ചായ ഏച്ചുകെട്ടുകൾക്കിടയിലൂടെങ്ങനോ ഉദരത്തിലേക്കുള്ള വഴി കണ്ടെത്തി.ഉദരത്തിലെത്തിയ കട്ടഞ്ചായയ്ക്ക് പുറത്തോട്ടു പോകാൻ വഴികാണിക്കൂന്നും പറഞ്ഞ് കളിക്കുടുക്കയിലെ ടിങ്കു മുയലിന്റെ ദൈന്യതയോടെ ഞാനിരുന്നപ്പൊ അതിനും നഴ്സാന്റി സൌകര്യമൊരുക്കി.ഇത്രേം ആയപ്പോഴേക്കും അമ്മ വന്നു.അത്രേം നേരോം അഭിനയിച്ച ധൈര്യവും അനുഭവിച്ച പ്രെഷറും അന്നേരമലിഞ്ഞുപോയി.ആ നിർവൃതിയിൽ അമ്മ പറഞ്ഞതൊന്നും കേട്ടില്ല.അനുവദിച്ച ഒരുമിനിട്ട് പൂർണ്ണമായും ഉപയോഗിച്ചിട്ട് മടങ്ങാൻ നേരത്ത് പന്ത്രണ്ട് മണിക്കൂറിവിടെ കിടന്നാ മതി അതു കഴിഞ്ഞാൽ വാർഡിലേക്കു പോകാമെന്നു പറഞ്ഞതൊഴികെ.നെഴ്സാന്റി പിന്നേം വന്ന് മുഖത്തു ചില ടച്ചപ്സൊക്കെ നടത്തി.എന്നിട്ട് റൂമിന്റെ വലത്തേയറ്റത്തെ കസേരയിൽ പോയിരുന്നുറങ്ങാൻ തുടങ്ങി.
ഈ മുറിയിൽ ഇപ്പൊ ബോധമുള്ളവളായിട്ട് ഞാൻ മാത്രമേ ഉള്ളല്ലോ എന്ന ഭയം എന്നെ കീഴ്പ്പെടുത്തുമ്മുമ്പ് എന്റെ ‘ഭാഷാന്തരത്തിലെ’ ദിനേശൻ കേട്ടമാതിരി ഒരു ഞരക്കം ഞാനും കേട്ടു.
“സിസ്റ്ററേ..സിസ്റ്ററേ..”
മൌനം.
ഇപ്പൊ ഞരക്കമില്ല കുറച്ചൂടെ തെളിവോടെ,
“സിസ്റ്ററേ...”
സിസ്റ്ററാന്റി ശബ്ദിച്ചു:
 “എന്താ സതീശേട്ടാ നിങ്ങക്കു വേണ്ടേ?ഇന്ന് രാവിലെ തൊട്ടെനിക്ക് മുടിഞ്ഞ പണിയാ ഇനി അരമണിക്കൂറൂടെ കഴിഞ്ഞാ വാർഡിൽ പോണം.ഒന്നു മയങ്ങിക്കോട്ടെ ഞാൻ”
മൌനം എന്ന ഇടവേളയ്ക്കു മുമ്പേ സതീശേട്ടൻ:
 “അല്ല എന്റെ വീട്ടുകാരൊക്കെ...”
“ഒന്നും അറിഞ്ഞില്ല അറിയുമ്പൊ പറയാം”.
 ആ സംഭാഷണം അവിടെ തീർന്നു. എന്റെ കട്ടിലിന്റെ വലതു ഭാഗത്ത് കർട്ടൻ കൊണ്ട് മറച്ച അതിരിന്റെ അപ്പുറത്ത് നിന്നാണീ അശരീരി വന്നതെന്ന് മനസ്സിലായി.ആരാ ഈ സതീശൻ? എന്താ അയാക്കു പറ്റിയെ തുടങ്ങിയ ചോദ്യങ്ങൾ തിരിച്ചും മറിച്ചും ചോദിച്ച് ഞാൻ അരമണിക്കൂർ തള്ളി നീക്കി.
 “സിസ്റ്ററു പോവാണോ?”
 “അതെ. അടുത്താളിപ്പൊ വരും”.
 “ഇന്നലെ വന്ന പയ്യനാണോ?”
 “ങ്ഹാ ഷാജറു തന്നാ”
 “ങ്ഹാ”.
 ആ “ങ്ഹാ”യിൽ പ്രതീക്ഷയുടെ  ധ്വനിയുണ്ടായിരുന്നു.
അധികം നേരം വേണ്ടി വന്നില്ല വലത്തേയറ്റത്തെ കസേരയ്ക്ക് പുതിയ അവകാശിയെ കിട്ടി. “മോനേ  ഷാജറേ”
 “എന്താ സതീശേട്ടാ”
 “ദെവസം രണ്ടായില്ലേടാ എന്താടാ എന്നെക്കാണാൻ ആരും വരാത്തെ?ഒരു കാലല്ലേ പോയുള്ളു അപ്പഴേക്കും അവർക്കെന്നെ വേണ്ടാതായോ?”

സതീശേട്ടന്റേയും ഷാജറിന്റേയും സമ്മതത്തോടു കൂടിമൌനം ഒരൻഞ്ചു മിനിട്ട് അവിടെ നിന്നു.ഇനിയും ആ മൌനം അവിടെ നിക്കുന്നത് ഷാജറിനും സതീശേട്ടനും എന്തിനു കേൾവിക്കാരിയായ എനിക്കുപോലും അസഹ്യമാണെന്നു മനസ്സിലാക്കിയ നെഴ്സേട്ടൻ ചോദിച്ചു:

“കാലെങ്ങനുണ്ട് വേദനയുണ്ടോ?”
 “ങ്ഹാ സംസാരിക്കുമ്പൊ അറിയത്തില്ല മിണ്ടാതിരിക്കുമ്പഴാ”
അവരുടെ തുടർ സംഭാഷണങ്ങളും കേൾക്കണമെന്നെനിക്കാഗ്രഹമുണ്ടായിരുന്നു പക്ഷെ ചില ശാരീരിക അസ്വാസ്ഥ്യങ്ങൽ അതിനു സമ്മതിച്ചില്ല.മൂക്കീന്നെന്തോ ഒരു ദ്രാവകം പുറത്തേക്കു വരുന്നു.നല്ല ഒഴുക്കിൽ തന്നെ. ആ സിസ്റ്ററാന്റി ഒണ്ടായിരുന്നേ ഒന്നു വിളിക്കാരുന്നു. ഇതിപ്പൊ...ഒരു പച്ച ഗൌൺ മാത്രേ വസ്ത്രമായിട്ടുള്ളൂന്ന സത്യം എന്നെ ആ നെഴ്സേട്ടനെ വിളിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. “ഐസിയുവിൽ പതിനാറുകാരിയെ പീഡിപ്പിച്ചു കൊന്നു” എന്നൊന്നും പറഞ്ഞ് നാളെ പത്രത്തിൽ വാർത്ത വരരുതല്ലോ.
സമയം ഇഴഞ്ഞു നീങ്ങുന്നു.ദ്രാവകത്തിന്റെ ഒഴുക്കൊട്ടു നിക്കുന്നുമില്ല.ഗൌൺ വരെ നനഞ്ഞിരിക്കുന്നു ഇനീം മിണ്ടാതിരിക്കുന്നതു ശെരിയല്ല പീഡിപ്പിക്കുന്നെ പീഡിപ്പിക്കട്ടെ. ഞരങ്ങി ഞരങ്ങി ചില മൂളലുകളൊക്കെ പുറപ്പെടുവിച്ച് ഞാൻ നെഴ്സേട്ടനെ വിളിച്ചു.
“അള്ളോ ഈ കുട്ടി”!
നഴ്സേട്ടൻ കുറച്ച് പഞ്ഞിയെടുത്ത് ആ ദ്രാവകം തുടയ്ക്കാൻ തുടങ്ങി.വേസ്റ്റ് ബാസ്ക്കറ്റിൽ ഏന്തിവലിഞ്ഞു നോക്കിയപ്പൊ ഞെട്ടിപ്പോയി ആ പഞ്ഞികളിൽ ചോര! പേടിച്ച് പണ്ടാരടങ്ങി നെഴ്സേട്ടനെ നോക്കി. നെഴ്സേട്ടൻ പറഞ്ഞു :
 “ഈ സർജറി കഴിയുമ്പൊ മൂക്കീന്ന് ബ്ലഡ് വരുന്നത്  പതിവാ . മോളെന്താ നേരത്തേ വിളിക്കാത്തെ? ഇനി വരുമ്പൊ ഉടനേ പറയണേ”
ദൈവമേ എന്തൊരു വൃത്തികെട്ട ഞാൻ! എന്തല്ലാമാ ഈ മനുഷ്യനെപ്പറ്റി ചിന്തിച്ചു കൂട്ടിയെ! ഛെ!

നെഴ്സേട്ടൻ വീണ്ടും സതീശേട്ടന്റെ അടുത്തേക്കു പോയി. സതീശേട്ടൻ തിരക്കി.
 “ആരാ ഷാജറേ അപ്രത്ത്”?
 “ഒരു പെൺകുട്ടിയാ പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് കെടക്കാ”
“എന്തെങ്കിലുമൊക്കെ മിണ്ടാൻ പറ അതിനോട്”
 “മിണ്ടാൻ പറ്റില്ല നോസ് കറക്ഷനാ”
 “എന്നുവെച്ചാ?”
 “അതിപ്പൊ...മൂക്കൊന്ന് പൊക്കാനായിട്ട് ചെയ്തതാ ഈ ക്ലെഫ്റ്റിന്റെ,നമ്മളു മുച്ചുണ്ടെന്നു പറയില്ലേ അതിന്റെ സർജറീടെ ഭാഗായിട്ട്”
 “മുച്ചുണ്ടോ?ആമ്പിള്ളാരു വല്ലോം ആരുന്നേ മീശ വെച്ച് അഡ്ജസ്റ്റ് ചെയ്യാരുന്നു ഇതിപ്പൊ പെങ്കുട്ടിയാല്ലേ കഷ്ടായിപ്പോയി”

എനിക്കങ്ങേരോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.അന്നു പിന്നെ ഞാ‍ൻ ഒരു സ്ഥിരം ബസ് യാത്രിക ആയിട്ടില്ലാത്തതിനാലും യൂടൂബിൽ സിത്സില അപ്ലോഡ് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാലും എന്റെ തെറി  ശേഖരം  നന്നെ ശുഷ്കമായിരുന്നു. ഞാനയാളെ ‘പൊണ്ണത്തടിയാ’ന്ന് മനസ്സിൽ വിളിച്ച് സമാധാനിച്ചു. ഒന്നമാന്തിച്ചു  നിന്നെങ്കിലും നെഴ്സേട്ടൻ പെട്ടന്നിടപെട്ടു:
 “സതീശേട്ടാ ആ കുട്ടിക്ക് കേക്കാം”
മൌനം പതിവുപോലെ വരവറിയിച്ചു. സതീശേട്ടൻ പിന്നെപ്പറഞ്ഞു, കുറച്ചുച്ചത്തിൽ :

“ഷാജറിനറിയാമോ ഇങ്ങനുള്ളോർക്ക് ഭയങ്കര ബുദ്ദിയാ. ഞങ്ങടെ നാട്ടിലൊരു  വിഷ്ണുദാസുണ്ടാരുന്നു ഇതുപോലെ.എന്നിട്ടെന്താ,നാട്ടിലാദ്യായിട്ട് പി എസ് സി വഴി സെക്രട്ടറിയേറ്റിൽ ജോലി കിട്ടിയതവനാ.ഇങ്ങനുള്ളോർക്ക് ദൈവം അറിഞ്ഞ് ബുദ്ദി കൊടുക്കും”
 കളിയാക്കലും കുറ്റപ്പെടുത്തലും പിന്നേം സഹിക്കാം അതൊക്കെ കേക്കുമ്പൊ ദേഷ്യോം സങ്കടോം മാത്രേ തോന്നൂ.സഹതാപം പക്ഷെ അങ്ങനല്ല മേൽ‌പ്പടി സാധനങ്ങൾക്കു പുറമേ അവനവനോടൊരു പുച്ഛം കൂടി ബോണസായിട്ട് ലഭിക്കും. അവരുടെ സംഭാഷണം പിന്നേം തുടർന്നു.ഷാജറിനു ഗൾഫിലേക്ക് കിട്ടിയ വിസ, സതീശേട്ടന്റെ മൂത്ത മോളെ ആലോചിച്ചു വെച്ചിരിക്കുന്ന ചെക്കൻ,അങ്ങനങ്ങനെ..ഞാൻ മന:പ്പൂർവ്വം എന്റെ കാതുകളെ കൊട്ടിയടച്ച് ഉറങ്ങാൻ കിടന്നു.
നേരം പോയതറിഞ്ഞില്ല ഉണർന്നപ്പൊ കണ്ടത് എന്നെ വൃത്തിയാക്കുന്ന ഇന്നലത്തെ നെഴ്സാന്റിയെയാണു .സംഭാഷണങ്ങളൊന്നുമുണ്ടായില്ല രഥം വന്നു. ഞാൻ വാർഡിൽ തിരിച്ചെത്തി.ഡോക്ടർ മാരുടെ പരിശൊധന,ഭക്ഷണം,ഓപ്പറേഷന്റെ റിസൾട്ടിനെപ്പറ്റിയുള്ള അമ്മേടേം അച്ഛന്റേം ശുഭാപ്തി വിശ്വാസ പ്രവചനങ്ങൾ..എല്ലാം കഴിഞ്ഞ് ‘ഡെത്ത്ലി ഹാലോസും’ കയ്യിലെടുത്ത് ബെഡ്ഡിൽ കിടക്കുമ്പൊ അച്ഛൻ അമ്മയോടൊരു ന്യൂസ് പറയുന്ന കേട്ടു:
 “ എടീ ഞാനിന്നലെ പറഞ്ഞില്ലേ മെനിഞ്ഞാന്ന് വൈറ്റിലേ നടന്ന ആക്സിഡന്റ്,ആ സ്ത്രീയുടേം മക്കടേം പോസ്റ്റ്മാട്ടം കഴിഞ്ഞ് ബോഡി നാട്ടിലു കൊണ്ടുപോയി.തന്ത ഇപ്പഴും ഐസിയൂവിൽ കിടക്കുവാ ആരും ഇതുവരെ അറിയിച്ചിട്ടില്ലാത്രേ”
‘ഡെത്ത്ലി ഹാലോസ്’ നിലം തൊട്ടു.മനസ്സിനാകെയൊരു ഭാരം. ഒരഞ്ചു മിനിട്ട് മുമ്പു വരെയെങ്കിലും ഞാൻ ദേഷ്യത്തോടെ മാത്രം ഓർത്തിരുന്ന ശബ്ദം.ആ ശബ്ദത്തിന്റെ ഉടമയോടിപ്പം ഉൾനിറഞ്ഞ സഹതാപം മാത്രം.അതെ സഹതാപം.ഉപഭോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ കണക്കിലെടുക്കാതെ നമ്മൾ വാരിക്കോരിക്കൊടുക്കുന്ന സാധനം. എന്തു ചെയ്യാം സതീശേട്ടാ നമ്മളൊക്കെ മനുഷ്യരായിപ്പോയില്ലേ,കേവലരായ മനുഷ്യർ!!



15 comments:

  1. കൊറേ കാലത്തിനു ശേഷം വന്നതാണ് ഈ പോസ്റ്റ്‌ എങ്കിലും നല്ല സ്റ്റൈലന്‍ അവതരണം ...

    "ഉദരത്തിലെത്തിയ കട്ടഞ്ചായയ്ക്ക് പുറത്തോട്ടു പോകാൻ വഴികാണിക്കൂന്നും പറഞ്ഞ് കളിക്കുടുക്കയിലെ ടിങ്കു മുയലിന്റെ ദൈന്യതയോടെ ഞാനിരുന്നപ്പൊ അതിനും നഴ്സാന്റി സൌകര്യമൊരുക്കി."

    ഹ ഹ ഇങ്ങനനോര് വാചകം ഞാനരും എഴുതികണ്ടിട്ടില്ല ..ഉണ്ണിമായ റോക്സ് ...

    ReplyDelete
  2. @കുമാരേട്ടൻ- ഹിഹി ടാങ്കു :)

    ReplyDelete
  3. കൊള്ളാം, കേട്ടോ..

    ReplyDelete
  4. @satheesh നന്ദി ആദ്യ വരവിനു :)

    ReplyDelete
  5. ഉണ്ണിമാങ്ങയെന്താ നേഴ്സാണോ?
    ആശുപത്രീ അവതരണങ്ങളൊക്കെ കിറു കൃത്യം.

    ഉണ്ണിമാങ്ങേടെ ഈ പോസ്റ്റ്, ഉപ്പും കൂട്ടി ഉണ്ണിമാങ്ങാ കഴിച്ചതു പോലൊരു ഫീൽ തന്നു....

    ReplyDelete
  6. @റിജോ കഥയല്ലിത് ജീവിതം :)

    ReplyDelete
  7. കിടു മാങ്ങേ.. ഞാന്‍ ഒരു ആശുപത്രി പോസ്റ്റ്‌ എഴുതി പോസ്റ്റാന്‍ വചെക്കുവാരുന്നു. അത് നീ തകര്‍ത്തു. ഹും. പക്ഷെ ഇങ്ങനൊന്നും എഴുതാന്‍ നിക്കാവൂല.. നീ സംഭവം തന്നെ.

    ReplyDelete
  8. ഇതിനു മുൻപത്തെ കഥ വായിച്ചതിനുശേഷം ഇടയ്ക്കിടെ വന്നു നോക്കാറുണ്ടായിരുന്നു. ഇത്തവണ കണ്ടില്ലെങ്കിൽ ഒന്നു മെയിൽ ചെയ്യണമെന്നും കരുതി.

    നിരാശപ്പെടുത്തിയില്ല.

    ഇത് ഒന്നുരണ്ടിടത്ത് ഷെയർ ചെയ്യുന്നതിൽ വിരോധമുണ്ടാകില്ലെന്ന് കരുതുന്നു..

    കമന്റ് വെരിഫിക്കേഷൻ മാറ്റിയാൽ ഉപകാരമായി..

    ReplyDelete
  9. സ്വതസിദ്ധമായ നർമ്മത്തിലിണക്കി തെളിഞ്ഞ ഭാഷയിലൂടെ കഥ പറഞ്ഞിരിക്കുന്നു. കഥയ്ക്ക് പുതു ഭാഷ നൽകുന്ന ചില വരികൾ അവിടവിടെ കാണുകയും ചെയ്തു. ആശംസകൾ...

    ReplyDelete
  10. കൊള്ളാലോ ഉണ്ണിമാങ്ങ.നല്ല പുളിപ്പ് ,ലേശം ഉപ്പും കൂട്ടി ഒന്ന് കടിച്ചു ..ആഹാ ,,അഭിനന്ദനങ്ങള്‍

    ReplyDelete
  11. ഉണ്ണിമായ കഥ ഇഷ്ടപ്പെട്ടു.ഇനിയും വരാം
    ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ശല്യം ചെയ്യുന്നു

    ReplyDelete
  12. കഥയുണ്ട് ഉണ്ണിമായയുടെ ഉള്ളില്‍. അക്ഷരതെറ്റുകള്‍ തിരുത്തിയാല്‍ കൂടുതല്‍ മിഴിവേകും. കഥ നന്നായി തന്നെ അവതരിപ്പിച്ചു.

    ReplyDelete
  13. ‘പൊണ്ണത്തടിയാ’ന്ന് മനസ്സിൽ വിളിച്ചതു ഇപ്പൊ സഹതാപം ആയി ല്ലേ ..സഹതാപം ആയത് കൊണ്ട് പൊട്ടു ട്ടോ ...കഥ കൊള്ളാം ട്ടോ ..!!

    ReplyDelete
  14. സത്യത്തില്‍ മുച്ചുണ്ടുണ്ടോ?

    ReplyDelete
  15. ബൂലോഗത്ത് ചുറ്റിനടക്കുമ്പോള്‍ ഇങ്ങിനെ മുത്തുപോലുള്ള ഓരോ കഥകള്‍ വായിക്കാന്‍ കിട്ടും. താങ്ക്സ്

    ReplyDelete